റസ്റ്ററന്റിൽ നല്ല ഭക്ഷണം കൊടുത്തു ലക്ഷപ്രഭുക്കളായവർ നമുക്കു ചുറ്റുമുണ്ടാക്കാം. ഫേസ്ബുക്കിലൂടെ നല്ല ഭക്ഷണമുണ്ടാക്കുന്ന വിഡിയോ കാണിച്ചു ലക്ഷങ്ങൾ സമ്പാദിക്കുന്നവർ അപൂർവമാണ്. പാലക്കാട്ടെ ഒരു ഗ്രാമത്തിൽ നിന്നു കൊതിയൂറുന്ന വിഭവങ്ങളുടെ വിഡിയോ ഫേസ്ബുക്കിലെ ക്രാഫ്റ്റ് മീഡിയ എന്ന പേജിലൂടെയും യുട്യൂബിലും അപ്‌ലോഡ് ചെയ്ത് ഫിറോസ് ചുട്ടിപ്പാറ സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. 

ക്രാഫ്റ്റ് മീഡിയ എന്ന പേജിൽ ഫിറോസ് ഒരു മാസത്തിനിടെ നാലോ അഞ്ചോ വിഡിയോകൾ മാത്രമേ അപ്‌ലോഡ് ചെയ്യാറുള്ളു.  ഓരോ വിഡിയോയ്ക്കും ശരാശരി കാഴ്ച്ചക്കാർ പത്തു ലക്ഷം പേരാണ്. കുടുക്കാച്ചി ബിരിയാണിയുണ്ടാക്കുന്ന വിഡിയോ കണ്ടു വായിൽ കപ്പലോടിച്ചവർ അൻപത്തിമൂന്നു ലക്ഷം പേരാണ്. ക്രാഫ്റ്റ് മീഡിയയിലെ നൂറിലധികം വിഡിയോകൾക്ക് ശരാശരി  10 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്.  ലക്ഷത്തിനു മുകളിലാണ് ഫിറോസിന്റെ പ്രതിമാസ വരുമാനം. യുട്യൂബിൽ നിന്നു ഇതിലധികം തുക ലഭിക്കുമ്പോഴും കൂടുതൽ ആൾക്കാര്‍ കാണുന്നതും പങ്കുവയ്ക്കുന്നതും അഭിപ്രായങ്ങൾ അറിയിക്കുന്നതും ഫേസ്ബുക്ക് വിഡിയോകള്‍ ആണെന്നാണ് ഫിറോസിന്റെ അഭിപ്രായം കേരളത്തിലെ ന്യൂസ് ചാനലുകളുടെ ഫേസ്ബുക്ക് പേജുകൾ കഴിഞ്ഞാൽ ആൾക്കാർ ഫോളോ ചെയ്യുന്ന ഇന്‍ഡിവിജ്യുൽ പേജാണ് ക്രാഫ്റ്റ് മീഡിയ. 6 ലക്ഷത്തിലധികം പേരാണ് ക്രാഫ്റ്റ് മീഡിയ ഫോളോ ചെയ്യുന്നത്. 

പാലക്കാടിന്റെ നാട്ടുവഴികളും ഫിറോസിന്റെ കൈപുണ്യം നിറഞ്ഞ പാചകവും ലളിതമായ അവതരണവും തന്നെയാണു പേജിന്റെ വിജയത്തിനു പിന്നിൽ. യു‍ട്യൂബില്‍ വില്ലേജ് ഫുഡ് ചാനലൂടെയാണ് ഫിറോസ് വിഡിയോ പങ്കുവയ്ക്കുന്നത്. ഫേസ്ബുക്ക് വിനോദത്തിനു മാത്രമല്ല, സ്വയം വരുമാനത്തിനുകൂടി ഉപയോഗിക്കാമെന്നു തെളിയിക്കുകയാണ് പാലക്കാട്ടെ ഒരു ഉൾഗ്രാമത്തിൽ നിന്നു ജനങ്ങളുടെ പ്രിയങ്കരനായ ഫിറോസ് ചുട്ടിപ്പാറ. 

English Summary: Firoz Chuttipara Youtube Food Vlogger