തമിഴ്നാട്ടിലെ മധുരയിൽ സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കംപാട്ടി മുനിയാണ്ടി ക്ഷേത്രത്തിലെ പ്രസാദം ലഡുവോ അവലോ ഒന്നുമല്ല നല്ല രസികൻ മട്ടൻ ബിരിയാണിയാണ്. എല്ലാവർഷവും ജനുവരിയിൽ നടക്കുന്ന ഉത്സവത്തിനാണ് ബിരിയാണ് നൽകുന്നത്. ഇവിടെ എത്തി പ്രാർത്ഥിക്കുന്നവരുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടുമെന്നാണ് വിശ്വാസം. ജനുവരി 24,25,26 ദിവസങ്ങളിലാണ് ഇവിടുത്തെ ഉത്സവം. 1800 കിലോ അരിയും 200 ആടുമാണ് ഉത്സവത്തിന് ബിരിയാണി ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഉദ്ദേശം 2000 കിലോയിലധികം ബിരിയാണിയാണ് ഓരോ വർഷവും ‘ബിരിയാണി പ്രസാദ’മായി ഭക്തർക്ക് നൽകുന്നത്. 

മട്ടൺ ബിരിയാണി ഇവിടെ പ്രസാദമായതെങ്ങനെ

വടക്കംപാട്ടി ഗ്രാമത്തിലെ തികഞ്ഞ മുനിയാണ്ടി ഭക്തനായ ഗുരുസ്വാമി നായിഡു 1937 ൽ ഹോട്ടൽ ബിസിനസ്സ് ആരംഭിച്ചു. ഹോട്ടൽ വമ്പൻ ഹിറ്റായി, നിരവധി ശാഖകളും ആരംഭിച്ചു. ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് ഈ വിജയം സ്വന്തമാക്കാൻ സാധിച്ചതെന്ന് ഗുരുസ്വാമി വിശ്വസിച്ചു. ഹോട്ടലുകൾക്കെല്ലാം മുനിയാണ്ടി ഹോട്ടൽ എന്നാണ് ഇദ്ദേഹം പേരു നൽകിയത്. ദക്ഷിണേന്ത്യയിലൊട്ടാകെ 1500 ൽ കൂടുതൽ മുനിയാണ്ടി ഹോട്ടലുകൾ ഉണ്ട്. ഇവിടുത്ത പ്രസിദ്ധമായ വിഭവം മട്ടൺ ബിരിയാണിയാണ്. ഇതോടെ മുനിയാണ്ടി ക്ഷേത്രത്തിലെ പ്രതിഷ്ഠ ബിരിയാണി ആരാധകനാണെന്നൊരു പറച്ചിൽ നാട്ടുകാർക്കിടയിൽ പരന്നു. 1973 മുതൽ ഈ ക്ഷേത്രത്തിലെ ഉത്സവത്തിന് മട്ടൻ ബിരിയാണി സമർപ്പിക്കാൻ തുടങ്ങി. ഇപ്പോൾ വർഷം ഓരോ വർഷവും ഉത്സവം കൂടാനെത്തുന്ന ഭക്തരുടെ തിരക്ക് കൂടിക്കൊണ്ടിരിക്കുന്നു.

English Summary: Vadakkampatti Muniyandi Swamy Temple