ഒരു ഇസ്താംബുൾ യാത്രയിലാണ് അൻസാറിന് ഈ ആശയം മനസിലേക്കു വന്നത്, ആരോഗ്യസമ്പുഷ്ടവും രുചികരവുമായ ഷവർമ ഏറ്റവും വൃത്തിയോടെ ഭക്ഷണപ്രേമികൾക്കു നൽകുകയാണ് ലക്ഷ്യം. രുചി വർദ്ധിപ്പിക്കുന്നതിന് കൃത്രിമമായി യാതൊന്നും ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നില്ല. അൻസാറിനൊപ്പ സിദ്ദിഖും ചേർന്നപ്പോൾ അൽ താസ എന്ന ലെബനീസ് ഫുഡ് ഷോപ്പ് കലൂരിൽ ആരംഭിക്കുകയായി. എല്ലാം പ്രകൃതിദത്തമായ ചേരുവകളാണ് ഉപയോഗിക്കുന്നത്. ശീതീകരിച്ച മാംസം (frozen meat) പാചകത്തിനായി ഇവിടെ ഉപയോഗിക്കാറില്ല. ചിക്കനാണെങ്കിലും ബീഫ് ആണെങ്കിലും ഏറ്റവും ഗുണമേന്മയുള്ള മാംസമാണ് പാചകത്തിനുപയോഗിക്കുന്നത്. ബോൺലെസ് ചിക്കൻ തയാറാക്കുന്നതും ഇവിടത്തെ അടുക്കളയിലാണ്. അതിനാൽ പാചകത്തിന് എപ്പോഴും ഫ്രഷ് ചിക്കനാണ് ഉപയോഗിക്കുന്നത്. കളർഫുൾ റുമാലി റൊട്ടികളും ഇവിടെ ലഭിക്കും. സ്വാഭാവികമായി കളർ ലഭിക്കാൻ ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയുടെ ജ്യൂസിലാണ് റുമാലി റൊട്ടിക്കുള്ള മാവ് തയാറാക്കുന്നത്.

ഷവർമ എന്ന അറേബ്യൻ രുചി കേരളത്തിലെത്തിയിട്ട് ഒരു ദശാബ്ദക്കാലം പിന്നിടുമ്പോൾ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്നാക്സ് വിഭവമായി അതു മാറിക്കഴിഞ്ഞിരിക്കുന്നു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ രുചിവൈവിധ്യങ്ങൾ അവയുടെ തനതുശൈലിയിൽ പരിചയപ്പെടുത്തുകയാണ് കൊച്ചിയിലെ അൽ താസ റസ്റ്റോറന്റ്. ലെറ്റ്യൂസിനും ഫ്രഞ്ച് ഫ്രൈസിനുമൊപ്പം വിളമ്പുന്ന ചെറുതീയിൽ പാകം ചെയ്യുന്ന മാംസവിഭവങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഫലാഫൽ എന്നറിയപ്പെടുന്ന മറ്റൊരു രസികൻ വിഭവവും ഇവിടെയുണ്ട്.   

English Summary: Quick Bites Video, Al Taza