നോൺ വേജിറ്റേറിയൻ ഭക്ഷണപ്രിയരുടെ ഇഷ്‌ടവിഭവങ്ങളാണു ചിക്കനും മീറ്റും. പ്രൊട്ടീനും പോഷകങ്ങളും ഏറെയുണ്ടെങ്കിലും കൊഴുപ്പിന്റെ കാര്യം വരുമ്പോൾ ആരോഗ്യം പിണങ്ങും. രുചി കൂടുന്നതിനൊപ്പം കൊളസ്‌ട്രോൾ നിലയും കൂട്ടുമെന്നതാണ് പൊതുവേ ഈ വിഭവങ്ങൾക്കുള്ള ചീത്തപ്പേര്. പക്ഷേ, നാവിലെ കൊതിയടക്കിപ്പിടിച്ച് ചിക്കനും മീറ്റും വേണ്ടേവേണ്ട എന്ന കടുത്ത നിലപാട് എടുക്കേണ്ടിവരില്ല, ചില കാര്യങ്ങളിൽ ശ്രദ്ധവച്ചാൽ.

. ഇറച്ചിയിൽ കൊഴുപ്പ് അധികമുള്ള ഭാഗങ്ങൾ മാറ്റി ഉപയോഗിക്കുക. ചിക്കന്റെ തൊലി നീക്കണം. കോഴി പൊരിച്ചെടുക്കുന്നതാണെങ്കിൽ തൊലിയോടെ പാചകം ചെയ്‌തതിനുശേഷം തൊലിയും കൊഴുപ്പും നീക്കിയശേഷം കഴിക്കുക. ബീഫ്, പോർക്ക് എന്നിവ പാകംചെയ്‌തശേഷം കാണുന്ന കൊഴുപ്പു മാറ്റിയതിനുശേഷം മാത്രം കഴിക്കാം.

. പാകംചെയ്യുന്നതിനു മുൻപ് ഇറച്ചിയിൽ മസാലയും മറ്റും (സ്‌പൈസസ്) തിരുമ്മിച്ചേർക്കുക. ഇത് ഇറച്ചി മൃദുവാക്കുകയും ഈർപ്പം നൽകുകയും ചെയ്യും. കൊഴുപ്പു നീക്കുന്നതുമൂലമുള്ള രുചിക്കുറവും ഇതുവഴി പരിഹരിക്കാം. കൊഴുപ്പു കുറഞ്ഞ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുക. ഇതിനായി വൈൻ, സോയ സോസ്, നാരങ്ങനീര് എന്നിവ ചേർക്കാം.

. ഗ്രില്ലിങ്, ബ്രോയിൽ, റോസ്‌റ്റിങ്, ബേക്കിങ് തുടങ്ങി സാവധാനത്തിലുള്ള പാചകരീതി തിരഞ്ഞെടുക്കണം. പാകംചെയ്യുന്നതുവഴി ഇറച്ചിയിലുള്ള കൊഴുപ്പിന്റെ ഏറെ ഭാഗവും നീക്കാനാകും. അവ്‌നിൽ പാകംചെയ്യുമ്പോൾ റാക്കിലോ ബേക്കിങ് പാനിലോ വയ്‌ക്കുകയാണെങ്കിൽ കൊഴുപ്പു പൂർണമായി നീക്കാനാകും.

. ഇറച്ചിക്കറി പാകംചെയ്യുന്നതിന് ഒന്നോ രണ്ടോ ദിവസം മുൻപ് അതുപയോഗിച്ചു സൂപ്പ്, സ്‌റ്റു തുടങ്ങിയ ആഹാരസാധനങ്ങൾ തയാറാക്കുക. ഇങ്ങനെ വേവിച്ച ഇറച്ചി ഫ്രീസറിൽ വയ്‌ക്കുക. ഫ്രീസ് ചെയ്‌ത ഇറച്ചിയിൽ കൊഴുപ്പിന്റെ അംശം കൂടുതൽ ദൃഢമാകുന്നതിനാൽ ഇതു മുറിച്ചുനീക്കി പാകംചെയ്‌ത് ഉപയോഗിക്കാം.

. ഇറച്ചി വേവിച്ചശേഷം പാത്രത്തിൽനിന്നു കൊഴുപ്പടിഞ്ഞ ദ്രാവകം ഊറ്റിക്കളയുക. ചൂടുവെള്ളത്തിൽ ഒന്നുകൂടി കഴുകിയശേഷം തുണിയോ കടലാസോ ഉപയോഗിച്ചു വെള്ളം നീക്കി ഉപയോഗിക്കാം.

. പാകംചെയ്യുന്നതിൽ മാത്രമല്ല, വിളമ്പുന്നതിലും ശ്രദ്ധവയ്‌ക്കണം. അളവു കുറച്ചു വിളമ്പുക. 85 ഗ്രാമിൽ അധികം ഇറച്ചി കഴിക്കേണ്ട. തൊലി നീക്കിയ കോഴിയുടെ രണ്ടു ലെഗ് പീസാണെങ്കിൽ അതിലേറെ കഴിക്കേണ്ട.

English Summary: Chicken, Meat Cooking Tips