ഓരോ ഭക്ഷണ സാധനങ്ങൾക്കും ഓരോ വ്യത്യസ്ത സ്വഭാവങ്ങൾ അഥവാ വീര്യം ഉണ്ടെന്ന് ആയു൪വേദം വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന് പാലിനുള്ളത് ശീതവീര്യമാണ് അഥവാ തണുപ്പാണ് പാലിന്റെ പൊതുവായ സ്വഭാവം. എന്നാൽ, പാലിന്റെ ഉപോൽപന്നമായ മോരിനാകട്ടെ ഉഷ്ണവീര്യവും. അതായത് ചൂടാണു മോരിന്റെ സ്വഭാവമെന്നു സാരം. ശീതവീര്യമുള്ള പാലും ഉഷ്ണവീര്യമുള്ള മൽസ്യവും തമ്മിൽ ചേരില്ല. ഇത്തരം ‘ചേർച്ചക്കുറവുള്ള’ 18ൽ ഏറെ വിഭവങ്ങളെപ്പറ്റി ആയു൪വേദം വിശദീകരിക്കുന്നുണ്ട്. 

തൈരിന്റെ ഉപയോഗത്തെ സംബന്ധിച്ച് മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആയുർവേദം നിഷ്‍കർഷിക്കുന്നു. 

1. തൈര് ചൂടാക്കി ഉപയോഗിക്കരുത് 

തൈര് ചൂടാകുമ്പോൾ ഘടന മാറുകയും ശരീരത്തിനു ദോഷം ചെയ്യുമെന്നുമാണ് വിദഗ്ധർ പറയുന്നത്. വ്രണ‌ം, ശ്വാസംമുട്ട്, നീർക്കെട്ട് എന്നിവയുണ്ടാകാനും സാധ്യതയുണ്ട്. 

2. രാത്രിയിൽ പാടില്ല 

തൈര് രാത്രി ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം. 

3.തൈരിന് ഒപ്പം കഴിക്കാൻ

ചെറുപയറിന്റെ ചാറോ പഞ്ചസാരയോ ചേർത്തു വേണം തൈര് കഴിക്കാൻ. ദോഷങ്ങൾ പരമാവധി കുറയ്ക്കാനും ഗുണഫലങ്ങൾ നന്നായി കിട്ടാനും നല്ലത്. 

നെയ്യ് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

സാധാരണ ശരീരോഷ്മാവിനു മുകളിൽ‌ മാത്രം ദഹിക്കുന്ന വസ്തുവാണ് നെയ്യ്. അപ്പോൾ നെയ്യ് കഴിച്ചതിനു പിന്നാലെ തണുത്ത വെള്ളമോ മറ്റു ഭക്ഷണസാധനങ്ങളോ കഴിച്ചാലോ? ദഹിക്കാതെ വരുന്ന ഇവ മറ്റു ശരീരഭാഗങ്ങളിലേക്ക് കടന്നുകൂടി ചിലയിടങ്ങളിൽ തങ്ങിനിൽക്കും. കൊളസ്ട്രോൾ, ഹൃദ്രോഗം, ഫാറ്റിലിവർ തുടങ്ങിയ രോഗങ്ങൾക്കു വരെ കാരണമായേക്കാം. ആഘോഷങ്ങളിലും മറ്റും ബിരിയാണി/നെയ്ച്ചോറ് തുടങ്ങിയവ കഴിച്ച ശേഷം ഐസ്ക്രീം, തണുത്ത വെള്ളം തുടങ്ങിയവ അകത്താക്കുന്നതു ദോഷം ചെയ്യും.