ഇന്ത്യാ സന്ദർശനത്തിന് എത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും പത്നി മെലനിയയ്ക്കും രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴ വിരുന്നിൽ ഫിഷ് ടിക്ക മുതൽ  മട്ടൺ ബിരിയാണി വരെ.

രാഷ്ട്രപതി ഭവനിലെ സ്പെഷൽ ദാൽ റെയ്സിനയും മട്ടൻ വിഭവങ്ങളും ട്രംപിനും കുടുംബത്തിനും ഏറെ ഇഷ്ടമായി. സസ്യാഹാരവും മാംസാഹാരവുമായി നൂറോളം വിഭവങ്ങളാണ് വിരുന്നിന് ഒരുക്കിയത്.

ഫ്രഞ്ച് വിഭവമായ അമ്യൂസ് ബോഷെ (കൊഞ്ചുപയോഗിച്ചു തയാറാക്കുന്നത്), സാൽമൺ ഫിഷ് ടിക്ക, ലെമൺ കൊറിയാൻഡർ സൂപ്പ് എന്നിവയായിരുന്നു രാഷ്ട്രപതി ഭവനിലെ ഷെഫ് മോണ്ടു സെയ്നി തയാറാക്കിയ വിരുന്നിലെ സ്റ്റാർട്ടറുകളിൽ ചിലത്. ഹിമാലയത്തിൽ വളരുന്ന, കിലോയ്ക്ക് 30,000 രൂപ വരെ വിലയുള്ള മോറൽ കൂണുകളും പയറും ഉപയോഗിച്ചുളള ദം ഗുച്ചി മട്ടർ, മട്ടൻ ബിരിയാണി, രാഷ്ട്രപതി ഭവന്റെ പ്രശസ്തമായ ദാൽ റെയ്സിന, മിന്റ് റെയ്ത്ത എന്നിവയും മെയിൻ കോഴ്സിൽ ഉൾപ്പെട്ടു.

ട്രംപിനും മെലനിയയ്ക്കും ഭക്ഷണം കഴിക്കാനുള്ള സ്വർണത്തളികയും വെള്ളിപ്പാത്രങ്ങളും ജയ്പൂരിൽ നിന്നാണ് ഡൽഹിയിൽ എത്തിച്ചത്.

മെനുവിനെക്കുറിച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ ആദ്യം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ട്രംപിന്റെ മെനുവിൽ ബീഫ് സ്റ്റീക്ക്, ബർഗറുകൾ, മീറ്റ് ലോഫ്, ഡയറ്റ് സോഡ എന്നിവയാണ് അധികവുമുള്ളത്. അദ്ദേഹം പച്ചക്കറികൾ കഴിക്കുന്നത് ആരും കണ്ടിട്ടില്ലെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

English Summary: Dinner Banquet for US President Donald Trump