ചേമ്പില കൊണ്ടുള്ള പത്രവട, മത്തൻ തൊണ്ടു തോരൻ, പപ്പായ സൂപ്പ്, മധുരക്കിഴങ്ങട, അവൽ വിളയിച്ചത് എന്നു വേണ്ട, തൊട്ടാൽ ചൊറിയുന്ന ചൊറിയണത്തിന്റെ ഇല കൊണ്ടുപോലും രുചികരമായ തോരൻ ഉണ്ടാക്കാമെന്നു തെളിയിച്ചു വിദ്യാർഥികൾ. 

 എറണാകുളം ഗവ. ഗേൾസ് യുപി സ്കൂളിലെ പുതിയ ഭക്ഷണ ശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു  വിദ്യാർഥികൾ നടത്തിയ നാടൻ ഭക്ഷണമേളയാണു രുചികളുടെ ഉത്സവമായത്.  

  കാനറ ബാങ്കിന്റെ സഹകരണത്തോടെ നിർമിച്ച ഭക്ഷണ ശാലയുടെ ഉദ്ഘാടനം കാനറ ബാങ്ക് ചെയർമാൻ എൻ.സി. മനോഹരൻ നിർവഹിച്ചു.  

വിവിധ തരം ജ്യൂസുകൾ, വിവിധ തരംതോരനുകൾ, കിഴങ്ങു ചീരയട, അച്ചാറുകൾ, പലഹാരങ്ങൾ, കിഴങ്ങു വിഭവങ്ങൾ തുടങ്ങി അഞ്ഞൂറോളം വിഭവങ്ങളാണു വിദ്യാർഥികൾ തയാറാക്കിയത്. ഇതേ വിഭവങ്ങൾ ഉപയോഗിച്ചുള്ള സമൂഹസദ്യയും തുടർന്നു നടന്നു. ഹെഡ്മാസ്റ്റർ ടി.വി. പീറ്റർ, പിടിഎ പ്രസിഡന്റ് ഡോ. സുമി ജോയി ഓലിയപ്പുറം, പിടിഎ വൈസ് പ്രസിഡന്റ്, കെ.വി. ഷീബൻ, എസ്എംസി ചെയർമാൻ സി.എം. സുനീർ, മദർ പിടിഎ പ്രസിഡന്റ് പ്രിയ ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.