കാറുകളിൽ കേമൻ റോൾസ് റോയ്സ് എങ്കിൽ ബീഫ് വിഭവങ്ങളിൽ പ്രമാണി ഒമി ഗ്യു എന്നാണ് പറച്ചിൽ. വിലയേറിയതും, അതുപോലെ രുചിയേറിയതും. സംഗതി ജപ്പാനാണ്.

ജപ്പാൻ രാജകുടുംബത്തിന്റെ മൂന്ന് ഔദ്യോaഗിക ബീഫ് വിഭവങ്ങളിൽ ഒന്നായിട്ടാണ് ഒമി ഗ്യു പരിഗണിക്കപ്പെടുന്നത്. (കോബ്, മാറ്റ്‌സുസക എന്നിവയാണ് മറ്റു രണ്ടെണ്ണം.) അതുകൊണ്ടുതന്നെ ലോകം മുഴുവനുമുള്ള ഭക്ഷണനിരൂപകർ ഒമി ഗ്യുവിന് വിഐപി പരിഗണന നൽകുന്നു.

സാമാന്യത്തിലധികം വലിപ്പമുള്ള ബീഫ് കഷണ(സ്റ്റീക്ക്)ത്തിന്റെ അകക്കാമ്പിൽ നെയ്പ്പാളികൾ  തുളുമ്പിനിൽക്കും. അതുതന്നെയാണ് ഒമി ഗ്യൂവിനെ ഏറെ രുചികരവും മൃദുവുമാക്കുന്നത്. അതിന്റെ കൂടെ സമൃദ്ധമായ മസാല കൂടി ചേരുമ്പോൾ, പറയണോ പൂരം. 1868 മുതലാണ് ജപ്പാനിൽ ബീഫ് വ്യാപകമായി കഴിച്ചു തുടങ്ങിയത്. മീജി രാജവംശം ജപ്പാന്റെ അധികാരം ഏറ്റെടുത്ത് പാശ്ചാത്യവൽക്കരണം രാജ്യത്ത് വ്യാപകമായതോടെയായിരുന്നു ഇത്.  എന്നാൽ അതിനുമുൻപ് ഫ്യൂഡൽ പ്രഭുക്കന്മാർ ഒമി ഗ്യുവിന്റെ ഔഷധഗുണം കണ്ടറിഞ്ഞ് അതു കഴിച്ചു തുടങ്ങിയിരുന്നു എന്നു കരുതുന്നു.

ഏറെ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്ന കാലികളെയാണ് ഒമി ഗ്യുവിനായി ഉപയോഗിക്കുന്നത്. ഇവയ്ക്ക് കുടിക്കാനുള്ള വെള്ളത്തിനായി പ്രത്യേക കുളമൊക്കെ സജ്ജമാക്കിയിരിക്കും. 

ലോകത്ത് ഏറ്റവും ലാളിക്കപ്പെടുന്ന കാലികൾ ഒമി ഗ്യൂവിനു വേണ്ടി സജ്ജമാകുന്നവയാണെന്ന് പറയപ്പെടുന്നു.  ലോകമാകമാനം ഒമി ഗ്യുവിന് മതിപ്പുണ്ടാക്കിക്കൊടുത്തതിന് ഇതും ഒരു കാരണമാണ്. ജപ്പാനിലെ ഷിഗമേഖലയിലാണ് ഇവയെ വളർത്തുന്നത്.

English Summary: Japan Omi  Beef