ഭസ്‌മം മണക്കുന്ന പ്രഭാതങ്ങൾ. മഞ്ഞിൻതണുപ്പാർന്ന വെള്ളത്തിൽ മുങ്ങിനിവർന്ന് കർപ്പൂരം തെളിച്ച് ശരണം വിളിക്കുമ്പോൾ ചിൻമുദ്ര പൂക്കുന്നത് മനസിലാണ്. മണ്ണിലമരുന്ന നഗ്നപാദങ്ങൾ. കാടുംമേടും കടന്ന് കല്ലുംമുള്ളും താണ്ടിയുള്ള കാനന യാത്രയ്‌ക്ക് മെയ്യും മനവും ഒരുപോലെ പ്രാപ്‌തമാവുന്ന വ്രതം. മണ്ഡലകാലത്ത് ഭക്ഷണക്രമത്തിലുമുണ്ട് ഏറെ പ്രത്യേകതകൾ....

രുചിലഹരികളെ അടക്കി വ്രതയാത്ര

സാത്വിക ഭക്ഷണം വ്രതശുദ്ധിയോടെ മാത്രമേ കഴിക്കാവൂ എന്നതാണ് മണ്ഡലവ്രതത്തിന്റെ പ്രത്യേകത. ആഹാരം നിയന്ത്രിച്ച് ശരീരം ലളിതമാക്കി കഠിനമായ മലയകയറ്റം സുഗമമാക്കി മാറ്റാനായിരിക്കും ഒരുപക്ഷേ, ഈ നിബന്ധനകൾ വച്ചിരിക്കുക.

കുളിച്ചു ഭസ്‌മം ധരിച്ച് ശരണം വിളിച്ച ശേഷം മാത്രമാണ് പ്രഭാത ഭക്ഷണം കഴിക്കുക. ഒരു നേരം മാത്രമേ അരിഭക്ഷണം കഴിക്കാവൂ. ശുദ്ധാന്നമേ കഴിക്കാവൂ. മൽസ്യ മാംസാഹാരങ്ങളും മദ്യം, താംബൂലം തുടങ്ങിയവയും വർജിക്കണം. മുൻപൊക്കെ അയ്യപ്പൻമാർ സ്വയം പാകം ചെയ്യുന്ന ഭക്ഷണമേ കഴിക്കാവൂ എന്നു നിഷ്‌ഠയുണ്ടായിരുന്നു. ഭക്ഷണത്തിന്റെ ചിട്ടകൾ കാനനയാത്രയിലും തുടരുന്നു. ഇരുമുടിക്കെട്ടിനൊപ്പം ഭക്ഷണമൊരുക്കാനുള്ള അരിയും പാത്രങ്ങളും കൂടെക്കരുതുന്ന പതിവു പണ്ടുണ്ടായിരുന്നു.

പുണ്യം പകർന്ന് അരവണ

ചിൻമയരൂപന്റെ ദർശനം നേടി തിരികെ മലയിറങ്ങുമ്പോൾ കൈകളിൽ നിധിപോലെ സൂക്ഷിക്കുന്ന ഒരു ടിൻ അരവണപ്പായസം. താൻ നേടിയ ദർശന പുണ്യത്തിന്റെ മാധുര്യം വീട്ടിൽ പകർന്നു നൽകാൻ അരവണയല്ലാതെ മറ്റെന്താണുള്ളത്? ഒരിക്കൽ രുചിച്ചാൽ പിന്നൊരിക്കലും മറക്കാൻ കഴിയില്ല അരവണപ്പായസത്തിന്റെ കടുംമധുരം എന്നതാണു സത്യം.

ഉണക്കലരി, അരിയുടെ നാലുമടങ്ങ് ശർക്കര തിളപ്പിച്ച് വറ്റിച്ചെടുത്താണ് അരവണപ്പായസമുണ്ടാക്കുന്നത്. ശബരിമലയിലേക്കുള്ള വനയാത്രയിൽ ഭക്‌തർ കയ്യിൽ കരുതുന്നത് ഉണക്കലരിയാണ്. ഈ ഉണക്കലരികൊണ്ട് ഈശ്വര പൂജയ്‌ക്കായി പായസമുണ്ടാക്കാൻ മലമുകളിലെ കാടിനു നടുവിൽ കുറച്ചു വെള്ളം മാത്രം ഉപയോഗിച്ച് അരവണപ്പായസമുണ്ടാക്കിയതാവാം എന്നു ഭക്ഷ്യ ചരിത്രകാരൻമാർ വാദമുന്നയിക്കുന്നു. എന്നാൽ, ശരവണ മഹർഷിയെന്ന തമിഴ് സന്യാസിയാണ് ആദ്യമായി അരവണപ്പായസമുണ്ടാക്കിയതെന്ന് ഒരു വിശ്വാസവുമുണ്ട്. ശരവണപ്പായസത്തിന്റെ പേരു ലോപിച്ചാണത്രേ അരവണപ്പായസമുണ്ടായത്.

വിശപ്പടക്കാൻ തനതുരുചികൾ

മണ്ഡലവ്രതം പകർന്നു തരുന്ന മറ്റൊരു രുചിക്കൂട്ടാണ് പുഴുക്കുകൾ. വൃശ്ചികം, ധനുമാസങ്ങളിൽ പറമ്പിൽനിന്നു കുഴിച്ചെടുക്കുന്ന കിഴങ്ങുകളെല്ലാം ചേർത്ത് പുഴുക്കുണ്ടാക്കുക എന്നതായിരുന്നു പണ്ടത്തെ ശീലം. കപ്പ, കാച്ചിൽ, ചേമ്പ്, നീണ്ടി തുടങ്ങി അനേകമനേകം കിഴങ്ങു വർഗങ്ങൾ. ഇന്ന് കപ്പ, ചക്ക തുടങ്ങി ഏതെങ്കിലും ഒരു വിഭവം കൊണ്ടു മാത്രം പുഴുക്കുണ്ടാക്കുന്നവരാണ് അധികവും.

രുചിക്കുറിപ്പുകൾ

കപ്പപ്പുഴുക്ക്

കപ്പയും ചെറുപയറും പച്ചക്കായുമാണു പുഴുക്കുണ്ടാക്കാൻ വേണ്ട പ്രധാന സാധനങ്ങൾ. മൂന്നോ നാലോ മണിക്കൂർ കുതിർത്തുവച്ച ചെറുപയർ പച്ചക്കായ്‌ക്കൊപ്പം പുഴുങ്ങിയെടുക്കണം. വേവിക്കുന്നതിനിടെ ഒരു സ്‌പൂൺ മഞ്ഞപ്പൊടിയും ഒരു നുള്ള് മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കണം. ഇതിലേക്ക് ഉപ്പുചേർത്തു പുഴുങ്ങിവച്ച കപ്പ ചേർക്കണം. പച്ചമുളകും ചെറിയ ഉള്ളിയും അരച്ചതു കൂടി ചേർത്ത് നന്നായി ഇളക്കുക. (ചിലർ വ്രതം നോറ്റിരിക്കുമ്പോൾ ഉള്ളി കഴിക്കാറില്ല). ചേരുവകൾ വെന്ത് നല്ല മണംവരാൻ തുടങ്ങുമ്പോൾ കറിവേപ്പിലയിടാം. വാങ്ങിവയ്ക്കുന്നതിനു മുൻപ് അൽപം വെളിച്ചെണ്ണ തൂവാം.

ചക്കപ്പുഴുക്ക്

ചക്കയും ചക്കക്കുരുവുമുൾപ്പടെ പച്ചമുളകും ഉപ്പും ചേർത്തു വേവിക്കുക. വെള്ളം വറ്റിപ്പോകാതെ നോക്കണം. തേങ്ങ, ജീരകം, വെള്ളുത്തുള്ളി എന്നിവ പകുതി അരച്ചുകൂട്ടാക്കി ഇതിലേക്കു ചേർത്തിളക്കുക. പച്ചമണം മാറി വരുമ്പോൾ വെളിച്ചെണ്ണ ചുറ്റിച്ചെടുക്കണം.

English Summary: Sabarimala Pilgrims, Aravana Payasam, The pilgrims have to observe vratham for 41 days