രുചിവൈവിധ്യത്തിന്റെ പുതുലോകം തുറന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനും റൗണ്ട് ദ് ക്ലോക്ക് ഇന്നവേഷൻസും ചേർന്നു ഒരുക്കുന്ന പരീസൺസ് സൽക്കാർ ഭക്ഷ്യമേളയും കേക്ക് ഷോയും സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ. മലബാറിന്റെ തനതു ഭക്ഷ്യ വിഭവങ്ങളോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും വിദേശത്തെയും രുചിക്കൂട്ടുകൾ ഭക്ഷ്യമേളയിൽ സംഗമിക്കുന്നു.

ദം ബിരിയാണിയും റോസ്റ്റ് ബിരിയാണിയും  മലബാറിന്റെ സ്വന്തം രുചി നൽകുമ്പോൾ പുതുതലമുറക്കാരനായ കുഴിന്തിയും ഉണ്ട്. കോഴി കുഞ്ഞിപ്പൊരിയും സ്പ്രിങ് ചിക്കൻ ബിരിയാണിയും കല്ലപ്പം ബർഗറും ചിക്കൻ പൊട്ടിത്തെറിച്ചതും ബീഫ് ഉലർത്തിയതും വറുത്തതും കപ്പയും കപ്പ ബിരിയാണിയും മീൻതലക്കറിയും മീൻ മുളകിട്ടതും കോഴി ഇടിച്ചു കൂട്ടിയതും ചെമ്മീൻ കറിയും കൂന്തൾ ഫ്രൈയുമൊക്കെയായി മലബാർ ഭക്ഷണങ്ങളുടെ നീണ്ട നിര മേളയിലുണ്ട്. 

തവ കോഴി നിറച്ചതും തവ കൂന്തൾ, ചെമ്മീൻ തവ, ബീഫ്, ചിക്കൻ സുർക്കി എന്നിവവയ്ക്കൊപ്പം കഴിക്കാൻ ബട്ടൂരയും അരിപ്പത്തിരിയും.പുതുതലമുറയുടെ ഇഷ്ട വിഭവമായ പാസ്ത പലവിധമാണ്. തനി ഇറ്റാലിയൻ ശൈലിയിലാണു  പാസ്ത പാകം ചെയ്തു നൽകുന്നത്. കുട്ടികൾക്കിഷ്ടപ്പെട്ട സോസ് പാസ്തയും ലഭിക്കും. പാൻ ഫ്രൈ സീഫുഡ് നൂഡിൽസ്, കൂന്തൾ റിങ് മസാല, കാടയും കോഴിയും പൊരിച്ചതും താൽപര്യമുള്ളവർക്ക് ഒപ്പം കഴിക്കാൻ പുട്ടും ലഭ്യമാണ്. 

മലയാളികൾ‌ക്ക് ഏറെ പ്രിയമുള്ള ഞണ്ടു വിഭവങ്ങളും കാന്താരി പോത്തുകറിയും ചിക്കൻ പാച്ചാനിയും ചൂടോടെ ലഭിക്കും. കോഴിയും ബണ്ണും ചേർത്തുണ്ടാക്കിയ കിഴിമണി ബാഗ് എന്ന പേരിൽ കാത്തിരിക്കുന്നു. ചിക്കൻ ലോലിപോപ്പും എഗ് സൂനാമിയും വീട്ടമ്മാർ തന്നെ വിൽപനയ്ക്കെത്തിച്ചിട്ടുണ്ട്. ഡ്രൈ ഫ്രൂട്ട്സ് കലർത്തി അപ്പപ്പോൾ ഉണ്ടാക്കുന്ന പ്രത്യേക തരം ഐസ് ക്രീമുകളും ഏഴു തരം പഴങ്ങൾ ഉപയോഗിച്ചു വർണങ്ങൾ വിതറിയ റെയിൻബോ മലായി ഡിലൈറ്റ്സ് കേക്കും മേളയിലെ താരസാന്നിധ്യമാണ്. 

ചായയും ലഘു പലഹാരവും കഴിക്കാൻ താൽപര്യമുള്ളവർക്കായും രുചിവൈവിധ്യം തയാർ. ഉന്നക്കായ, ചട്ടിപ്പത്തിരി, സമോസ, ഹൽവ, മൈസൂർ പാക്ക് തുടങ്ങിയവ വ്യത്യസ്തമായ രീതിയിൽ പാകം ചെയ്തു നൽകുന്നു. കോഴിക്കോടൻ ഉപ്പിലിട്ടതിന്റെ രുചി അടുത്തറിയാം. കൈതച്ചക്കയും മാങ്ങളും തുടങ്ങിയവ ശുചിയോടെയും ശാസ്ത്രീയമായും ഉപ്പിലിട്ടു നൽകുന്നു. മനം നിറയെ ആഹാരം കഴിച്ചിറങ്ങുമ്പോൾ കുടിക്കാനായി മിന്റ് ലൈം, ഫ്രഷ് ലൈം തുടങ്ങി പാനീയങ്ങളുടെ വലിയ നിര വേറെ. മേള 31 വരെ തുടരും. ദിവസവും വൈകിട്ട് 3 മുതൽ രാത്രി 9.30 വരെയാണു പ്രവേശനം. 50 രൂപയാണു ടിക്കറ്റ് നിരക്ക്. 10 വയസ്സു വരെയുള്ള കുട്ടികൾക്കു പ്രവേശനം സൗജന്യമാണ്.

കേക്ക് ഷോയിൽ നിന്ന്.

‘കേക്കു’ക ഈ മധുരഗാഥ

പൂർണമായും ശീതീകരിച്ച ഹാളിൽ ഒരുക്കിയ കേക്ക് ഷോ വിസ്മയക്കാഴ്ചയാണ്. തളി ക്ഷേത്ര കവാടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിവച്ച ആനക്കുട്ടിയിൽ നിന്നാണു കേക്ക് ഷോ ആരംഭിക്കുന്നത്. തൊട്ടപ്പുറത്തു വലിയ വഞ്ചി, അതിനടുത്തായി ടേബിൾ ടോപ്പ് ഗിറ്റാർ. ഇതെല്ലാം കേക്കുകൾ തന്നെയോ എന്നു സംശയം തോന്നിപ്പോകും.  നാലടി ഉയരത്തിലുള്ള കഥകളി രൂപത്തിൽ ചമയങ്ങളെല്ലാം യഥാവിധിയുണ്ട്. എല്ലാം ഭക്ഷ്യയോഗ്യമായ നിറങ്ങൾ തന്നെ. അടുത്തായി ആറടി ഉയരത്തിൽ യന്ത്രമനുഷ്യൻ മസിൽ ഉരുട്ടി നിൽക്കുന്നു.  225 ചതുരശ്ര അടി വിസ്തൃതിയിൽ കേക്കിൽ  പാർക്കു തന്നെ തീർത്തിട്ടുണ്ട്. മോൾഡിങ് ചോക്കലേറ്റ് അടിസ്ഥാന വസ്തുവായാണു കേക്കിന്റെ വിസ്മയ  ലോകം ഒരുക്കിയത്.

English Summary: Food Fest in Calicut