കഷണം ദുഃഖമാണുണ്ണി ചാറല്ലോ സുഖപ്രദം–  പച്ചക്കറി വില റോക്കറ്റുപോലെ കുതിച്ചുയരുമ്പോൾ പാചകക്കാര്യം ഏതാണ്ട് ഇങ്ങനെയായി.   കട്ടപ്പനയിൽ ദിവസങ്ങളുടെ വ്യത്യാസത്തിലാണ് പച്ചക്കറികൾക്ക് പത്തും ഇരുപതും രൂപ  കൂടുന്നത്. 

പല പച്ചക്കറികളുടെയും വിലയിൽ വൻ കുതിപ്പ് ഉണ്ടായതോടെ കുടുംബ ബജറ്റുകൾ താളം തെറ്റും. അന്യസംസ്ഥാനങ്ങളിലെ പച്ചക്കറി ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. 

അവിയലിനെ കാണാനില്ല 

പച്ചക്കറികളുടെ വില 40 മുതൽ 180 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. കിലോഗ്രാമിന് 40 രൂപയിൽ താഴെ ഒരിനം പച്ചക്കറി പോലും ലഭിക്കില്ലെന്ന സ്ഥിതിയായി. സവാള, ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, മുരിങ്ങയ്ക്ക, വെളുത്തുള്ളി തുടങ്ങിയവയുടെ വിലയാണ് കുതിച്ചുയർന്നിരിക്കുന്നത്. 2 ആഴ്ചയ്ക്ക് ഇടയിലാണ് വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. 

സവാള, ഉള്ളി എന്നിവയുടെ വിലയിൽ വൻ കുതിപ്പാണ്. ഉള്ളിക്ക് 40 രൂപയും, സവാളയ്ക്ക് 50 രൂപയുമാണ് വർധിച്ചത്. ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ വിലയിൽ 20 രൂപയുടെയും വർധനവാണ് ഏതാനും ദിവസങ്ങൾക്ക് ഇടയിൽ ഉണ്ടായത്.

മുരിങ്ങയ്ക്ക വില 100 രൂപയോളമാണ് വർധിച്ചത്. വെളുത്തുള്ളി വില 25 മുതൽ 30 രൂപ വരെ ഉയർന്നു. ഇതോടെ ഊണുമേശയിൽനിന്ന് സാമ്പാറും അവിയലുമെല്ലാം ഉൾവലിയുകയാണ്. 

തൊട്ടുകൂട്ടാൻ എങ്കിലും കൃഷി വേണം

തമിഴ്‌നാട്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഹൈറേഞ്ചിലേക്ക് പച്ചക്കറി എത്തുന്നത്. അവിടെ ഓരോ ദിവസവും ഉൽപന്നത്തിനു വില ഉയരുന്ന സാഹചര്യമാണെന്ന് കച്ചവടക്കാർ. ആവശ്യത്തിന് ഉൽപന്നം വിപണിയിലേക്ക് എത്തുന്നില്ലെന്നാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നു ലഭിക്കുന്ന വിവരമെന്നാണ് കച്ചവടക്കാർ പറയുന്നത്.  

 കട്ടപ്പന മാർക്കറ്റിലെ ഇന്നലത്തെ  പച്ചക്കറി വില

  • വെളുത്തുള്ളി-180
  • മുരിങ്ങയ്ക്ക-160
  • ഉള്ളി-80
  • സവാള-80
  • ഉരുളക്കിഴങ്ങ്-40
  • തക്കാളി പഴം-50
  • തക്കാളി പച്ച-40
  • ഇഞ്ചി-100
  • പച്ചമുളക്-60
  • പയർ-50
  • പാവയ്ക്ക-50
  • ബീൻസ്-50
  • വഴുതന-50
  • കത്രിക്ക-40
  • കോളിഫ്‌ളവർ-60
  • കാബേജ്-40
  • ബീറ്റ്‌റൂട്ട്-40
  • കാരറ്റ്-50
  • വെണ്ടയ്ക്ക-60
  • പടവലങ്ങ-40
  • മത്തങ്ങ-40
  • ചേന-40
  • അച്ചിങ്ങ-80
  • കൂർക്ക-80
  • വെള്ളരി-40
  • പച്ച ഏത്തയ്ക്ക -45
  • ഏത്തപ്പഴം-50
  • കോവയ്ക്ക-50
  • കുമ്പളങ്ങ-40
  • പച്ച പാവയ്ക്ക-50
  • മല്ലിയില-100
  • കറിവേപ്പില-40
  • മാങ്ങ-70
  • ക്യാപ്‌സിക്കം-60
  • അമരപ്പയർ-50
  • കുക്കുമ്പർ-40
  • നാരങ്ങ-80
  • ചീനിക്കിഴങ്ങ്-40