പഴങ്കഞ്ഞിയിൽ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞിട്ട്, തൈരു ചേർത്ത്, കാന്താരി മുളകു ഞെരടി... ഇത്രയും പറയുമ്പോഴേക്ക് ഏതു മലയാളിയുടെയും നാവി‍ലൊരു കഞ്ഞിപ്പാടയുണ്ടാകും. അതുപിന്നെ കൊതി ഓളംവെട്ടുന്ന കഞ്ഞിപ്പാടമാകും. രാവിലെ പഴങ്കഞ്ഞി തൈരും ചേ‍ർത്തു കഴിക്കുന്ന മലയാളി, ‘വീഗൻ’ ആയാലെന്തും ചെയ്യും? വീഗൻ വീരൻമാർക്കും വീരത്തികൾക്കും തൈരു കഴിക്കാൻ പാടില്ലല്ലോ.

വീഗൻ ഭക്ഷണം ജീവിതക്രമമാക്കിയവർക്കു പ്രാതലിനൊരു പഴങ്കഞ്ഞി ബദലുണ്ട്. പഴങ്കഞ്ഞി ഇഷ്ടമില്ലാത്തവർക്കും അത് ഇഷ്ടമാകും. വീഗൻ അല്ലാത്തവർക്കും പെരുത്തു പിടിക്കും. തയാറാക്കിത്തരുന്നതു മലയാളിയല്ല. ന്യൂസീലൻഡുകാരിയാണ്. ബ്രീ മക്കിൽറോയ്. ഫോർട്ട്കൊച്ചിയിൽ ബ്രീ തുടങ്ങിയ വീഗൻ ഭക്ഷണശാലയിൽ കഞ്ഞിയുടെ പകരക്കാരനുണ്ട്.

 ബ്രീ തയാറാക്കുന്ന പ്രാതൽ കാഴ്ചയ്ക്ക് ഐസ്ക്രീം പോലെയിരിക്കും. രുചിയിലും അങ്ങനെതന്നെ. എന്നാൽ ഐസ്ക്രീമല്ല. നൈസ് ക്രീം. നൈസായുള്ള ക്രീം. ചിങ്ങമ്പഴമെന്നു കൊച്ചിക്കാർ വിളിക്കുന്ന റോബസ്റ്റ നൈസായി അടിച്ചു കുഴമ്പു പരുവമാക്കിയതാണു സംഗതി. പഴംകൊണ്ടൊരു തണുത്ത കഞ്ഞി. പഴങ്കഞ്ഞിയേക്കാ‍ൾ പോഷക ഗുണം. ഐസ്ക്രീമിന്റെ ഗ്ലാമർ. മത്തങ്ങയുടെയും ചണത്തിന്റെയും ഉണക്കിയ വിത്തുകൾ, ധാന്യങ്ങൾ, കറുവാപ്പട്ട എന്നിവയാണു നൈസ് ക്രീമിനെ പോഷകസമ്പുഷ്ടമാക്കുന്നത്.  

പാലിനും തൈരിനും ബദലായി സസ്യ ഉത്പന്നങ്ങൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരാണു വീഗൻമാർ. പക്ഷേ നൈസ് ക്രീമിൽ സസ്യാധിഷ്ഠിത പാലോ തൈരോ ഇല്ല. പഴം മാത്രം. കഴിച്ചാൽ ഉള്ളൊന്നു തണുക്കും. സമാധാനമാകും.  തൊണ്ടയിലേക്കു തണുപ്പു പടർത്തി മെല്ലെയിറങ്ങുന്ന ക്രീമിന്റെകൂടെ ഇടയ്ക്കു മത്തങ്ങാവിത്തൊക്കെ കൊറിച്ചു മറിക്കുന്ന രസംവേറെ. ‘ഹെൽത്തി ഫുഡ്’ ആണു കഴിക്കുന്നതെന്ന് ഇടയ്ക്കിടെ തിരിച്ചറിയുന്നതിന്റെ മനസ്സുഖം അതിലുമപ്പുറം.

കൊച്ചി ബിഷപ്സ് ഹൗസിനു സമീപത്തെ വാടത്താഴ ലെയ്നിലെ ‘ലവിങ് എർത് യോഗാ കഫെ’യി‍ൽ പാചകം പൂർണമായും പെൺമേളമാണ്. ഇന്ത്യക്കാരായ ശ്രീയ ഗാസ്മെറും പായൽ ലോധയുമാണു കൂട്ടുഷെഫുമാർ. ശ്രീയയും പായലും പാചകം ചെയ്യുമ്പോൾ ബ്രീ മുകൾനിലയിൽ യോഗാ ക്ലാസ്സെടുക്കുന്നുമുണ്ട്. പാരിസിൽ പ്രത്യേക പരിശീലനം നേടിയ പേസ്ട്രി ഷെഫ് കൂടിയാണു പായൽ. 

സസ്യഉത്പന്നങ്ങൾ മാത്രം ഉപയോഗിച്ചു കിടിലൻ പേസ്ട്രികളാണു പായൽ ഉണ്ടാക്കുന്നത്. 2015 വരെ മാംസാഹാരം കഴിച്ചിരുന്ന ബ്രീ ഋഷികേശിൽപ്പോയി യോഗയിൽ രമിക്കുന്നതോടെയാണു വീഗൻ ആകുന്നത്. യോഗയുടെ ഭാഗമായി ജീവിതശൈലി മാറുകയായിരുന്നു. സസ്യഉത്പന്നങ്ങൾ മാത്രം ഉപയോഗിച്ചു ഭക്ഷണത്തിൽ വൈവിധ്യം ഉണ്ടാക്കുന്നത് എങ്ങനെയെല്ലാം എന്ന അന്വേഷണമായി പിന്നീട്. അതിന്റെ ഭാഗമായി ലോകത്തിന്റെ പലഭാഗങ്ങളിൽ സഞ്ചരിച്ചു. പല വിഭവങ്ങളും സ്വന്തമായി ആവിഷ്കരിച്ചു, പരിഷ്കരിച്ചു. കണ്ടുപിടിത്തങ്ങളുടെ നാളുകൾ. രുചിമുകുളങ്ങളെ കീഴടക്കുന്ന കണ്ടുപിടിത്തങ്ങൾ. ബ്രീ വിഭവങ്ങൾ വിളമ്പുന്നതു തടികൊണ്ടുള്ള പാത്രങ്ങളിലും കോപ്പകളിലുമാണ്.

ലോഹം ഉപയോഗിക്കുന്നില്ല. മെക്സിക്കൻ നാച്ചോ ബ്രീ വീഗൻമട്ടിൽ പുനഃസൃഷ്ടിച്ചതു കഴിച്ചുനോക്കണം. ചോളംകൊണ്ടുള്ള ചിപ്സ്. സോയ് മീറ്റ് മിൻസ് ചെയ്തു മനോഹരമാക്കി. കിഡ്നി ബീൻസ്, തക്കാളി, ഉള്ളി, ഉരുക്കിയ ചീസ്, ജാലപ്പാനോസ് എന്നിവയുടെ സംഗമം. ചീസ് എന്നു കേൾക്കുമ്പോൾ സംശയിക്കരുത്. കശുവണ്ടിയിൽനിന്നുണ്ടാക്കിയതാണ് ഈ ചീസ്. 

വീഗൻ ചീസ് ഉണ്ടാക്കിത്തരുന്ന കമ്പനികൾ ഇപ്പോൾ ഇന്ത്യയിലും ഉണ്ടെന്നു ബ്രീ പറയുന്നു. പൊളിപ്പൻ പീത്‌സയും ബ്രീ ഉണ്ടാക്കുന്നു. ഓർഡർ ചെയ്താൽ 25 മിനിറ്റുകൊണ്ടു മേശയിലെത്തും. വൈകിട്ടുമാത്രമേ പീത്‌സ കിട്ടൂ കേട്ടോ. ഭക്ഷണശാല രാവിലെ 9 മുതൽ രാത്രി 10വരെ തുറന്നിരിക്കും. കൊച്ചിയിലെ ഏക വീഗൻ ഭക്ഷണശാലയെന്നു ‘ലവിങ് എർത് യോഗാ കഫെ’യെ വിശേഷിപ്പിക്കാം. 

എന്താണു വീഗനിസം?

മീൻ, പക്ഷി, മൃഗാദികളിൽ നിന്നുള്ള എല്ലാ ഭക്ഷ്യവസ്തുക്കളും വർജിക്കുക എന്നതാണു വീഗനിസം. പാലും മുട്ടയുമൊന്നും ഉപയോഗിക്കില്ല. മീൻ, പക്ഷി, മൃഗാദികളിൽനിന്നുള്ള ഭക്ഷ്യേതര സാധനങ്ങളും ഒഴിവാക്കുന്നു. സൗന്ദര്യവർധക വസ്തുക്കൾ, തൊപ്പി, കുപ്പായം, ബാഗ് തുടങ്ങിയവയെല്ലാം. വീഗനിസം പിന്തുടരുന്നവരെ വീഗൻ എന്നുവിളിക്കും.

ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ 1944ൽ വെജിറ്റേറിയൻ സൊസൈറ്റി വിട്ടുപോന്നവർ ഉണ്ടാക്കിയ വീഗൻ സൊസൈറ്റിയാണു തുടക്കക്കാർ. പുതിയ തലമുറ വീഗൻമാർ മൃഗസംരക്ഷണവും പരിസ്ഥിതിരക്ഷയുംകൂടി ജീവിതശൈലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീഗൻ മെനു ഹൃദ്രോഗത്തെ തടയുമെന്നും പ്രമേഹക്കെടുതികൾ ഇല്ലാതാക്കുമെന്നും വീഗൻമാർ. സ്വാഭാവികമായി അമിതവണ്ണം കുറയ്ക്കും.

English Summary: Loving Earth Yoga Cafe Kochi