ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി  സ്പെഷൽ  സമൂസയും മാങ്ങ ചമ്മന്തിയും  പാകം ചെയ്തതിന്റെ ത്രില്ലിലാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ജൂൺ നാലാം തീയതി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോൺഫറൻസിനു മുന്നോടിയായാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പലഹാരമായ സമൂസയും മാങ്ങാ ചമ്മന്തിയും  അദ്ദേഹം ഉണ്ടാക്കിയത്. 

തന്റെ ട്വിറ്ററിലൂടെയാണ് സമൂസയുടെ ചിത്രങ്ങൾ മോറിസൺ പങ്കുവെച്ചത്.  വെജിറ്റേറിയൻ ആയതു കൊണ്ടാണ് മോദിക്കായി സമൂസ ഉണ്ടാക്കിയത്. എന്നാൽ  സമൂസയും ചമ്മന്തിയും നേരിട്ട് നൽകുവാൻ സാധിക്കാത്തതിൽ നിരാശയുണ്ട്. കൊറോണയെ തുടർന്ന് ഇപ്പോൾ കൂടികാഴ്ചകളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണല്ലോ. ഇത്തരത്തിൽ നരേന്ദ്രമോദിയോടുള്ള ഊഷ്മളമായ സൗഹ്രദം പ്രകടിപ്പിക്കുന്ന വാക്കുകളാണ്  മോറിസൺ ട്വിറ്ററിൽ പങ്കുവെച്ചത്. 

ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ബന്ധിപ്പിക്കുന്നത് ഇന്ത്യൻ സമുദ്രമാണെങ്കിൽ  സമൂസയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമായതായി നരേന്ദ്രമോദി പ്രതികരിച്ചു. കൊറോണയെ അതിജീവിക്കുന്ന വേളയിൽ മോറിസ്സനും താനും ഒരുമിച്ചിരുന്നു സമൂസ കഴിക്കുമെന്നും നരേന്ദ്രമോദി ട്വിറ്ററിലൂടെ ആസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് മറുപടി നൽകി.

English Summary: Australia PM Scott Morrison makes samosas. Looks delicious, says PM Modi