റസ്റ്ററന്റുകളിൽ പോയിരുന്നു ഭക്ഷണം കഴിക്കാൻ ഇപ്പോൾ കഴിയുമെങ്കിലും ഭയം മൂലം അധികമാരും പോകാറില്ലെന്നതാണു യാഥാർഥ്യം. സമ്പർക്ക സാധ്യതയുള്ളതിനാൽ രോഗവ്യാപനമുണ്ടാകുമോ എന്നാണു ഭയം. എന്നാൽ ഹോട്ടലുകളിൽ സമ്പർക്കമില്ലാതെ ഭക്ഷണം ഓർഡർ ചെയ്യുന്നതിനും ബില്ലടയ്ക്ക‌ാനുമായി ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുകയാണ് ഇൻഫോപാർക്കിലെ കൺസപ്റ്റ് കാർട്ടൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ് കമ്പനി. ഇഎം–ദി ഇമെനു എന്ന ആപ്പിലൂടെ ഹോട്ടലുകളിൽ കോൺടാക്ട്‌ലെസ് ഡൈനിങ് സാധ്യമാകും. 

ഒട്ടേറെപ്പേർ സ്പർശിക്കാനിടയുള്ള മെനു കാർഡ് ഒഴിവാക്കാനാകുമെന്നതാണ് ഇഎംമ്മിന്റെ പ്രധാന സവിശേഷത. റസ്റ്ററന്റുകളുടെ ടേബിളുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഹോട്ടലിലെ അതതു ദിവസങ്ങളിലെ മെനു ലഭിക്കും. വിലയും ഒപ്പമുണ്ടാകും. ആപ്പിലൂടെ തന്നെ ഭക്ഷണം ഓർഡർ ചെയ്യാം. ബിൽ അടയ്ക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. 

കമ്പനിയുടെ സ്ഥാപകരായ ബെൻഹർ ഐസക്, കിരൺ എൽദോ, ഫർഹാൻ മമ്മു എന്നിവരാണ് ആപ്പിനു പിന്നിൽ.

പാഴ്സൽ ഡെലിവറിയിലൂടെ മാത്രം കോവിഡ് കാലത്ത് പല ഹോട്ടലുകൾക്കും പിടിച്ചുനിൽക്കാനാവില്ലെന്നും സമ്പർക്കമില്ലാതെ ഭക്ഷണം വിളമ്പുന്ന ആപ്പിലേക്കു നയിച്ചത് ഈ ചിന്തയാണെന്നും ബെൻഹർ ഐസക് പറഞ്ഞു. 

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ഒട്ടേറെ ഹോട്ടലുകളിൽ ഇപ്പോൾ ഇ–മെനു ലഭ്യമാണ്.

English Summary: Order and pay with the MENU App on your smartphone.