വിശക്കുന്നുണ്ടോ? കയ്യിൽ പണമില്ലെങ്കിലും അഷ്റഫിന്റെ ഉന്തുവണ്ടിയിൽ നിന്ന് മതിവരോളം ചെറുകടികളും ചായയും കഴിച്ചു വിശപ്പടക്കാം. നന്ദിപോലും പറയണ്ട. പകരം ചെറുപുഞ്ചിരിയൊന്നു തിരികെ കൊടുത്താൽ മതി. മൂവാറ്റുപുഴ പുതുപ്പാടി കവലയ്ക്കു സമീപം 'വിശക്കുന്നവർക്ക് പണം ഇല്ലെങ്കിൽ സൗജന്യ ഭക്ഷണം' എന്ന് എഴുതി വച്ചിരിക്കുന്ന ഈ ഉന്തുവണ്ടി നിത്യവും ഒട്ടേറെ പേരുടെ വിശപ്പടക്കുന്നുണ്ട്.

പരിപ്പുവട, ഉള്ളിവട, ഉഴുന്നുവട, മസാല ബോണ്ട, പഴംപൊരി, ബ്രഡ് റോസ്റ്റ്, പത്തിരി തുടങ്ങിയ പലഹാരങ്ങൾ നിറച്ച ഉന്തുവണ്ടിയിലെ ചില്ലലമാരയിൽ നിന്ന് ആവശ്യത്തിനു ചെറുകടികൾ എടുത്തു കഴിക്കാം. പണമുണ്ടെങ്കിൽ മാത്രം ചെറുകടിക്കൊന്നിനു 5 രൂപ വീതം കൊടുത്താൽ മതി. വരുന്നയാളിന്റെ കയ്യിൽ പണമില്ലെന്നു മനസ്സിലായാൽ ഒരു ചായ കൂടി ഇവിടെ നിന്ന് സൗജന്യമായി ലഭിക്കും.

വിശക്കുന്നവനു ഭക്ഷണം നൽകുന്നത് സേവനമല്ലെന്നും ദൈവം ഏൽപിച്ച ദൗത്യമാണെന്നും കരുതുന്നവരാണ് ഈ ഉന്തുവണ്ടി കടയുടെ ഉടമ ഇളങ്ങവം ചിറ്റാട്ട് വീട്ടിൽ അഷ്റഫും ഭാര്യ ഹലീമയും. മൂന്നു പെൺമക്കൾ കൂടി ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് റോഡരികിലെ ഈ ഉന്തുവണ്ടിയെന്നതും എടുത്തുപറയണം. 5 രൂപയ്ക്ക് എല്ലാ ചെറുകടികളും വിൽക്കുന്ന കട 3 വർഷം മുൻപാണ് അഷ്റഫ് ആരംഭിച്ചത്.