ഭക്ഷണത്തിലൂടെ സൗഹൃദം കണ്ടെത്തിയവർ. ഭക്ഷണത്തിൽ ആനന്ദം കണ്ടെത്തുന്നവർ. അങ്ങനെയുള്ള 40 പേർ ഒന്നിച്ച് ഒരു ബസിൽ തലശ്ശേരിക്ക് പുറപ്പെടുന്നു. എന്തിനാണെന്നല്ലേ ? ഒരു പുയ്യാപ്ലസൽക്കാരത്തിന്. ഇനി അതെന്താണെന്നല്ലേ.. ഈറ്റ് കൊച്ചി ഈറ്റിന്റെ ഒരു ഫുഡ് ട്രിപ്പ് കണ്ടോളൂ.

ഒട്ടുമുക്കാൽ ആളുകളും പുതച്ചു മൂടി കിടന്ന് ഉറക്കത്തിന്റെ പാരമ്യത്തിൽ അലിയുന്ന സമയം. വെളുപ്പിന് 3 മണി. കൊച്ചിയിൽ നിന്ന് ഒരു കൂട്ടം തീറ്റ പ്രാന്തന്മാരെയുമായി ഒരു ബസ് തലശ്ശേരി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. അറയിൽ നെല്ലുണ്ടെങ്കിൽ എലി പുഴ നീന്തിയും എത്തും എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടെങ്കിൽ അതെത്ര ശരിയാണെന്ന് ഇവരുടെ ആത്മാർത്ഥത കാണുമ്പോൾ അറിയാതെ ഒാർത്തു പോകും. 

അഞ്ചര മണിക്കൂർ നോൺസ്റ്റോപ് ഡ്രൈവ്. ഇടപ്പള്ളിയിൽ നിന്നു തുടങ്ങിയ യാത്ര രാവിലെ 8.30ന് കോഴിക്കോട് പാരഗൺ ഹോട്ടലിന്റെ മുന്നിലാണ് അവസാനിച്ചത്. കൊച്ചിയിൽ നിന്ന് ഭക്ഷണം കഴിക്കാനായി മാത്രം ബസ് വാടകയ്ക്കെടുത്ത് എത്തിയവരെ സ്വീകരിക്കാൻ പാരഗണിലെ ചീഫ് ഷെഫ് വിജയൻ പിള്ള നേരിട്ടെത്തി. ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾ മേശയിൽ നിരന്നു. പാലപ്പം, പെറോട്ട, മട്ടൺ സ്‌റ്റൂ, മട്ടൺ വരട്ടിയത്, ബീഫ് റോസ്റ്റ്, മീൻ മാങ്ങാകറി‌ ഒപ്പം മധുരത്തിന് ഇളനീർ പായസവും. തുടക്കം ഗംഭീരമായതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്ത് നിറഞ്ഞു. മനസ്സില്ലാ മനസ്സോടെ പാരഗണോട് വിട് പറഞ്ഞ് സമയം ഒട്ടും പാഴാക്കാതെ നേരെ തലശ്ശേരിക്ക് വച്ചു പിടിച്ചു. 

ഉദ്ദേശിച്ചതിലും ഒരു മണിക്കൂർ മുൻപേ അതായത് ഉച്ചയ്ക്ക് 12 മണിക്ക്  റസീന താത്തയുടെ വീട്ടിലെത്തി. ശരിക്കും ഒരു പുയ്യാപ്ലയെ സൽക്കരിക്കാനെന്ന പോലെ മുറ്റത്ത് പന്തലൊക്കെ ഇട്ട് വീടൊക്കെ ഒരുക്കിയിരുന്നു റസീന താത്ത. പന്തലും കസേരയും നമുക്കെന്തിനാ... എന്നു പാടി എല്ലാവരും നേരെ അടുക്കളയിലേക്ക്. അവിടെ സൽക്കാരത്തിനുള്ള വിഭവങ്ങൾ ഒന്നൊന്നായി റെഡി ആയിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ കണ്ടതു ഒരു കണക്കിന് നന്നായി. എല്ലാം കൂടി ഒന്നിച്ച് കാണുമ്പോഴുള്ള ഞെട്ടൽ ഒഴിവായിക്കിട്ടിയല്ലോ. 

വെള്ളം നിറഞ്ഞ വായിലൂടെ കപ്പലോടിച്ച് എല്ലാവരും അടുക്കളിയിലൂടെ പരക്കം പാഞ്ഞു. ഒടുവിൽ ഒന്നരയോടെ വിഭവങ്ങളെല്ലാം നേരെ മേശയിലേക്കെത്തിച്ചു റസീന താത്ത. എന്തൊക്കെയാണ് റസീന താത്ത ഉണ്ടാക്കിയതെന്നു അറിയേണ്ടേ ?

ഏറ്റവും പ്രധാന ഐറ്റം സാക്ഷാൽ തലശ്ശേരി ബിരിയാണി – പേരു കേക്കുമ്പോൾ ഫ്രെഷ് ഫ്രെഷേ എന്നു മനസ്സിൽ പറഞ്ഞു കളിയാക്കേണ്ട. സംഗതി ശരിക്കും ഫ്രെഷാണ്. തലശ്ശേരി ബിരിയാണി എന്ന പേരിൽ ചില ഹോട്ടലുകളിൽ കിട്ടുന്നതല്ല യഥാർഥ തലശ്ശേരി ബിരിയാണി എന്ന് ഇതു കഴിച്ചവർക്ക് മനസ്സിലാകും. ബീഫും റൈസും ചേർന്ന മാരക കോമ്പിനേഷൻ. 

അടുത്ത ഐറ്റം ഇറച്ചി ചോറാണ്. ബീഫും ചോറും ഒരുമിച്ചു തിളപ്പിച്ചു വറ്റിച്ചെടുത്ത അല്പം സ്‌പൈസിയായിട്ടുള്ള ഒരു ഡിഷ്. കണ്ടാൽ ഉപ്പുമാവ് പോലിരിക്കുന്ന ഇൗ സാധനത്തിന്റെ പേരാണ് കൊഞ്ചു തരി ബിരിയാണി. റവയും കൊഞ്ചും ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. കണ്ടാൽ  ഇലയട പോലിരിക്കുന്ന ഇൗ ഐറ്റത്തിന്റെ പേരാണ് പുഴുക്ക പത്തിരി. അയക്കൂറ മസാല സ്റ്റഫ് ചെയ്തു പുഴുങ്ങി എടുക്കുന്ന ഒന്നാന്തരം മലബാർ വിഭവം.

അധികമാരും കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്ത ഐറ്റമാണ് അൽസ. ചിക്കനും ഗോതമ്പും ചേർത്തുണ്ടാക്കിയ ഒരു കുറുക്ക്. ഹൈദരബാദി ഹലീം എന്ന വിഭവത്തിനോട് സാമ്യമുള്ള വിഭവം. ഇതാണ് കക്ക റൊട്ടി അഥവാ കുഞ്ഞി പത്തിരി. പേരിൽ കക്ക ഉണ്ടെങ്കിലും സംഭവം ബീഫ് ആണ്. നാണയ വലിപ്പത്തിലുള്ള ചെറിയ പത്തിരിയും ബീഫ് മസാലയുമായി മിക്സ് ചെയ്ത വിഭവം. പുയാപ്ല സൽക്കാരത്തിലെ പ്രധാന  മധുര വിഭവമാണ് മുട്ടമാല. മുട്ട, പഞ്ചസാര, ഏലയ്ക്ക എന്നിവ ചേർത്തൊരുക്കിയ ഗംഭീര വിഭവം. 

ഇതൊക്കെ കൊണ്ടു വന്നപ്പോൾ‌ എങ്ങനെ തീർക്കുമെന്ന് ഒാർത്തതാണ്. നിസ്സാരം നിസ്സാരം എന്നുരുവിട്ട് എല്ലാരും ചേർന്ന് ഒത്തു പിടിച്ചപ്പോൾ പാത്രങ്ങൾ കാലി. വയർ‌ ഫുൾ. ഭക്ഷണവിശേങ്ങൾ പറഞ്ഞ് രുചികൾ അയവിറക്കി ഇരിക്കുമ്പോൾ ദാ റസീനാത്ത അടുത്ത സെറ്റുമായി വരുന്നു. ചായക്കടികളാണ് കക്ഷി കൊണ്ടു വന്നത്. അതും ചില ഗംഭീര ഐറ്റംസ്. വയർ നിറയുമ്പോൾ സാധാരണ എല്ലാവരും ഭക്ഷണത്തോട് നോ പറയുമെങ്കിൽ ഇക്കൂട്ടർ കടികളെ കയ്യടികളോടെയാണ് വരവേറ്റത്. 

കായ കൃത - ഒരു അസാധ്യ ഐറ്റം. ഏത്തപ്പഴം ചെറുതായി അരിഞ്ഞു എണ്ണയിൽ ഒന്ന് വറത്തു അതിൽ മുട്ടയും പഞ്ചസാരയും ചേർത്ത് മൂപ്പിച്ചു എടുക്കുന്ന മധുര പലഹാരം. രുചി പറഞ്ഞറിയിക്കാനാവാത്തത്. ലക്കോട്ടപ്പം - മൈദാ മാവിന്റെ റൊട്ടിയിൽ ചിക്കൻ മസാല പൊതിഞ്ഞു നാലായി മടക്കി പൊരിച്ചു എടുക്കുന്ന പലഹാരം. നാടൻ പഫ്സ് എന്നു വേണമെങ്കിൽ പറയാം. കാരറ്റ് പോള, കായ് പോള, ഉന്നക്കായ അങ്ങനെ ജനപ്രിയ ഐറ്റംസ് വേറെയുമുണ്ട്. 

തിന്നു തിന്ന് വയറും മനസ്സും നിറഞ്ഞു. ലക്ഷ്യം പൂർത്തിയാക്കിയതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്തുണ്ട്. ബാക്കി വന്ന ചില ഐറ്റംസ് പാക്ക് ചെയ്തെടുത്ത് റസീന താത്തയോട് ടാറ്റാ പറഞ്ഞ് മടക്കയാത്ര ആരംഭിച്ചു. തിരികെ വന്നപ്പോൾ തലശ്ശേരി ടൗണിലെ ഒകു കേക്ക് ഷോപ്പിൽ കയറി. ഇന്ത്യയിൽ ആദ്യമായി കേക്ക് ഉണ്ടാക്കിയത്‌ തലശ്ശേരിയിലാണത്രെ. ലൈവായി കേക്കുണ്ടാക്കി കഴിച്ച് ഒടുവിൽ 7 മണിയോടെ തിരികെ കൊച്ചിയിലേക്ക്. ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ പുയ്യാപ്ലസൽക്കാരം ഉഷാറോട് ഉഷാർ. 

English Summary: 40 People, Eat Kochi Eat's Food Trip to Thalassery