മനുഷ്യത്വം മറന്നു കൊണ്ടുള്ള കൊടും ക്രൂരതകളുടെ കഥകൾ മഹാമാരിയുടെ കാലത്തും നമ്മൾ കേൾക്കുന്നുണ്ട്. എന്നാൽ മഹാമാരികളും പ്രകൃതി ദുരന്തങ്ങളുമുണ്ടാകുമ്പോഴും കൈകോർക്കുന്ന മനുഷ്യത്വത്തിന്റെ കാഴ്ചകളും നമ്മൾ കാണാതെ പോകരുത്. ശ്രമിക് തീവണ്ടിയിൽ ബീഹാറിലേക്ക് പോവുകയായിരുന്ന മിസോറം സ്വദേശികളാണ് കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും മാതൃകകളായി മാറിയിരിക്കുന്നത്. ബംഗളൂരിൽ നിന്ന് മിസോറാമിലേക്കുള്ള തീവണ്ടിയാത്രയ്ക്കിടെ ആസാമിലെ പ്രളയ ബാധിത പ്രദേശങ്ങളിലുള്ളവർക്കു മിസോറം സ്വദേശികൾ  ആഹാരം നൽകുന്ന കാഴ്ച ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ നിന്നുമിവർ ആഹാര പൊതികൾ  ദുരിതബാധിതരിലേക്കു എറിഞ്ഞുകൊടുക്കുകയായിരുന്നു. കാരുണ്യത്തിന്റെ ദൃശ്യങ്ങൾ ഉടൻ തന്നെ മിസോറം മുഖ്യമന്ത്രി സോറാംതാംഗ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചു. 

അതെ സമയം വിശന്നു വലയുന്ന മിസോറം സ്വദേശികൾക്കു  ബീഹാർ സ്വദേശികൾ ആഹാരം നൽകുന്ന സന്മനസ്സിന്റെയും ദയയുടെയും മറ്റൊരു കാഴ്ചയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ബിഹാറിലെ ബെഗുസരായിൽ നിർത്തിയിട്ടിരുന്ന ശ്രമിക് തീവണ്ടിയിലുള്ള മിസോറം സ്വദേശികൾക്ക്  ബെഗുസരിയിലെ ചില നാട്ടുകാർ ആഹാരം നൽകുന്ന വിഡിയോയും ഇപ്പോൾ വൈറലാണ്. 

പൊതികളിലാക്കിയാണ് ഇവർ ആഹാരം വിതരണം  ചെയ്തിരിക്കുന്നത്. ബിഹാറുകാരുടെ മനുഷ്യത്വത്തെ പ്രശംസിച്ച് കൊണ്ട് ഈ ദൃശ്യവും മിസോറം മുഖ്യമന്ത്രി തന്റെ ട്വിറ്ററിലൂടെ പങ്കു വെച്ചിട്ടുണ്ട്.

English Summary: Mizos offers their food to flood affected victims on their way back.