അടുക്കളയിലെ ജോലി എളുപ്പമാക്കാൻ ചെറിയ ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കാം.

∙ ദോശയുണ്ടാക്കുമ്പോൾ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂൺ ഉലുവ ചേർത്താൽ സ്വാദേറും. ദോശയ്ക്ക് അരിയും ഉഴുന്നും അരയ്ക്കുന്നതിനൊപ്പം ഒരു കപ്പ് ചോറു കൂടി അരച്ചുചേർത്താൽ നല്ല മയം കിട്ടും

∙ ഇടിയപ്പത്തിനുള്ള മാവിൽ രണ്ടുസ്പൂൺ നല്ലെണ്ണ കൂടി ചേർത്താൽ മാർദ്ദവമേറും.

∙ചൂടായ എണ്ണയിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ ചേർക്കുമ്പോൾ അൽപം വെള്ളത്തിൽ കുതിർത്ത് കുഴമ്പുപരുവത്തിൽ ചേർത്താൽ കരിഞ്ഞുപോകാതെ നല്ല മണത്തോടെ ലഭിക്കും.

∙ ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ റവ അൽപ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാൽ കട്ട കെട്ടുകയില്ല

∙അച്ചാറിന്റെ അവസാനം വരുന്ന അരപ്പ് അൽപം ചൂട് വെള്ളത്തിൽ കലക്കിയെടുക്കുക. ചിരവിയ തേങ്ങ ഈ വെള്ളം ഒഴിച്ച് അരച്ചെടുത്താൽ രുചികരമായ ചമ്മന്തി തയാർ.

∙രാവിലെ തയാറാക്കിയ ഉപ്പുമാവിൽ ഒരു സ്പൂൺ അരിമാവ് കൂടി ചേർത്ത് എണ്ണയിൽ പൊരിച്ചെടുത്താൽ സ്വാദേറും റവവട റെഡി.

∙ മുട്ടകൾ പുഴുങ്ങുമ്പോൾ അൽപം ഉപ്പുചേർത്ത് പുഴുങ്ങിയാൽ മുട്ടത്തൊലി വൃത്തിയായി അടർത്തിയെടുക്കാം.

∙ അല്ലികളാക്കിയ വെളുത്തുള്ള കത്തി ഉപയോഗിച്ച് നടുകെ കീറിയാൽ എളുപ്പത്തിൽ തൊലി കളഞ്ഞെടുക്കാം.

∙ വെളിച്ചെണ്ണ അധികമുണ്ടെങ്കിൽ കേടാകാതിരിക്കാൻ അൽപം ഉപ്പുകല്ലിട്ട് വച്ചാൽ മതിയാകും (വെളിച്ചെണ്ണ ‘കനച്ചു’ പോകില്ല).

∙ മീൻ, ചെമ്മീൻ, കൊഞ്ച് എന്നിവ ഉണ്ടാക്കുമ്പോൾ വിനാഗിരിയിലോ നാരങ്ങാനീരിലോ അൽപം വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് കുറച്ചുസമയം വെച്ചതിനുശേഷം പാചകം ചെയ്താൽ അലർജി ഒരു പരിധിവരെ ഒഴിവാക്കാം.

∙ നാരങ്ങാനീരു ചേർത്ത വെള്ളത്തിൽ അരമണിക്കൂർ ഇട്ടുവച്ച ശേഷം മീൻ വറുത്താൽ മീൻ വറക്കുന്ന മണം പുറത്തു വരില്ല.

∙ ഉരുളക്കിഴങ്ങ് അരിഞ്ഞ് അല്പ നേരം വെള്ളത്തിലിടുക. ശേഷം വറുത്താൽ നല്ല സ്വാദ് കിട്ടും.

∙ ഓംലറ്റിന് നല്ല മൃദുത്വം കിട്ടാൻ മുട്ട പതപ്പിച്ചതിന് ശേഷം അൽപം പാലോ വെള്ളമോ ചേർക്കുക.

English Summary: Cooking Tips