ഇത് പഴമയിലേക്കുള്ള തിരിച്ചുപോക്കല്ല, പുതിയ കാലം ആവശ്യപ്പെടുന്ന മാറ്റമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പ്രധാന ഉറവിടമായ മത്സ്യമാംസ വിൽപനശാലകളിൽ തേക്കിലയും വട്ടയിലയും ഉപയോഗിച്ചാൽ‌ എന്താണ് കുഴപ്പം. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഉൾപ്രദേശങ്ങളിൽ സമൃദ്ധമായ ഇലകൾ പായ്ക്കിങ് ബദലായി ഉപയോഗിക്കണമെന്ന് ആശയം മുന്നോട്ടു വയ്ക്കുന്നത് സേവ് വേങ്ങൂർ ഫോറമാണ്. 

ഒരു കാലത്ത് മീനും മാംസവുമെല്ലാം ഇലകളിൽ പൊതിഞ്ഞാണു നൽകിയത്. നിർദേശം പ്രാവർ‌ത്തികമാക്കിയാൽ പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് പകുതിയായി കുറയ്ക്കാൻ കഴിയും. നിലവാരംകുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ പ്രധാന ഉറവിടമാണ് മീൻ–മത്സ്യക്കടകൾ.

കിഴക്കൻ മേഖലയിൽ വനമേഖലയോടു ചേർന്നു കിടക്കുന്ന വേങ്ങൂർ, കൊമ്പനാട് ഭാഗങ്ങളിൽ സുലഭമായി ലഭിക്കുന്ന തേക്ക്, വട്ടയില, വാഴയില എന്നിവ ഉപയോഗപ്പെടുത്തിയാൽ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാൻ സാധിക്കും. കാർഷിക മേഖലയിൽ സുലഭമായി ലഭിക്കുന്ന ഇവ ഉപയോഗപ്പെടുത്തിയാൽ കർ‌ഷകർക്ക് അധിക വരുമാനവും ലഭിക്കും. 

വാഴയില ചില ഹോട്ടലുകളിൽ ഊണു നൽകാൻ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതു വ്യാപകമല്ല. മാംസവും മത്സ്യവും പൊതിഞ്ഞു നൽകുന്നത് തേക്കിലയിലും വട്ടയിലയിലുമാക്കിയാൽ പ്ലാസ്റ്റിക്കിനെ പടിക്കു പുറത്താക്കാം. ഈ വിവരങ്ങൾ ചൂണ്ടിക്കാണിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യമന്ത്രിമാർ‌ക്ക് സേവ് വേങ്ങൂർ ഫോറം നിവേദനം നൽകിയിട്ടുണ്ട്.