വഴിയോരത്തെ ഉന്തുവണ്ടികളിൽ‌ ഇരുമ്പു ചട്ടിയിലെ തിളച്ചു പൊന്തുന്ന എണ്ണയിൽ മൂവാറ്റുപുഴയുടെ സ്വന്തം ബ്രാൻഡായ രണ്ടു രൂപ പരിപ്പുവട ഇന്നലെ വീണ്ടും ചൂടോടെ വറുത്തു കോരി. ഇഞ്ചിയും കാന്താരിയും കറിവേപ്പിലയും പരിപ്പും കൂടിക്കുഴച്ച മാവിൽ പിടിച്ചെടുത്ത പരിപ്പുവട തിളച്ച എണ്ണയിൽ വറുത്തെടുക്കുമ്പോഴുള്ള കൊതിപ്പിക്കുന്ന ഗന്ധം ഒരിടവേളയ്ക്കു ശേഷം നഗരത്തിൽ വീണ്ടും പരന്നു.

കോവിഡ് 19 വ്യാപനത്തെത്തുടർന്ന് അപ്രത്യക്ഷമായ പരിപ്പുവട ഉന്തുവണ്ടികൾ ഇളവുകളെത്തുടർന്നാണു തിരിച്ചെത്തിയത്. 

8 രൂപ മുതൽ 10 രൂപ വിലയ്ക്കു വരെ ഹോട്ടലുകളിലും ചായക്കടകളിലും വിൽക്കുന്ന പരിപ്പുവടയ്ക്കു മൂവാറ്റുപുഴ നഗരത്തിലെ ഉന്തുവണ്ടികളിൽ രണ്ടു രൂപ മാത്രമാണു വില.നല്ല ചൂടൻ പരിപ്പുവടയ്ക്കൊപ്പം രണ്ടു രൂപയ്ക്ക് ഉള്ളിവടയും ലഭിക്കും. 

നഗരത്തിൽ സ്ഥിരമായെത്തുന്ന ഉന്തുവണ്ടിക്കച്ചവടക്കാരിൽ വളരെ കുറച്ചു മാത്രമാണ് ഇന്നലെ മുതൽ പരിപ്പുവട കച്ചവടം പുനരാരംഭിച്ചത്. 

പാഴ്സൽ മാത്രമാണു നൽകുന്നത്. എന്തായാലും ഉണ്ടാക്കിയ പരിപ്പുവടയൊക്കെ അതിവേഗം വിറ്റു തീർന്നതോടെ രാത്രിയായാലും കച്ചവടം തുടരുന്ന പരിപ്പുവടകച്ചവടക്കാർ ഇന്നലെ നേരത്തെ കച്ചവടം അവസാനിപ്പിച്ചു.

English Summary: Parippuvada for Rs 2 in Muvattupuzha