ലോകത്തിൽ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഓറഞ്ച്; ദക്ഷിണ സ്പെയിനിലെ സെവില്ലിൽ ഉൽപാദിപ്പിക്കുന്ന ഓറഞ്ചിനെ അങ്ങനെ വിശേഷിപ്പിക്കാം. പേരുകേട്ട മർമലെയ്ഡ് വിഭവം ഈ ഓറഞ്ചിൽനിന്ന് ഉണ്ടാക്കുന്നു എന്നതു തന്നെ കാരണം. മർമലെയ്ഡ് എന്നാൽ ഓറഞ്ച് ജാമെന്ന് എളുപ്പത്തിൽ പറയാം. സംസ്കരിച്ച, ജെല്ലി രൂപത്തിലുള്ള പഴച്ചാറുകളെ സാധാരണഗതിയിൽ ജാം എന്നാണു വിളിക്കാറ്. എന്നാൽ അത് ഓറഞ്ചിൽ നിന്നാകുമ്പോൾ പേര് മർമലെയ്ഡ് എന്നാകുന്നു. ലോകത്ത് പലതരം മർമലെയ്ഡ് ഉണ്ടെങ്കിലും കാരണവ സ്ഥാനം സെവിൽ ഓറഞ്ച് മർമലെയ്ഡിനാണ്. ഓറഞ്ച് ഉൽപാദിപ്പിക്കുന്നത് സെവില്ലിൽ ആണെങ്കിലും മർമലെയ്ഡ് ഉണ്ടാക്കുന്നത് ഇംഗ്ലീഷുകാരാണ്. 

സ്കോട്‌ലൻഡിലെ ഡൻഡിയിലാണ് മർമലെയ്ഡിന്റെ ജനനമെന്നു വിശ്വസിക്കുന്നു. അതിനുപിന്നിൽ രസകരമായൊരു കഥയുണ്ട്. 

പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ സെവില്ലിൽനിന്ന് ഓറഞ്ചുമായി വരികയായിരുന്ന ഒരു കപ്പൽ കൊടുങ്കാറ്റിൽപെട്ട് ഡൻഡിയുടെ തീരത്ത് അടുപ്പിച്ചു. മടക്കയാത്ര അനിശ്ചിതത്വത്തിലായി. ഓറഞ്ച് കേടായി പോകുമെന്നതിനാൽ ഡൻഡിയിൽ തന്നെ വിൽക്കാതെ അവർക്കു മറ്റു മാർഗമില്ലായിരുന്നു. വളരെ വിലക്കുറവിൽ ജെയിംസ് കീല്ലർ എന്ന വ്യാപാരി അങ്ങനെ ഓറഞ്ച് വാങ്ങിച്ചു. അദ്ദേഹത്തിന്റെ ഭാര്യയാണ് ഓറഞ്ചിൽനിന്നു മർമലെയ്ഡ് ഉണ്ടാക്കിയതത്രേ. മറ്റൊരു കഥയുള്ളത് ഇങ്ങനെ. സ്കോട് രാഞ്ജിയായിരുന്ന മേരിക്ക് ഒരിക്കൽ അസുഖം വന്നു. ചികിത്സിച്ച ഡോക്ടർ മരുന്നായി നൽകിയത് സംസ്കരിച്ച ഓറഞ്ചായിരുന്നു. അതോടെ രാഞ്ജിയുടെ അസുഖം മാറി. അങ്ങനെ മേരിയുടെ അസുഖം മാറ്റിയ ഓറഞ്ച് സത്തിനെ മർമലെയ്ഡ് എന്നു വിളിക്കാൻ തുടങ്ങി. എന്തൊക്കെയായാലും ഓറഞ്ച് അടക്കമുള്ള പഴങ്ങളിൽനിന്ന് ജാം ഉണ്ടാക്കുന്നതു സംബന്ധിച്ച് 15ാം നൂറ്റാണ്ടിലെ പാചകഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്. 

ഇംഗ്ലിഷ് പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ് ഇന്ന് മർമലെയ്ഡ്. ഏറെ ശ്രമകരമാണ് മർമലെയ്ഡ് ഉണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ ആഡംബര വിഭവമായാണ് മർമലെയ്ഡ് പരിഗണിക്കപ്പെടുന്നത്.  തൊലികളഞ്ഞ ഓറഞ്ച് കഷണങ്ങളാക്കി സംസ്കരിച്ചാണ് മെൽമലൈഡ് ഉണ്ടാക്കുക. 

പുളിപ്പ് ഏറെ കൂടുതലായ സെവിൽ ഓറഞ്ച് പക്ഷേ സ്പെയിൻകാർക്ക് അത്ര ഇഷ്ടമല്ല. എങ്കിലും ഇംഗ്ലീഷുകാർക്ക് മർമലെയ്ഡ് ഉണ്ടാക്കുന്നതിനു മാത്രം 15000 ടൺ സെവിൽ ഓറഞ്ചാണ് സ്പെയിൻ ഓരോ വർഷവും ബ്രിട്ടനിലേക്കു കയറ്റുമതി ചെയ്യുന്നത്. മർമലെയ്ഡുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ ഒട്ടേറെ മേളകളും നടക്കാറുണ്ട്.

English Summary: Orange Marmalade, Orange Jam