ഒത്ത വീതിയും നീളവുമുള്ള ലക്ഷണമൊത്ത  ഉണങ്ങിയ കമുകിൻ പാളയുണ്ടോ? വില നൽകി വാങ്ങാൻ ആളുണ്ട്. പ്ലാസ്റ്റിക്  വാഴയിലകൾക്കും  പ്ലേറ്റുകൾക്കുമെല്ലാം ദിവസങ്ങൾക്കുള്ളിൽ പിടിവീഴുന്നതിനാൽ പാള ഉപയോഗിച്ച് നിർമിക്കുന്നതുൾപ്പടെ പ്രകൃതിയുമായി ഇണങ്ങിയ പാത്രങ്ങൾക്ക് പ്രിയമേറുമെന്ന പ്രതീക്ഷയിലാണ് പാളയ്ക്കു വിലയേറിയത്.കേരളത്തിൽ പാള ഉപയോഗിച്ചുള്ള പാത്ര നിർമാണ യൂണിറ്റുകളുണ്ടെങ്കിലും പ്രാദേശികമായി  ആവശ്യക്കാർ കുറവായിരുന്നു. കയറ്റുമതിയിലൂടെയാണ് പല യൂണിറ്റുകളും പിടിച്ചു നിന്നിരുന്നത്. പ്ലാസ്റ്റിക് നിയന്ത്രണമാകുന്നതോടെ പ്രാദേശിക വിപണിയിലും ഇനി ചുവടുറപ്പിലാക്കാനാവുമെന്ന പ്രതീക്ഷയിലാണ് സംരംഭകർ.

കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെല്ലാം വ്യാപകമായി കമുകു കൃഷിയുണ്ടെങ്കിലും പാള ശേഖരിക്കാനൊന്നും ആരും മിനക്കിടാറില്ലെന്ന് പാമ്പാക്കുടയിൽ പാള ഉപയോഗിച്ച് നിർമിക്കുന്ന പാത്ര നിർമാണ യൂണിറ്റ് നടത്തുന്ന മോൻസി ജോസഫ് പറഞ്ഞു. മംഗലാപുരം ഉൾപ്പടെ കർണാടകയിലെ വിവിധ പ്രദേശങ്ങളിൽനിന്നാണ് കേരളത്തിലേക്കു പ്രധാനമായും പാള എത്തുന്നത്. വാഹന വാടകയും മറ്റു ചെലവുകളും ഉൾപ്പടെ ഒരു ലോഡ് പാള കേരളത്തിൽ എത്തുമ്പോഴേക്കും മുതൽമുടക്ക് വർധിക്കും. 

ജനുവരി മുതൽ ജൂൺ വരെയുള്ള സമയത്തു ലഭിക്കുന്ന പാളയാണ് പാത്രനിർമാണത്തിനു യോജിച്ചത്. ഇതിനുശേഷം വിരിയുന്നവ ഏറെയും കട്ടികൂടിയവയായിരിക്കും. ഇത്തരം പാള സംസ്കരിക്കുന്നതിനിടെ പൊട്ടിപ്പോകുന്നതിനുള്ള സാധ്യത ഏറെയാണ്. നന്നായി ഉണങ്ങിയ പാള അര മണിക്കൂർ വെള്ളത്തിൽ മുക്കി കുതിർക്കും. ഇതിനു ശേഷം സോപ്പ് ലായനിയിൽ ശുചീകരിച്ച് 100 ഡിഗ്രി ചൂടിൽ ഹൈഡ്രോളിക് മെഷീനിൽ പരുവപ്പെടുത്തി വിവിധ മാതൃകയിലൂള്ള അച്ചിൽ പതിപ്പിച്ചാണ് പാത്രമാക്കി മാറ്റുന്നത്. മൾട്ടി പ്ലേറ്റ് മുതൽ കറിപ്പാത്രം വരെ വ്യത്യസ്തങ്ങളായ 13 ഇനം പാത്രങ്ങൾ പാമ്പാക്കുടയിലെ യൂണിറ്റിൽ ഉൽപാദിപ്പിക്കുന്നുണ്ട്. 4 രൂപ മുതൽ 11 രൂപ വരെയാണ് ഓരോ ഇനത്തിനും വില.പ്രാദേശികമായി കുറഞ്ഞ നിരക്കിൽ പാള ലഭിച്ചാൽ വിലയിലും കുറവുണ്ടാകുമെന്ന് മോൻസി ജോസഫ് പറഞ്ഞു.

English Summary: Arecanut Leaf Plate Manufacturing