മാംസമോ പ‌ച്ചക്കറികളോ പ്രത്യേക അനുപാതത്തിൽ വേവിച്ചെടുത്ത്, അതിന്റെ ഇളം ചൂടുള്ള സത്തടങ്ങിയ അതിവിശിഷ്ട ഭക്ഷണമാണ് സൂപ്പ്. ഇറച്ചിയോ മത്സ്യമോ പച്ചക്കറികളോ ധാന്യങ്ങളോ വെള്ളവുമായി ചേർത്ത് വേവിച്ചെടുത്ത് ചെറുചൂടോടെ വിളമ്പാവുന്ന സൂപ്പ് ലോകമെങ്ങും ഏതാണ്ട് 250 തരമുണ്ട്. പരമ്പരാഗത രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന നമ്മുടെ സാമ്പാറും രസവുമൊക്കെ ഒരു തരത്തിൽ സൂപ്പുകൾ തന്നെയാണ്. എന്തിന് കഞ്ഞിവെള്ളവും ഒരു സൂപ്പാണ്– റൈസ് സൂപ്പ്. ഇങ്ങനെ നോക്കിയാൽ ഓരോ നാടിനും അവരുടേതായ തനത് സൂപ്പുകൾ ഉണ്ടായിരിക്കും. സൂപ്പുകൾ പ്രധാനമായി രണ്ടു തരമുണ്ട്: ക്ലിയർ സൂപ്പും തിക്ക് സൂപ്പും. ചിക്കൻ, ബീഫ് സ്റ്റോക്കുകൾകൊണ്ടും ബ്രോത്ത് കൊണ്ടുമാണ് ക്ലിയർ സൂപ്പ് ഉണ്ടാക്കുന്നത്. ക്രീമും പ്യൂരിയുമാണ് തിക്ക് സൂപ്പിന്റെ ചേരുവകൾ. പോഷക സമൃദ്ധവും രുചികരവും ആണെന്നു മാത്രമല്ല സൂപ്പിന്റെ ജനപ്രീതിക്കു കാരണം. ഇതു പാകം ചെയ്യാനും വിളമ്പുവാനും എളുപ്പമാണ്. വേഗത്തിൽ ദഹിക്കുകയും ചെയ്യും.

സൂപ്പിന്റെ ആരോഗ്യരഹസ്യം

ദഹനത്തെ ഉത്തേജിപ്പിക്കുന്ന അപ്പിറ്റെസറാണ് സൂപ്പ്. പ്രധാന ഭക്ഷണത്തിന് അകമ്പടിയേറ്റുന്ന സൂപ്പ്, വയറിനെ വലിയൊരു വിരുന്നിന് ഒരുക്കിയെടുക്കും. പെട്ടെന്ന് ദഹിക്കുന്ന വസ്തു എന്ന നിലയിൽ കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവരെ സംബന്ധിച്ച് സൂപ്പ് ഒന്നാമനാണ്. പ്രത്യേകിച്ച് രോഗികൾക്ക് അത്യുത്തമം. ദ്രാവക രൂപത്തിലുള്ള ഇതിലെ പച്ചക്കറികളും മാംസവും ശരീരം വേഗം ആഗിരണം ചെയ്യും. ശരീരത്തിന്റെ വണ്ണം കൂട്ടാത്ത ഭക്ഷണം എന്ന പ്രത്യേകത സൂപ്പിനുണ്ട്. പോഷകാഹാര സമൃദ്ധമെങ്കിലും അമിത ക‌ാലറി നൽകാത്ത ഭക്ഷണമാണ് സൂപ്പ്. വയറു നിറഞ്ഞു എന്ന തോന്നൽമൂലം അമിതമായി ആഹാരം കഴിക്കാൻ സൂപ്പ് സമ്മതിക്കില്ല. ഇത് അമിതവണ്ണം തടയ‌ും. കാരണം വയറിനുള്ളിലെ പേശികളെ വലിച്ചുനിവർത്താനുള്ള കഴിവ് ഇത്തരം ഭക്ഷണങ്ങൾക്കുണ്ട്. ധാന്യങ്ങൾ വറുത്തരച്ച് അവ ദഹിക്കുന്ന പരുവത്തിൽ വെള്ളവുമായി ചേർത്ത് പേസ്റ്റ‌് രൂപത്തിലാക്കി അതിലേക്ക് മുട്ടയോ ഇറച്ചിയോ മത്സ്യമോ പച്ചക്കറികളോ ചേർത്ത് തിളപ്പിച്ച് തയാറാക്കുന്ന സൂപ്പുകളിൽ വിറ്റാമിന്റെയും മറ്റ് പോഷക വസ്‌തുക്കളു‌ം ഏറെയുണ്ടാകും.

ചരിത്രം

സൂപ്പിന്റെ ചരിത്രത്തിന് പാചക കലയോളം പഴക്കമുണ്ട്. ആദ്യത്തെ സൂപ്പ് 20,000 ബിസിയിൽ ഉണ്ടാക്കിയെടുത്തു എന്ന് വിശ്വസിക്കപ്പെടുന്നു. മൺപാത്രങ്ങളുടെ കണ്ടുപിടിത്തത്തോടെ സൂപ്പും പിറന്നു എന്നു കരുതാം. ഏതായാലും 6000 ബിസി മുതൽ തന്നെ സൂപ്പും മനുഷ്യന്റെ ആഹാരത്തിന്റെ ഭാഗമായിരുന്നതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. അന്ന് പേര് സൂപ്പ് എന്നായിരുന്നില്ല എന്നുമാത്രം. കാലം മാറിയതോടെ പലവിധ ചേരുവകളും സുഗന്ധവ്യഞ്‌ജനങ്ങളും ഇവയ്‌ക്ക് അകമ്പടിയേകി വ്യത്യസ്‌തമായ നിറങ്ങളും മണവും രുചിയുമൊക്കെ സമ്മാനിച്ചു. സൂപ്പ് ആദ്യകാലങ്ങളിൽ സാധാരണക്കാരുടെയും രോഗികളുടെയും ഭക്ഷണമായിരുന്നെങ്കിൽ ഇന്നത് രാജകീയമായ ഭക്ഷ്യവസ്‌തുവാണ്. ഇപ്പോൾ വിരുന്നുകൾ ആരംഭിക്കുന്നതു തന്നെ സൂപ്പിൽനിന്ന്. അഥവാ വിരുന്നുകളിൽ സൂപ്പാണ് ഇന്ന് സ്‌റ്റാർട്ടർ.

സൂപ്പ് വന്ന വഴി

മൺപാത്രങ്ങൾക്ക് രൂപംകൊടുത്തതോടെയാണല്ലോ മനുഷ്യൻ ഭക്ഷണം വേവിച്ച് പാകം ചെയ്‌ത് ഭക്ഷണം കഴിക്കാൻ തുടങ്ങിയത്. അതിനുമുൻപ് പച്ചയായും പിന്നീട് തീയിൽ ചുട്ടുമായിരുന്നല്ലോ ഭക്ഷിച്ചിരുന്നത്. മൺപാത്രങ്ങൾ മനുഷ്യജീവിതത്തിന്റെ ഭാഗമായപ്പോൾ തന്നെ കുറുക്ക് രൂപത്തിലുള്ള ഭക്ഷണവും അവന്റെ ശീലമായി മാറി.

സൂപ്പുകൾ പലവിധം

കാലാകാലങ്ങളിൽ സൂപ്പിന്റെ ചേരുവകൾക്കും മറ്റും മാറ്റം വന്ന് ഇന്ന് പല തരത്തിലുള്ള സൂപ്പുകൾ നമുക്ക് ലഭ്യമാണ്. തദ്ദേശീയവും എളുപ്പം ലഭ്യവുമായ ചേരുവകളും പ്രാദേശികമായ രുചിഭേദങ്ങളും പലവിധ സൂപ്പ‌ുകൾക്കും വഴിമാറി എന്നു പറയാം. വിവിധതരം ഇറച്ചിയോ മീനോ പച്ചക്കറികളോ ഔഷധ സസ്യങ്ങളോ ഒക്കെ ചേർത്ത് സൂപ്പും കാലത്തിനനുസരിച്ച് മാറ്റംപ്രാപിച്ചു. സൂപ്പിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അടിസ്‌ഥാനത്തിൽ വിവിധ തരം സൂപ്പുകൾ വിപണിയിലെത്തിത്തുടങ്ങി. 19–ാം നൂറ്റാണ്ടിൽ കാന്നിങ് എന്ന പ്രക്രിയ വന്നതോടെയാണ് സൂപ്പിന്റെ നല്ല കാലം തുടങ്ങുന്നത്. കാൻഡ് സൂപ്പ്, ഡ്രൈഡ് സൂപ്പ്, മൈക്രോവേവ് റെഡി സൂപ്പ്, പോർട്ടബിൾ സൂപ്പ്, ട്രാവലേഴ്‌സ് സൂപ്പ് (പോക്കറ്റ് സൂപ്പ്) എന്നിങ്ങനെ പലതരങ്ങൾ ഇന്ന് വിപണിയിൽ സുലഭമാണ്. ഇതുകൂടാതെ കൊഴുപ്പ് കുറഞ്ഞത്, നാരുകളാൽ സമ്പുഷ്‌ടമായത്, ഉപ്പില്ലാത്തത് എന്നിങ്ങനെയും പലതും രംഗത്തെത്തി.

സൂപ്പ് എന്ന പദം

സൂപ്പെ എന്ന ഫ്രഞ്ച് പദത്തിൽനിന്നാണ് സൂപ്പ് എന്ന വാക്കുണ്ടായത്. ‘സൂപ്പെ’ എന്ന വാക്ക് കടപ്പെട്ടിരിക്കുന്നത് തനിനാടൻ ലാറ്റിൻ ഭാഷയോടും. മാംസത്തിൽ നിന്നുണ്ടാക്കിയ കുഴമ്പ് മിശ്രിതത്തിൽ (ബ്രോത്ത്) മുക്കിയ റൊട്ടിക്കഷണം എന്നാണ് സൂപ്പാ എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്.

‘റസ്‌റ്ററന്റ‌്’ ‌എന്ന സങ്കൽപംപോലും സൂപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. 16–ാം നൂറ്റാണ്ടിൽ പാരിസിൽ വഴിക്കച്ചവടം നടത്തിയിരുന്നവർ സാധാരണക്കാർക്ക് വിളമ്പിയിരുന്ന ഔഷധമൂല്യവും കട്ടിയുള്ളതുമായ ഒരുതരം കുറുക്കിന് റസ്‌റ്റോറാറ്റിഫ്‌സ് എന്നാണ് പറഞ്ഞിരുന്നത്. 1765ൽ ഒരു ഫ്രഞ്ചുകാരൻ ഇത്തരം സൂപ്പുകൾ മാത്രം വിൽക്കാനായി ഒരു കട തുറക്കുകയുണ്ടായി. റസ്‌റ്റോറാറ്റിഫ്‌സ് വിറ്റിരുന്ന ഈ കടകൾക്ക് പിന്നീട് റസ്‌റ്ററന്റ് എന്ന് പേരും കൈവന്നു. ഇങ്ങനെയാണത്രേ നമ്മുടെ ഹോട്ടലുകൾക്ക് റസ്‌റ്ററന്റ് എന്ന പേരു വീണത്!

വിവരങ്ങൾക്ക് കടപ്പാട്:  സ്വപ്ന രാജീവ്, ചീഫ് ഡയറ്റീഷ്യൻ, റെനൈ മെഡിസിറ്റി, പാലാരിവട്ടം

English Summary : Benefits of Soup in Daily Diet