ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന സിനിമ കണ്ടവരൊക്കെ ആഗ്രഹിച്ചു കാണും ഇതുപോലൊരു റോബോട്ടിനെ വീട്ടിൽ കിട്ടിയാൽ നന്നായിരുന്നെന്ന്. അടുക്കളയിലെ ജോലികളിലൊക്കെ കിറുകൃത്യം. ഹാ പിന്നെ ഇതൊക്കെ സിനിമയിലല്ലെ നടക്കൂ എന്ന് ആശ്വസിച്ചിരിക്കുകയായിരുന്നോ. എന്നാൽ റോബോട്ട്, ടെക്നോളജി ഉപയോഗിച്ച് ഒരു ഓംലറ്റ് തയാറാക്കുന്ന കാഴ്ച കാണാൻ തയാറായിക്കോളൂ...

റോബോട്ടേ ഒരു ഓംലറ്റ് ഉണ്ടാക്കി കൊണ്ടു വരൂ എന്ന് പറഞ്ഞാൽ സംഭവം കൺമുന്നിലെത്താൻ താമസമൊന്നുമില്ല. മുട്ടപൊട്ടിച്ച് അടിച്ച് പതപ്പിച്ച് ഉപ്പും കുരുമുളകുമൊക്കെയിട്ട് പാനിലൊഴിച്ച് വേവിച്ച് സംഭവം പ്ലേറ്റിലാക്കി തരും. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കിടുക്കൻ റോബോട്ടിനെ തയാറാക്കിയത്. 

നിരവധി ആൾക്കാർ ഓംലറ്റ് തയാറാക്കുന്ന ശൈലി നിരീക്ഷിച്ചാണ് മെഷിൻ ലേണിങ് ഡേറ്റ തയാറാക്കിയത്. ഏറ്റവും എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവമാണ് ഓംലറ്റ്, പക്ഷേ നന്നായിട്ട് കിട്ടാൻ ഇത്തിരി ബുദ്ധിമുട്ടും! ഓംലറ്റ് പല സ്ഥലങ്ങളിൽ ഒരേ ചേരുവകൾ ഉപയോഗിച്ചാലും പല രുചിയകളിലാണ് ആൾക്കാർ ഇഷ്ടപ്പെടുന്നത്. റോബോട്ട് തയാറാക്കിയ ഓംലറ്റ് രുചിച്ചു നോക്കി ഗവേഷകർ തന്നെ അതിശയിച്ചു...വിചാരിച്ചതിലും മികച്ച രുചി എന്നാണ് ഫുമിയ ലിഡ എന്ന ഗവേഷക അഭിപ്രായപ്പെട്ടത്.

English Summary: A team of engineers have trained a robot to prepare an omelette, all the way from cracking the eggs to plating the finished dish.