ഒരു നാടൻ വാഴ കൊണ്ട് നമുക്ക് എന്തൊക്കെ വിഭവങ്ങൾ പാചകം ചെയ്യാൻ കഴിയും ...? രണ്ടോ മൂന്നോ വിഭവങ്ങൾ എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് തെറ്റി . 41 വിഭവങ്ങൾ ഉണ്ടാക്കാമെന്നും ഇത് എങ്ങനെ പാചകം ചെയ്യാമെന്നും തെളിയിച്ചു കാണിക്കുകയാണ് കടുത്തുരുത്തി മുട്ടുചിറ സെന്റ് ആഗ്‌നസ് ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾ. ജങ്ക് ഫുഡ് സംസ്കാരത്തിന് ബദലായാണ് ആരോഗ്യ ദായകവും കീടനാശിനി വിമുക്തവുമായ നാൽപ്പത്തൊന്നോളം നാടൻ വാഴ വിഭവങ്ങൾ ഒരുക്കി കാട്ടി മുട്ടുചിറ സെന്റ് ആഗ്‌നസ് ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾ വിസ്മയമായത്.വാഴ വിഭവ ഉത്സവം എന്ന പേരിലാണ് വിദ്യാർഥിനികൾ വാഴപ്പിണ്ടിയും ,വാഴച്ചുണ്ടും പഴവും, കായകളും ഉപയോഗിച്ച് 41 വിഭവങ്ങൾ തയാറാക്കിയത്. പഴം പ്രഥമൻ മുതൽ കട്ലറ്റ് വരെ കുട്ടികൾ പാചകം ചെയ്തു. പാൻ കേക്ക്, വാഴപ്പിണ്ടി ജൂസ്, ബനാന റോൾ, അച്ചാറുകൾ , ലഡു തുടങ്ങിയ വിഭവങ്ങൾ കൗതുകമായി. വാഴ കൊണ്ട് ഇത്രയേറെ വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നത് സ്കൂളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും വാഴ വിഭവ പ്രദർശനം കാണാൻ എത്തിയവർക്കും പുത്തൻ അനുഭവമായി. കുട്ടികൾ വീടുകളിൽ പാചകം ചെയ്ത് സ്കൂളുകളിൽ വിഭവങ്ങൾ എത്തിക്കുകയായിരുന്നില്ല.

സ്കൂളിൽ എത്തിയശേഷം കുട്ടികൾ കൂട്ടായി വാഴ വിഭവങ്ങൾ പാചകം ചെയ്യുകയായിരുന്നു. വാഴ വിഭവങ്ങൾ പാചകം ചെയ്യുന്ന വിധവും കുട്ടികൾ പ്രദർശനത്തിൽ വിവരിച്ചു. പുതു തലമുറയിലെ കുട്ടികളും രക്ഷിതാക്കളും ജങ്ക് ഫുഡ് സംസ്കാരത്തിലേക്കു തിരിയുന്നതിന് ബദലായാണ് മുട്ടുചിറ സെന്റ് ആഗ്‌നസ് ഗേൾസ് സ്കൂളിൽ വാഴ വിഭവ ഉത്സവം സംഘടിപ്പിച്ചതെന്ന് വിദ്യാർഥിനികൾ പറഞ്ഞു. സ്കൂൾ പ്രധാന അധ്യാപിക സി. അനിജ മരിയ, ബി ആർ സി കോ –ഓർഡിനേറ്റർ സോജാ എസ് നായർ, സിസ്റ്റർ ജോസിലിൻ എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.

English Summery : 41 Food Products from Banana Tree