ഭക്ഷണപ്രിയനായിരുന്നു നായനാർ. ഭക്ഷണം കഴിക്കുന്ന സമയത്തിനുമുണ്ട് ചിട്ട. എട്ടരയ്ക്കു പ്രഭാതഭക്ഷണവും 1ന് ഉച്ചഭക്ഷണം. ഉച്ചയുറക്കം കഴിഞ്ഞെഴുന്നേൽക്കുമ്പോൾ ചായയും കടിയും കിട്ടണം. ഊണ് ഒന്നര മണിക്കൂർ വൈകിയതിനാൽ നിയമസഭയിൽ കുഴഞ്ഞു വീണിട്ടുണ്ട് അദ്ദേഹം.

ഒരിക്കൽ വടകരയിൽ രാത്രി പൊതുയോഗം കഴിഞ്ഞു പാർട്ടി പ്രവർത്തകന്റെ വീട്ടിലാണു ഭക്ഷണം പറഞ്ഞിരുന്നത്. ഭക്ഷണത്തിനിരുന്നപ്പോൾ വിവരം കിട്ടി, മലബാർ എക്സ്പ്രസ് എത്താൻ 10 മിനിറ്റേയുള്ളൂ. കഴിക്കാതെ നേരെ റെയിൽവേ സ്റ്റേഷനിലേക്കു വിട്ടു. അവിടെ എത്തുമ്പോഴേക്കും ട്രെയിൻ പോയി. പിന്നീടു കാറിൽ കോഴിക്കോട്ടേക്ക്. ട്രെയിൻ കിട്ടാതിരുന്നതല്ല നായനാരെ നിരാശനാക്കിയത്, ഭക്ഷണം കഴിക്കാൻ പറ്റാതിരുന്നതാണ്.

പ്രമേഹരോഗം കടുക്കുന്നതുവരെ ഭക്ഷണത്തിൽ ഒരു നിയന്ത്രണവുമില്ലായിരുന്നു. പ്രമേഹ ബാധിതനായി ഡൽഹി എയിംസിൽ ചികിത്സയിൽ കിടക്കുമ്പോൾ ഭക്ഷണ നിയന്ത്രണത്തെക്കുറിച്ചു നായനാർ ഡോക്ടറോടു പരാതിപ്പെട്ടു. വയറിൽ തൊട്ടു ഡോക്ടർ പറഞ്ഞു–കുടവയർ മനുഷ്യശരീരത്തിലെ സമ്പാദ്യമാണ്, കമ്യൂണിസ്റ്റുകാർ സമ്പാദിക്കാറില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ നാൾ മുഖ്യമന്ത്രിയായിരുന്ന നായനാർ എന്ന കമ്യൂണിസ്റ്റ് ആ കുടവയർ അല്ലാതൊന്നും സമ്പാദിച്ചിട്ടില്ല. 

English Summary: E. K. Nayanar, Food Love