ജപ്പാനിലെ ഭക്ഷണപ്രേമികൾക്കിടയിൽ ആവിപറക്കുന്ന സംസാരവിഷയമാണ് ‘ഹോട്ടൽ ചിറക്കര’. പ്രൊപ്രൈറ്റർമാർ: യോകോ തൊമിതോ, ഹിരോയുകി ഒകാദ. ഞെട്ടണ്ടാ. രണ്ടു വർഷം മുൻപ് മലബാറി പാചകം പഠിക്കാൻ കേരളത്തിലെത്തിയിരുന്നു ഇവർ. തിരിച്ചു ജപ്പാനിലെത്തിയ ഉടൻതന്നെ ഒരു മലയാളി ഹോട്ടലിനു ബോർഡു തൂക്കിക്കളഞ്ഞു ചങ്ങാതിമാർ. നല്ല അസ്സൽ മലയാളി ഭക്ഷണമാണ് ഇവിരിവിടെ വിളമ്പുന്നത്. വിത്ത് ലൗ ഫ്രം ജപ്പാൻ യൂട്യൂബ് വ്ലോഗർ ജെല്ലൊ ടി. കെയാണ് ‘ഹോട്ടൽ ചിറക്കര’ വിഡിയോ പങ്കുവച്ചത്.

ചിറക്കര എന്ന് ഹോട്ടലിനു പേരു വരാൻ കാരണം ഒരു മലയാളിയാണ്. കേരളത്തിലെ ചിറക്കരയിലുള്ള ഷംസുദ്ദീനാണ് ആ മലയാളി. ജപ്പാനിൽ താമസിക്കുന്ന ഷംസുദ്ദീനെ പരിചയപ്പെട്ടതിനുശേഷം അദ്ദേഹത്തോടും കേരളത്തോടും തോന്നിയ ഇഷ്ടം കാരണമാണ് യോകോ തൊമിതോയും ഹിരോയുകി ഒകാദയും കേരളത്തിലേക്കു വന്നത്. കേരളത്തിൽ, ഷംസുദ്ദിന്റെ അമ്മയിൽ നിന്നാണ് ഇവർ കേരളാ പാചകമൊക്കെ പഠിച്ചതും. അതിന്റെ ഓർമയ്ക്കാണ് ഇവർ ഹോട്ടലിന് ചിറക്കര എന്നു പേരിട്ടത്.

അതു കൂടാതെ ബെംഗളൂരുവിൽ ഷംസുദ്ദീന്റെ ജ്യേഷ്ഠന്റെ ഹോട്ടലി‍ൽ ജോലി ചെയ്തു കുറച്ചു വിഭവങ്ങൾ കൂടി പഠിച്ചു. കൂടാതെ പാലക്കാട്ടും ജോലി ചെയ്തു. അങ്ങനെ കഷ്ടപ്പെട്ടു പഠിച്ചതു കൊണ്ട് നമ്മുടെ വിഭവങ്ങളൊക്കെ അവർ നന്നായി പാചകം ചെയ്യുന്നു. പത്തു കൊല്ലത്തോളമായി ഷംസുദ്ദീൻ ജപ്പാനിലുണ്ട്. തൊമിതോയും ഒകാദയും രണ്ടു വർഷം കൂടുമ്പോൾ കേരളം സന്ദർശിക്കാറുണ്ട്. കഴിഞ്ഞ തവണ തൃശൂരിൽവന്ന് പുലിക്കളി കണ്ടിരുന്നു. സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ ഈ നവംബറിൽ പാലക്കാട്ടു വരുന്നുണ്ട് അപ്പോൾ തൃശൂരിൽ പോയി പോത്തിറച്ചി പാകം ചെയ്യുന്നത് പഠിക്കാൻ പ്ലാനുണ്ട്.

ജപ്പാനിലുള്ള മലയാളികൾക്ക് ഈ ഹോട്ടലിൽ എത്തിയാൽ ജപ്പാൻകാർ വയ്ക്കുന്ന നമ്മുടെ സ്വന്തം ഭക്ഷണം കഴിക്കാം. ടേസ്റ്റിനൊന്നും ഒരു വ്യത്യാസവുമില്ല.

സംസാരത്തിനിടയിൽ യോകോ തൊമിതോ പോയി ഒരു മലയാള മനോരമ ന്യൂസ് പേപ്പർ കൊണ്ടു വന്നു. അതിൽ ഇവരെക്കുറിച്ചുള്ള ഒരു ന്യൂസ് വന്നിരുന്നത് അവര്‍ സൂക്ഷിച്ച് വച്ചിരിക്കുന്നു.

ഭക്ഷണത്തിലേക്ക്...
ആദ്യം ഓർഡർ ചെയ്ത് ഒരു ചായ ആണ്. നല്ല ഒന്നാന്തരം കടുപ്പത്തിൽ നല്ല ചൂടുചായ തന്ന് ആദ്യമേ അവർ ഞങ്ങളെ ഞെട്ടിച്ചു. പിന്നെ ഇവിടെ കിട്ടുന്ന പ്രധാന വിഭവങ്ങളിൽ ഒന്ന് താലി മീൽസ് ആണ്. ശുദ്ധ വെജിറ്റേറിയൻ ഊണ്. ചോറിനൊപ്പം സാമ്പാർ, ഓലൻ, വെണ്ടയ്ക്ക പച്ചടി, മിക്സഡ് വെജിറ്റബിൾ കറി, രസം, കാബേജ് തോരൻ, കാരറ്റ് തോരൻ, ചീരത്തോരൻ, നല്ല മാങ്ങ അച്ചാർ, പപ്പടം പിന്നെ മധുരത്തിന് റവ ലഡു. കേരള സ്റ്റൈലിൽ നല്ല എരിവു ചേർത്താണ് ഊണ്. ഇതെല്ലാം ഇവർ തന്നെ തയാറാക്കിയതാണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

അടുത്തത് ചിക്കൻ ബിരിയാണി. സൈഡ് ഡിഷായി ചള്ളാസും ചിക്കൻ കറിയുമൊക്കെയുണ്ട്. അച്ചാർ മാത്രം ഇല്ല. കഴിക്കാനായി ചെറിയൊരു വാഴയിലയും തന്നിട്ടുണ്ട്. ബിരിയാണിയും കഴിച്ചു. നല്ല ചൂടുള്ള, രുചിയുള്ള നല്ല അസ്സൽ ബിരിയാണി. ജപ്പാനിലെ ഇന്ത്യൻ റസ്റ്ററന്റുകളിൽ സാധാരണ കിട്ടുന്ന, വെറുതെ മസാലയിട്ട ബിരിയാണിയല്ലിത്. ആവശ്യത്തിനു മസാലയൊക്കെ ഇട്ട് രുചിയുള്ള ബിരിയാണി. ഇനി നമ്മൾ ഞെട്ടിപ്പോകുന്ന ഒരു വിഭവം ഉണ്ട് – ബോട്ടിക്കറി. മട്ടന്റെ കുടലെന്നാണു പറഞ്ഞത്. കുറച്ച് വേവ് കുറഞ്ഞതാണെങ്കിലും മസാലയൊക്കെ ചേർന്ന സൂപ്പർ രുചിയാണ്. നമ്മൾ നാട്ടിൽ കഴിക്കുന്ന അതേ കുരുമുളകിന്റെ രുചി.

ഭക്ഷണശാലയിൽ കേരളത്തിലുള്ള പതിമുഖം, ദാഹശമനി, ചിരട്ട, ഏലയ്ക്ക, കടുക്, ജീരകം തുടങ്ങിയവ ചെറിയ പായ്ക്കറ്റിൽ വില്പനയ്ക്കായി വച്ചിരിക്കുന്നു. പിന്നെ നാട്ടിൽ കിട്ടുന്ന ചിലതരം പാത്രങ്ങൾ. കൂടാതെ രജനികാന്തിന്റെയും മീനയുടെ ചിത്രങ്ങൾ. പിന്നെ ഉള്ളത് ശ്രീരാമന്റെയും സീതയുടെയും ഹനുമാന്റെയും ഒക്കെ ചിത്രങ്ങളുള്ള ഒരു പടമാണ്. ഇതൊക്കെ ഒരു ജപ്പാൻകാരന്റെ ഹോട്ടലിൽ ആണെന്നുള്ളതാണ് രസം. ഈ ഹോട്ടൽ എന്തുകൊണ്ടും ഒരു പ്രവാസി മലയാളിയുടെ മനസ്സിനെ കുളിർപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല!.

English Summary: Hotel Chirakkara in Japan