ഉന്തുവണ്ടികളിലും പെട്ടിക്കടകളിലും വിൽപന നടത്തുന്ന ഉപ്പിലിട്ട വിഭവങ്ങൾ സംശയത്തിന്റെ നിഴലിൽ. കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ 11 കടകളിൽ നിന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം ഉപ്പിലിട്ടതിന്റെ സാംപിൾ ശേഖരിച്ചു. ഇവയുടെ പരിശോധനാ ഫലം വന്നാലേ ആരോഗ്യത്തിനു ഹാനികരമായ എന്തെങ്കിലും ഉണ്ടോ എന്ന കാര്യം കൃത്യമായി അറിയുകയുള്ളു.  ബാറ്ററിയിൽ ഒഴിക്കാൻ ഉപയോഗിക്കുന്ന വെള്ളം ഉപ്പിലിട്ടതിൽ ഒഴിക്കുന്നതായാണ് ആരോപണം.  

ഉപ്പിലിടുന്ന വസ്തു പെട്ടെന്നു ചീഞ്ഞ് ഉപ്പു പിടിക്കാനാണു ബാറ്ററി വെള്ളം ഉപയോഗിക്കുന്നതെന്നാണു പറയുന്നത്. എന്നാൽ, ബീച്ചിലെ ഒരു ഉന്തുവണ്ടിയിലും കടയിലും ഉപ്പിലിട്ടത് ഉണ്ടാക്കാൻ ബാറ്ററി വെള്ളം ഉപയോഗിക്കുന്നില്ലെന്നു കച്ചവടക്കാർ പറഞ്ഞു. സംശയമുണ്ടെങ്കിൽ പരിശോധനയ്ക്ക് അയയ്ക്കാം. അനുവദനീയമായ അളവിൽ വിനാഗിരിയാണ് ഉപയോഗിക്കുന്നത്. ഇവിടെ ഓരോ കച്ചവടക്കാരനും ആവശ്യമുള്ളത്ര സാധനം ഉണ്ടാക്കുകയാണു ചെയ്യുന്നത്. അല്ലാതെ മൊത്തമായി ഉണ്ടാക്കി എല്ലാവർക്കും നൽകുന്ന രീതിയില്ല. അതു കൊണ്ടു തന്നെ വിനാഗിരി ഉപയോഗിച്ച് ആവശ്യാനുസരണം ഉണ്ടാക്കാനാകും. കച്ചവടക്കാർ പറഞ്ഞു.

English Summary: Salty Food in Kozhikode Beach