അവർ ഇനി അടുക്കളയുടെ അരങ്ങിലേക്ക്. അവഗണനകളെ അടുപ്പിലിട്ടു കത്തിച്ചു പാലക്കാട് ജില്ലയിലെ ട്രാൻസ്ജെൻഡേഴ്സ് ഇനി അന്നം വിളമ്പും; അതും ഭരണസിരാകേന്ദ്രത്തിൽ. സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസ്ജെൻഡർ കന്റീൻ പാലക്കാട് സിവിൽ സ്റ്റേഷനിൽ ഈ മാസം 13ന് ആരംഭിക്കും.

സാമൂഹികക്ഷേമ വകുപ്പ്, ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ സഹായത്തോടെ ഒരുമ ട്രാൻസ്ജെൻഡർ കുടുംബശ്രീ യൂണിറ്റാണു കന്റീൻ ഏറ്റെടുത്തത്. സാമൂഹികക്ഷേമ വകുപ്പിൽ റജിസ്റ്റർ ചെയ്തു തിരിച്ചറിയൽ കാർഡ് ലഭിച്ച പത്തംഗ കൂട്ടായ്മയ്ക്കാണു കന്റീനിന്റെ ചുമതല. അധികൃതർ ഇവർക്കായി പരിശീലനവും നൽകി. ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക ഫണ്ടും അനുവദിച്ചു.

സ്വയംതൊഴിൽ സംരംഭത്തിലൂടെ തുടങ്ങുന്ന കന്റീൻ പദ്ധതി ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിന് ഉണർവാകുമെന്നും സമൂഹത്തിൽ മറ്റുള്ളവരെപ്പോലെ ജോലിയെടുത്തു ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണിതെന്നും ഇവർ പറയുന്നു. 

ജില്ലയിൽ സാമൂഹികക്ഷേമ വകുപ്പിൽ ഇതുവരെ 22 ട്രാൻസ്ജെൻഡർമാർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതിയ 6 അപേക്ഷകളും വകുപ്പിന്റെ പരിഗണനയിലാണ്. 

സർക്കാർ സഹായത്തോടെ സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസ്ജെൻഡർ കന്റീനാണെന്നും ഇവർ പറഞ്ഞു.

English Summary: Transgender's Canteen in Palakkad