പൊലീസിന്റെ പുതുവത്സര സമ്മാനം ‘അക്ഷയപാത്രം’ പദ്ധതി മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നഗരത്തിലെത്തുന്ന ഒരാളും വിശപ്പോടെ മടങ്ങരുത് എന്ന ലക്ഷ്യവുമായി ജനമൈത്രി പൊലീസും തെരുവിന്റെ മക്കൾ ചാരിറ്റബിൾ സൊസൈറ്റിയും (ടിഎംസി) വിവിധ സംഘടനകളും ചേർന്നാണ് പദ്ധതി ആരംഭിച്ചത്. പാവമണി റോഡിൽ പൊലീസ് ക്ലബ്ബിനടുത്ത് പൊലീസ് ഡോർമറ്ററിക്ക് സമീപമാണ് ഭക്ഷണ കൗണ്ടർ. 

സിറ്റി പൊലീസ് മേധാവി എ.വി.ജോർജ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കമ്മിഷണർ എ.കെ.ജമാലുദ്ദീൻ, അക്ഷ‍യപാത്രം പദ്ധതി പൊലീസിൽ ആവിഷ്കരിച്ച കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദൻ, സൗത്ത് എസിയും പദ്ധതിയുടെ നോഡൽ ഓഫിസറുമായ എ.ജെ.ബാബു, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ശശികുമാർ, പൊലീസ് അസോ.ജില്ലാ സെക്രട്ടറി ജി.എസ്.ശ്രീജിഷ്, തെരുവിന്റെ മക്കൾ ചാരിറ്റി പ്രസിഡന്റ് മുഹമ്മദ് സലീം വട്ടക്കിണർ, കെട്ടിടം സ്പോൺസർ ചെയ്ത ശോഭിക വെഡിങ്മാൾ ഡയറക്ടർ എൽ.എം.ദാവൂദ്, ഫസൽ എരഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു.

 ഉച്ചയ്ക്ക് 12 മുതൽ 3 വരെ കൗണ്ടറിൽ നിന്ന് സൗജന്യ ഭക്ഷണം ലഭിക്കും. കുടിവെള്ളവും ഇരുന്ന് കഴിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. സ്പോൺസർമാരിൽ നിന്ന് പണം സ്വീകരിക്കില്ല. ഭക്ഷണം സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെടാം. 9846019595

English Summary: Free Food in Kozhikode