നമ്മുടെ രാജ്യത്ത് മേഘംതൊടുന്ന പർവത ശൃംഗങ്ങളും, നീണ്ടൊഴുകുന്ന നദികളും, നിഗൂ‍ഡത ഒളിപ്പിച്ച ആഴക്കടലും, മഹത്തായ ചരിത്രം കെട്ടിപ്പടുത്ത വീരപുരുഷന്മാരും ഉണ്ടെന്ന് എനിക്കറിയാം. എന്നാൽ അതിനെല്ലാം അപ്പുറത്ത് ഫ്യു എന്ന വിഭവവും നമുക്കുണ്ട് : ഗുയിൻ തുവാൻ, വിയറ്റ്നാം എഴുത്തുകാരൻ

വിയറ്റ്നാമിന്റെ ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന വിഭവമാണ് ഫ്യു (ഉച്ചാരണത്തിൽ തർക്കമുണ്ട്. ഫു എന്നും പറയുന്നു). അരി ന്യൂഡിൽ സൂപ്പെന്നു ലളിതമായി വിളിക്കാവുന്ന ഫ്യു വിയറ്റ്നാമിന്റെ ദേശീയ ഭക്ഷണമാണ്. കാണുമ്പോൾ വളരെ ലളിതമെന്നു തോന്നുമെങ്കിലും സങ്കീർണമായ രുചിസമസ്യ നാവിനു സമ്മാനിക്കുന്ന വിഭവമാണിത്. 

ഔഷധഗുണമുള്ള പെരുംജീരകച്ചെടിയാണ് പ്രധാന ചേരുവ. ഉള്ളിയും സാവളയും ഇഞ്ചിയും ഏലയ്ക്കയും ഫ്യൂവിന് മസാലരുചി നൽകുന്നു. ഇതൊടൊപ്പം ബീഫും കൂട്ടിക്കലർത്തി തിളപ്പിക്കും. 8–14 മണിക്കൂർ ആണ് ഫ്യു പാകം ചെയ്യാനെടുക്കുന്ന സമയം. മാംസഭാഗങ്ങളും എല്ലും നന്നായി വെന്ത് സൂപ്പിന്റെ ചന്തത്തിനൊപ്പം ലയിച്ചങ്ങനെ കിടക്കാൻ വേണ്ടിയാണത്. 

ഫ്യു ശാപ്പിടാൻ മറ്റു വിഭവങ്ങളുടെ സഹായം വേണ്ട. കൂടിപ്പോയാൽ ഇഷ്ടമുള്ള ഫ്ലേവറിൽ ഏതെങ്കിലും സോസ് മാത്രം മേമ്പൊടിക്ക്.രണ്ടാം ലോക യുദ്ധത്തിന്റെയും 1975ലെ വിയറ്റ്നാം യുദ്ധത്തിന്റെയും ഭാഗമായി വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ടിവന്ന വിയറ്റ്നാംകാർക്കായി ഫ്യു കയറ്റി അയച്ചിരുന്ന കാലമുണ്ടായിരുന്നു.

ഫ്യുവിന്റെ ഉത്ഭവം സംബന്ധിച്ച തർക്കം ഇപ്പോഴും തുടരുകയാണ്. 2002ൽ യൂറോപ്യൻ കമ്മിഷൻ ഇതുസംബന്ധിച്ച് ഹനോയിയിൽ യോഗം ചേർന്നെങ്കിലും തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. 

ശതകങ്ങളോളം ചൈനയുടെ കീഴിൽ കഴിഞ്ഞ ഉത്തര വിയറ്റ്നാമാണ് ഫ്യുവിന്റെ ജന്മദേശമെന്ന പ്രബലകഥയുണ്ട്. ചൈനയുടെ അരിന്യൂഡിൽസുമായി ഫ്യുവിനുള്ള സാമ്യമാണ് ഇതിനു കാരണം. ചൈനീസ് ന്യൂഡിൽസിലെ പല ചേരുവകളും ഫ്യുവിലും കണ്ടെത്താം. എന്തൊക്കെയായാലും തനതു ഫ്യു രുചിക്കണമെങ്കിൽ ഉത്തര വിയറ്റ്നാമിൽ തന്നെ പോകണം. 

English Summary: Vietnam National Food Pho