കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള അടച്ചിടൽ മൂലം ഒട്ടനവധി നല്ല ശീലങ്ങൾ പരിശീലിക്കുവാനുള്ള  സമയവും സാവകാശവുമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അതിൽ എടുത്ത് പറയേണ്ടതാണ്   ആരോഗ്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടിലുണ്ടായ മാറ്റങ്ങൾ. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുവാനുള്ള ഭക്ഷ്യ ശീലങ്ങളിലേക്കു കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ലോക്ക്ഡൗൺ  കാലം നമ്മളെ എത്തിച്ചത് . നമ്മുടെയെല്ലാം വീടുകളിലെ ഉദ്യാനങ്ങളിൽ നട്ടുപിടിപ്പിക്കുന്ന ഔഷധ സസ്യങ്ങളാണ്  പ്രതിരോധ ശേഷി വർധിപ്പിക്കുവാൻ  അനുയോജ്യമെന്ന് പ്രശസ്ത പാചകവിദഗ്ധയായ വിനി ശിവകർ പറയുന്നു. പാചകത്തിന്റെ വേളയിൽ മണത്തിനും രുചിക്കും വേണ്ടി മാത്രമാണ് സാധാരണയായി ഔഷധ സസ്യങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ പ്രാധാന്യം കുറഞ്ഞ ഔഷധ സസ്യങ്ങളാകുന്ന ചേരുവകൾക്കാണ് ഏറ്റവും ഗുണമേന്മയുള്ളതെന്നു  വിനി ശിവകർ ഉറപ്പിക്കുന്നു. ഔഷധ സസ്യങ്ങളിലുള്ള ആന്റിഓസ്‌സൈഡുകളാണ് ബാക്റ്റീരിയയെ ചെറുക്കുന്നത്. അതിനാൽ ആഹാരമുണ്ടാക്കുമ്പോൾ ഔഷധ മൂല്യമുള്ള സസ്യങ്ങൾ ചേർക്കേണ്ടത്  അതാവശ്യമായിരിക്കുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കുവാനുള്ള ചില ഔഷധ സസ്യങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.  

തുളസി 

ഔഷധ സസ്യങ്ങൾക്കിടയിലെ രാ‍‍ജ്ഞിയായാണ് തുളസി അറിയപ്പെടുന്നത്. കാൻസർ  പ്രതിരോധത്തിന് ഏറ്റവും അനുയോജ്യമായ ഔഷധ സസ്യമാണ് തുളസി.  തുളസിയില ചേർത്തുള്ള ചായ കുടിച്ചാൽ തലവേദനയും ദഹനതടസവും ഒഴിവാകുമെന്നും പറയപ്പെടുന്നു. 

മധുര തുളസി 

തുളസി വർഗത്തിൽപ്പെട്ട ഔഷധ സസ്യമാണ്  മധുര തുളസി. സുഗന്ധ ദ്രവ്യങ്ങളിൽ ചേർക്കുന്ന ടെർപിനോൾ എണ്ണയിൽ മധുര തുളസിയും ഉൾപ്പെടുന്നു. ദഹനക്കേട്, രക്തചംക്രമണം മൂലമുള്ള  തടസ്സങ്ങൾ ഇല്ലാതാക്കുവാൻ മധുര തുളസി ഏറെ ഗുണപ്രദമാണ്. 

ഉലുവ 

ഏറെ ഔഷധ ഗുണമുമുള്ള സസ്യമാണ് ഉലുവ. വിത്തോ  പൊടിയോ സസ്യമോ ഏതു രൂപത്തിലായാലും ഉലുവയുടെ ഗുണം കുറയുന്നില്ല. ഇവയിൽ അടങ്ങിയിരിക്കുന്ന വിവിധ തരത്തിലുള്ള  ധാതുക്കളാണ് പോഷക ഗുണം നൽകുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും  മലബന്ധം തടയാനും ഉലുവയുടെ ഉപയോഗം സഹായിക്കും .

പുതിനയില

തണുപ്പിന്റെ പ്രതീതി പകരുന്ന ഔഷധ സസ്യമാണ് പുതിന ഇല. വായ ശുദ്ധീകരിക്കാനും ഈ ഔഷധ സസ്യം ഗുണപ്രദമാണ്. ആമാശയ സംബന്ധമായ പ്രശ്നങ്ങൾ, ശ്വാസ തടസ്സം, അലർജി സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ പ്രതിരോധിക്കുവാൻ പുതിന ഇലയുടെ ഉപയോഗത്തിലൂടെ സാധിക്കും. 

മല്ലി 

മല്ലിയില ചേർക്കുമ്പോൾ ഭക്ഷ്യ വിഭവങ്ങൾക്ക് കൂടുതൽ സ്വാദുണ്ടാകുന്നു. മല്ലിയിലയിൽ അടങ്ങിയിട്ടുള്ള ആന്റിയോക്സയിടുകൾ പ്രതിരോധ ശക്തിക്കു ഗുണപ്രദമാണ്. രക്തത്തിലെ കൊഴുപ്പു സംബന്ധമായ പ്രശ്നങ്ങൾ, വയറിളക്കം, ദഹനക്കേട് തുടങ്ങിയവയ്‌ക്കെതിരെയുള്ള മരുന്ന് കൂടിയാണ് മല്ലിയില ചേർത്തുള്ള വിഭവങ്ങൾ.

English Summary: Five Herbs, Better Immunity