കഴിഞ്ഞ 10 വർഷമായി കേരളത്തിൽ മുടങ്ങാതെ എത്തുന്ന ജർമൻ ജൈവകർഷക സബീന ബ്രുക്മാന് കേരളത്തിൽ തീരെ ഇഷ്ടമല്ലാത്തതു മാലിന്യം അടിഞ്ഞുകൂടിയ വഴിയോരങ്ങളാണ്, ഇഷ്ടമുളളത് ഇവിടുത്തെ ഭക്ഷണങ്ങളും. കേരളം കൂടുതൽ മനോഹരമാകുവാൻ പ്ലാസ്റ്റിക് സഞ്ചികളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഒഴിവാക്കുന്നതിലൂടെ സാധിക്കുമെന്നും ഇവർ വിശ്വസിക്കുന്നു.

ഇന്ത്യൻ ഭക്ഷണം സബിനയ്ക്ക് വളരെ ഇഷ്ടമാണ്, എരിവ് കൂടുന്നതിനോട് ഇഷ്ടക്കേടും. ഭക്ഷണം കഴിക്കുന്നത് അളവ് വളരെ കുറവാണ്. ക്രിസ്മസിന് പിടി,കോഴി,കപ്പ, പോർക്ക് ഫ്രൈ എല്ലാം രുചിച്ചു നോക്കി കൂടുതൽ ഇഷ്ടപ്പെട്ടത് പോർക്ക് ഫ്രൈയാണ്. കോഴിക്കോടിന്റെ രുചിയറിയാൻ സുമിയ്ക്കൊപ്പം എത്തിയപ്പോഴാണ് മുളക് ഹൽവ രുചിച്ചത്.

കോഴിക്കോട്ട് ഗുജറാത്തി സ്ട്രീറ്റിലെ ഗുദാം ആർട്ട് ഗാലറിയിൽ ജർമനിയിൽ നിന്നെത്തിയ സഞ്ചാരി സബീന ബ്രുക്മാനും സുഹൃത്ത് സുമി മധുവും . ഗാലറി ഉടമ ബഡേക്കണ്ടി ബഷീർ ഗാലറിയെക്കുറിച്ച് വിശദീകരിക്കുന്നു. ചിത്രം : റസൽ ഷാഹുൽ

ദക്ഷിണ ജർമനിയിൽ കോൺസ്റ്റൻസ് തടാകത്തിനു സമീപമാണ് സബീന ബ്രുക്മാൻ താമസിക്കുന്നത്. സ്വിറ്റ്സർലൻഡിനോടും ഒ‌ാസ്ട്രിയയോടും ചേർന്നുള്ള അതിർത്തി പ്രദേശമാണിത്. സബീനയുടെ 8 ഹെക്ടർ കൃഷിയിടത്തിൽ കാരറ്റ്, ബീറ്റ്റൂട്ട്, സവാള, കാബേജ്, ഉരുളക്കിഴങ്ങുകൾ, സാലഡുകൾക്കുള്ള വിവിധയിനം സെലറികൾ, പെരുംജീരകം, തക്കാളി, കാപ്സിക്കം, വഴുതന തുടങ്ങിയവ കൃഷി ചെയ്യുന്നു. സവാളയ്ക്ക് ഇന്ത്യയിൽ വൻവിലയാണെന്ന് കേട്ടം അന്തംവിട്ടിരിക്കുകയാണു സസ്യാഹാര പ്രിയയായ സബീന. കേരളത്തിൽ ജൈവകൃഷിക്ക് ഇപ്പോൾ പ്രിയം കൂടിയെന്നു കേട്ടപ്പോൾ സബീനയ്ക്കും സന്തോഷം. 

10 വർഷം മുൻപു ഭർത്താവ് ഹൻസ് പീറ്ററിനെ‌ാപ്പമാണ് ആദ്യമായി കേരളത്തിലെത്തിയത്. . തുടർന്നു പതിവായി ഇവിടെയെത്തി. കേരളത്തിൽ എത്തുമ്പോൾ ബത്തേരിയിലാണു കൂടുതലും താമസിക്കുന്നത്. ബത്തേരി സ്വദേശിനി സുമി മധുവാണ് ഇവരുടെ ഉറ്റ സുഹൃത്ത്. 4 വർഷം മുൻപു ഭർത്താവ് മരിച്ചെങ്കിലും കേരളത്തിലേക്കുള്ള യാത്ര തുടർന്നു.