മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ് പുട്ട്, പുട്ടു കുറ്റിയില്ലാതെ ആവിയിൽ വേവിച്ച് എടുക്കുന്നത് എങ്ങനെയെന്നു നോക്കാം.കൂടെ ചെറുപയർ കറിയും. രുചികരമായ വിഭവത്തിന്റെ വിഡിയോ പരിചയപ്പെടുത്തുന്നത് വീണാസ് കറിവേൾഡാണ്.

ചേരുവകൾ

  • ചെറുപയർ – 1 ഗ്ലാസ് (വെള്ളത്തിൽ കുതിർത്തത്)
  • ചെറിയ ഉള്ളി – 5–6 എണ്ണം
  • ഉണക്കമുളക് പൊടിച്ചത് – 2 ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • വെള്ളം – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • പ്രഷർ കുക്കറില്‍ ഒരു ഗ്ലാസ് ചെറുപയർ 2 ഗ്ലാസ് വെള്ളത്തിൽ ഉപ്പും ചേർത്ത് ഒരു വിസിൽ വരുന്നതു വരെ വേവിക്കുക. നന്നായി ആവി പോയതിനുശേഷം കുക്കർ തുറക്കാം.
  • സ്റ്റൗ കത്തിച്ച് ഒരു ഫ്രൈപാനിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അഞ്ച് ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ ഉണക്കമുളക് പൊടിച്ചത് ചേർത്ത് നന്നായി ഇളക്കി ഒന്നു ചൂടായി കഴിയുമ്പോൾ വെന്ത ചെറുപയർ ചേർത്ത് നന്നായി ഇളക്കി ഒന്നര ഗ്ലാസ് വെള്ളവും ചേർത്ത് അഞ്ച് മിനിറ്റ് നേരം തിളച്ച ശേഷം തീ ഓഫ് ചെയ്ത് സ്റ്റൗവിൽ നിന്ന് വാങ്ങാം.

പുട്ട്

  • പുട്ട് പൊടി – 1 ഗ്ലാസ്
  • തേങ്ങ ചിരകിയത്– 4 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

ഒരു പാത്രത്തിൽ തേങ്ങ ചിരകിയതും ആവശ്യത്തിന് ഉപ്പും പുട്ട് പൊടിയും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് പൊടി നനച്ച്(ഒരു ഗ്ലാസ് പുട്ട് പൊടിക്ക് ഒരു ഗ്ലാസ് വെള്ളം എന്നതാണ് കണക്ക്) പത്ത് മിനിട്ട് നേരം അടച്ചു വയ്ക്കുക. പത്ത് മിനിട്ടിനു ശേഷം ഈ പൊടിയിലേക്ക് ഒരു നുള്ള് പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം

ഇഡ്ഡലി തട്ടിൽ വാഴയില ഇട്ട് അതിനു മുകളിൽ വച്ച് പുട്ട് പൊടി ആവി കയറ്റി എടുക്കാം. വെള്ളം നന്നായി തിളച്ച് ആവി വന്നശേഷം പത്ത് മിനിട്ട് നേരം പാത്രം അടച്ചു വെച്ച് ആവികേറ്റുക. ആവി പുട്ട് റെഡി.

English Summary: Easy Puttu without Mould and Moong Dal Curry