കൊച്ചിയില്‍ ഇനി റോബട്ടുകള്‍ ഭക്ഷണം വിളമ്പും. പാലാരിവട്ടത്തെ തക്കാരം റസ്റ്റോറന്‍റിലാണ് അതിഥികളെ സ്വീകരിക്കാനും ഭക്ഷണം വിളമ്പാനും റോബട്ടുകള്‍ എത്തിയിരിക്കുന്നത്. താരയും സൂസിയും അന്നയും ഹേബയും. നാലു പേരും തിരക്കിലാണ്. അതിഥികളെ സ്വീകരിക്കണം, ഭക്ഷണം വിളമ്പണം. ചൈനയില്‍ നിന്ന് കൊച്ചിലേക്കെത്തിയ റോബട്ടുകളാണ് ഈ നാലു പേരും. താരയ്ക്കാണ് റസ്റ്റോറന്‍റിലേക്കെത്തുന്ന അതിഥികളെ വരവേല്‍ക്കണ്ട ചുമതല. മറ്റു മൂന്നു പേരും ഭക്ഷണം വിളമ്പണം. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്ല ചൂടോടെ നമ്മുടെ മേശയ്ക്ക് അരികിലെത്തിക്കും ഈ റോബട്ടുകള്‍. കൊച്ചിയില്‍ ആദ്യത്തെയും കേരളത്തിലെ രണ്ടാമത്തെയും റോബട്ടിക് റസ്റ്ററന്‍റാണ് തക്കാരം.

ആളുകളെ ആകര്‍ഷിക്കുന്നതിന് വ്യത്യസ്തമായ ആശയങ്ങള്‍ അവതരിപ്പിക്കുകയെന്ന പതിവാണ്, തക്കാരം ഉടമകളെ ഭക്ഷണം  വിളംമ്പാന്‍ റോബട് എന്ന ആശയത്തിലേക്ക് എത്തിച്ചത്. ഇവര്‍ അവതരിപ്പിച്ച തിരുവനന്തപുരത്തെ വിമാനത്തിന്‍റെ മാതൃകയിലുള്ള റസ്റ്ററന്‍റും ദുബായിലെ ലോറി റസ്റ്ററന്‍റും കൊച്ചിയിലെ ബസ് റസ്റ്ററന്‍റും ഒക്കെ നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു.