പുറത്ത് നല്ല കോരിച്ചൊരിയുന്ന മഴയും തണുപ്പും. ഈ മഴക്കാലത്ത് ഒരു ചൂട് ചായയും ഒപ്പം പരിപ്പ് വടയോ ഉഴുന്ന് വടയോ പോലുള്ള ചെറുകടികളും കിട്ടിയാൽ കഴിക്കാത്ത മലയാളികളുണ്ടോ? ഏറെ ആഗ്രഹിക്കുന്ന സമയത്ത് ഒരു പക്ഷെ എല്ലാവർക്കും അത് കഴിക്കാൻ കിട്ടിയെന്നു വരില്ല. എന്നാൽ തൃശൂർ ജില്ലയിലെ ഊരകം സ്വദേശികൾക്ക് അങ്ങനെയൊരു വയറ്റു ഭാഗ്യമുണ്ട്.

രാവിലെയും വൈകുന്നേരങ്ങളിലും  ഊരകം നിവാസികളെ തേടി ഒരു അതിഥിയെത്തും. വെറും കയ്യോടെയല്ല വരവ് നല്ല ചൂടൻ പലഹാരങ്ങളും കയ്യിൽ കാണും. വെളിച്ചെണ്ണയിൽ മുക്കി പൊരിച്ച നാടൻ പരിപ്പ് വട, ഉള്ളി വട , ബോണ്ട  തുടങ്ങി കൊതിയൂറുന്ന പലഹാരങ്ങൾ. പലഹാരങ്ങൾ നിറച്ച ചില്ലലമാരയുമായി സൈക്കിളിൽ ഊരകത്തുകാരെ തേടി എത്തുന്ന അതിഥിയെ നാട്ടുകാർ സ്നേഹത്തോടെ ഭാസ്കരേട്ടൻ എന്ന് വിളിക്കുന്നു.

മഴയായാലും വെയിലായാലും ലോക്ക്ഡൗൺ ആയാലും  ഭാസ്ക്കരൻ ചേട്ടന് ഒരു പ്രശ്നമല്ല. തന്റെ സൈക്കിളിൽ ഒരു കുഞ്ഞ് ചില്ലരമാലയും ഫിറ്റ് ചെയ്ത് രാവിലെയും വൈകീട്ടും രണ്ട് ഷിഫ്റ്റായി ഭാസ്ക്കരൻ ചേട്ടൻ ഉണ്ടാകും തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ ഊരകം സെന്ററിൽ. ആ കുഞ്ഞ് ചില്ല് പെട്ടിയിൽ നിറയെ പരിപ്പുവടയും ഉള്ളി വടയും മധുര ബോണ്ടയും ആയിരിക്കും. സഞ്ചരിക്കുന്ന പലഹാരക്കട എന്ന് ഊരകത്ത്കാർ ഭാസ്കരേട്ടനെ സ്നേഹത്തോടെ വിളിക്കാറുണ്ട്. 

സാധാരണ കടപ്പലഹാരങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഭാസ്കരേട്ടൻ വില്പനയ്ക്കായെത്തിക്കുന്ന പലഹാരങ്ങൾ. വലിപ്പത്തിലാണ് പ്രധാന വ്യത്യാസം. നമ്മൾ കടകളിൽ നിന്നും സ്ഥിരം കണ്ടും കഴിച്ചും ശീലിച്ച വടയുടെ വലിപ്പമൊന്നും ഭാസ്ക്കരേട്ടന്റെ വടകൾക്ക് ഉണ്ടാകില്ല. താരതമ്യേന വലുപ്പം കുറഞ്ഞ പലഹാരങ്ങളാണ് എങ്കിലും രുചിക്ക് യാതൊരു കുറവുമില്ല. അതിനാൽ തന്നെ ആവശ്യക്കാർ ഏറെയാണ്. 

''വലുപ്പത്തിൽ ഇവൻ കുഞ്ഞനായത് കൊണ്ട് ഗുണങ്ങൾ പലതാണ്. വേവ് കിറു കൃത്യം, വില തുശ്ചം, പിന്നെ കപ്പലണ്ടി കൊറിക്കുന്നത് പോലെ കഴിക്കുകയും ചെയ്യാം'' ഭാസ്കരേട്ടന്റെ സഞ്ചരിക്കുന്ന പലഹാരക്കടയിലെ വിഭവങ്ങളെപ്പറ്റി ഫിറോസ് ബാബു പറയുന്നു.പരിപ്പ് വടക്കും മധുര ബോണ്ടക്കും രണ്ട് രൂപ വീതവും, ഉള്ളി വടക്ക് ഒരു രൂപയുമാണ് കാലങ്ങളായി ഈടാക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് ഊരകത്ത് സ്വന്തമായി ചായക്കട നടത്തിയിരുന്ന വ്യക്തിയാണ് ഭാസ്കരേട്ടൻ. എന്നാൽ പിന്നീട് കച്ചവട തന്ത്രം അല്പം മാറ്റിപ്പിടിച്ചു.  പതിനഞ്ച് വർഷങ്ങളായി സൈക്കിളിൽ സഞ്ചരിച്ചാണ് പലഹാര വില്പന. ലോക്ക് ഡൗണിൽ വരുമാനത്തിന് വഴി നോക്കിയിരിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ബിസിനസ് മോഡൽ തന്നെയാണ് ഭാസ്കരേട്ടൻ മുന്നോട്ട് വയ്ക്കുന്നത്. 

English Summary: Bhaskaran only wanted to sell his snacks for the odd coins rattling in your pockets and that will be enough for this septuagenarian to live on.