പലതരം സമ്മാനക്കേക്കുകളാൽ പള്ളിയുടെ കുശിനിയൊരു ബേക്കറിയായി മാറുന്ന ഓർമയിലെ മധുരം പങ്കുവച്ച് പഴയൊരു അൾത്താര ബാലൻ; നടൻ ചെമ്പൻ വിനോദ്

കാരൾ രാത്രിയിൽ  തുടങ്ങി പുതുവർഷത്തിലും തിന്നുതീരാത്ത പ്ലംകേക്കായിരുന്നു കുട്ടിക്കാലത്ത് എനിക്കു ക്രിസ്മസ്. സ്കൂളിൽ പഠിക്കുമ്പോൾ അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിലെ  അൾത്താര ബാലനായിരുന്നു. ( ‘അങ്കമാലിക്കല്ലറയിൽ ‍ഞങ്ങടെ സോദരരുണ്ടെങ്കിൽ. കല്ലറയാണേ കട്ടായം പകരം ഞങ്ങൾ ചോദിക്കും...’  എന്ന മുദ്രാവാക്യത്തിലെ അതേ പള്ളി ).

ക്രിസ്മസ്കാലത്ത് കേക്കുകളുടെ ഒഴുക്കായിരിക്കും പള്ളിയിലേക്ക്, ഇടവകപ്പള്ളിയിലേക്കുള്ള സമ്മാനങ്ങൾ. കുശിനി ബേക്കറിയായി മാറും. ആ ആഴ്ചയിൽ അൾത്താര ബാലൻമാരുടെ വായിൽ നിന്നു പ്രാർഥനകൾ മധുരം നുണഞ്ഞേ പുറത്തിറങ്ങൂ. പാതിരാക്കുർബാനയ്ക്കു ശേഷം ‘ഒാപ്പറേഷൻ പ്ലം കേക്ക്’ അരങ്ങേറും. അടുക്കളയുടെ താക്കോൽ അച്ചന്റെ കസ്റ്റഡിയിലാണെങ്കിലും കേക്കിനായി വിശക്കുന്ന വയറുകൾ പിൻഭാഗത്തെ വാതിലിന്റെ കൊളുത്തുകൾ ഊരിയിട്ടിട്ടുണ്ടാവും. അച്ചൻ ഉറങ്ങാൻ പോവുമ്പോൾ അടുക്കളയുടെ പിൻവാതിൽ തുറക്കപ്പെടും. ഒരു വാതിൽ അടയുമ്പോൾ മറ്റൊന്നു തുറക്കപ്പെടും എന്ന വചനം അങ്ങനെയും നിറവേറും. 

ഇരുട്ടിൽ ഒച്ചയുണ്ടാക്കാതെ, സെലോ ടേപ്പൊട്ടിച്ച ഗിഫ്റ്റ് അഴിക്കുകയെന്നതു  ശ്രമകരം. സെലോ ടേപ്പ് കണ്ടുപിടിച്ചവനെ മനസ്സുരുകി പ്രാകിയിട്ടുണ്ട് ഞങ്ങൾ.

കാരൾ ആണ് അടുത്ത പരിപാടി. ചില്ലറ ഒപ്പിക്കുകയാണു ലക്ഷ്യം. കുടുംബയൂണിറ്റിന്റെ ഒൗദ്യോഗിക കാരൾ കഴിഞ്ഞിട്ടുണ്ടാവും. ചിലർ വാതിൽ കൊട്ടിയടയ്ക്കും. ഉണ്ണിയേശുവിനെ പ്രസവിക്കാൻ ഇടം തേടി നടന്നുവലഞ്ഞ മറിയത്തിന്റെയും യൗസേപ്പിന്റെയും കാര്യമോർത്ത് ഞങ്ങളതങ്ങു ‍സഹിക്കും.