ദഹനം എളുപ്പത്തിലാക്കുന്ന പോഷക സമ്പുഷ്ടമായി ആഹാരമാണ് കഞ്ഞി. പല ചേരുവകൾ ചേർത്ത് ഗുണവും രുചിയും കൂട്ടാം. പഴങ്കഞ്ഞിയെക്കുറിച്ച് സിംപിളായി പറഞ്ഞാൽ തലേദിവസത്തെ കഞ്ഞി...പാലപ്പത്തിന്റെ പകിട്ടില്ലെങ്കിലും പ്രാതൽ വിഭവങ്ങളിൽ നമ്മുടെ നാട്ടിലെ പ്രധാനിയാണ് പഴങ്കഞ്ഞി. തണുത്തതായതുകൊണ്ട് പഴങ്കഞ്ഞി ഉഷ്ണരോഗങ്ങൾക്ക് മികച്ചൊരു പരിഹാരവുമാണ്.

പഴംകഞ്ഞിയെ കുറിച്ച് പറയുവാണെങ്കിൽ...

‘കളിപ്പാട്ടം’ സിനിമയിൽ ഉർവശിയെ മാത്രമല്ല, നമ്മളെയും കൊതിപ്പിച്ച ആ മോഹൻാൽ ഡയലോഗ് ഓർമയില്ലേ? ‘ബസുമതിയും വാസന്തിയുമൊന്നുമല്ല നല്ല റോസ് ചമ്പാവരി ചോറ് നല്ല കുഴിവുള്ള പരന്ന പിഞ്ഞാണത്തിൽ വെള്ളം കൂടുതലാക്കി, പഴങ്കഞ്ഞി ഇങ്ങനെ കോരിയെടുക്കണം എന്നിട്ട് കുറച്ച് കട്ടത്തൈരും പിന്നെ, പച്ചമുളക് കീറിയിട്ട മാങ്ങാക്കറിയും അതിലിടണം. എന്നിട്ടങ്ങോട്ട് ഞെരടി ഞെരടി ചേർത്തിട്ട്, തലേദിവസത്തെ മരച്ചീനി പുഴുങ്ങിയത് കുറച്ചിടണം. എന്നിട്ട് ഇളക്കി ഇളക്കി ഒരു പരുവമാക്കി അവനെയങ്ങോട്ടെടുത്ത് രണ്ടു ലാമ്പു ലാമ്പി ഒരൊറ്റ മോന്തല്. എന്റെ മോളെ നമ്മുടെ കുടലൊക്കെ നല്ല കിണുകിണാന്നിരിക്കും. എന്തൊരു പ്രോട്ടീൻസാണെന്നറിയോ? ഇതു സ്ഥിരമായി കഴിക്കുന്ന പെണ്ണുങ്ങൾ പ്രസവിക്കുന്ന കുഞ്ഞുങ്ങളുണ്ടല്ലോ നല്ല തുടുതുടാന്നിരിക്കും.’


സൊയമ്പൻ പഴങ്കഞ്ഞി വീട്ടിൽ തയാറാക്കാം

സ്റ്റീൽ പാത്രത്തിലോ കണ്ണാടിപാത്രത്തിലോ പഴങ്കഞ്ഞി തയാറാക്കാം. പക്ഷേ, പഴങ്കഞ്ഞിയുടെയൊരു ആഢ്യത്ത മുണ്ടല്ലോ. അതു കിട്ടണമെങ്കിൽ മൺപാത്രമോ ചട്ടിയോ തന്നെ വേണം. അതിൽ രണ്ടേ രണ്ട് ചുവന്നുള്ളിയും ഒരു പച്ചമുളകും കൂടി അമ്മിക്കല്ലു കൊണ്ടൊന്നു ചതച്ചിടണം. ഒപ്പം ഇത്തിരി തൈരും എന്നിട്ട് മരത്തവി കൊണ്ട് മെല്ലെയൊന്നിളക്കി വയ്ക്കുക. ഉറിയിൽ കെട്ടിത്തൂക്കിയുമിടാം.

ഒരു രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് കഞ്ഞിവെള്ളത്തിന്റെ പശയും ചോറുംവറ്റിന്റെ തണുപ്പും കൂടിച്ചേർന്ന് കൂട്ടു കൂടി കലങ്ങി നല്ല സൊയമ്പൻ പഴങ്കഞ്ഞി റെഡിയാകും. കാലത്തെഴുന്നേറ്റ് തുണ്ട് മാങ്ങാച്ചമ്മന്തിയോ ഒരു പിഞ്ഞാണം മീൻകറിയോ അൽപം കപ്പപുഴുക്കോ കൂടെയിട്ടു വാരിക്കഴിക്കാം. പിന്നെ, ഉച്ചവരെ വിശപ്പുമില്ല! ദാഹവുമില്ല!

English Summary: Pazhankanji, Kerala's own superfood