എകെജിയുടെ രാഷ്ട്രീയ ചർച്ചകൾ കേട്ട, ജോൺ ഏബ്രഹാമിന്റെ കലഹങ്ങൾ കണ്ട, വയലാറിന്റെയും ദേവരാജന്റെയും മാന്ത്രിക സംഗീതം അലയടിച്ച ബെസ്റ്റോട്ടൽ ഇനി രുചിയൂറുന്ന ഓർമയാകും. 67 വർഷം രുചിയുടെ സ്മൃതിപഥങ്ങളിൽ നിറഞ്ഞുനിന്ന ഹോട്ടൽ ഓഗസ്റ്റ് 31ന് എന്നെന്നേക്കുമായി അടയ്ക്കുന്നു. കേവലം രുചിപ്പെരുമയ്ക്കപ്പുറം

എകെജിയുടെ രാഷ്ട്രീയ ചർച്ചകൾ കേട്ട, ജോൺ ഏബ്രഹാമിന്റെ കലഹങ്ങൾ കണ്ട, വയലാറിന്റെയും ദേവരാജന്റെയും മാന്ത്രിക സംഗീതം അലയടിച്ച ബെസ്റ്റോട്ടൽ ഇനി രുചിയൂറുന്ന ഓർമയാകും. 67 വർഷം രുചിയുടെ സ്മൃതിപഥങ്ങളിൽ നിറഞ്ഞുനിന്ന ഹോട്ടൽ ഓഗസ്റ്റ് 31ന് എന്നെന്നേക്കുമായി അടയ്ക്കുന്നു. കേവലം രുചിപ്പെരുമയ്ക്കപ്പുറം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എകെജിയുടെ രാഷ്ട്രീയ ചർച്ചകൾ കേട്ട, ജോൺ ഏബ്രഹാമിന്റെ കലഹങ്ങൾ കണ്ട, വയലാറിന്റെയും ദേവരാജന്റെയും മാന്ത്രിക സംഗീതം അലയടിച്ച ബെസ്റ്റോട്ടൽ ഇനി രുചിയൂറുന്ന ഓർമയാകും. 67 വർഷം രുചിയുടെ സ്മൃതിപഥങ്ങളിൽ നിറഞ്ഞുനിന്ന ഹോട്ടൽ ഓഗസ്റ്റ് 31ന് എന്നെന്നേക്കുമായി അടയ്ക്കുന്നു. കേവലം രുചിപ്പെരുമയ്ക്കപ്പുറം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എകെജിയുടെ രാഷ്ട്രീയ ചർച്ചകൾ കേട്ട, ജോൺ ഏബ്രഹാമിന്റെ കലഹങ്ങൾ കണ്ട, വയലാറിന്റെയും ദേവരാജന്റെയും മാന്ത്രിക സംഗീതം അലയടിച്ച ബെസ്റ്റോട്ടൽ ഇനി രുചിയൂറുന്ന ഓർമയാകും. 67 വർഷം രുചിയുടെ സ്മൃതിപഥങ്ങളിൽ നിറഞ്ഞുനിന്ന ഹോട്ടൽ ഓഗസ്റ്റ് 31ന് എന്നെന്നേക്കുമായി അടയ്ക്കുന്നു. കേവലം രുചിപ്പെരുമയ്ക്കപ്പുറം കോട്ടയത്തിന്റെ ‘മീറ്റിങ് പോയിന്റ്’ ആയിരുന്നു ബെസ്റ്റോട്ടൽ. അതിൽ രാഷ്ട്രീയവും കലയും ചായ്പേയ് ചർച്ചകളുടെ ആവി പറത്തി.

സിക്സർ രാഘവന്റെ ബിഗ് ഹിറ്റ് 

ADVERTISEMENT

കേരള ക്രിക്കറ്റിന്റെ കാരണവരെന്നു വിശേഷിപ്പിക്കാവുന്ന പി.എം. രാഘവനാണ് കോട്ടയത്തു ബെസ്റ്റോട്ടൽ ആരംഭിക്കുന്നത്. രഞ്ജി ട്രോഫിയിൽ തിരു–കൊച്ചി ടീമിനെ നയിച്ചയാളാണു രാഘവൻ. അദ്ദേഹത്തിന്റെ ബാറ്റിങ് മികവിനു കിട്ടിയ വിളിപ്പേരാണു സിക്സർ രാഘവൻ. ക്രിക്കറ്റിന്റെയും ബേക്കറിയുടെയും മറുപേരായ തലശ്ശേരിയിൽ നിന്നു തന്നെയാണു രാഘവന്റെയും വരവ്.

കോട്ടയം ബെസ്റ്റോട്ടൽ. ചിത്രം: മനോരമ

1883ൽ കേരളത്തിൽ ആദ്യമായി കേക്ക് നിർമിച്ച മമ്പള്ളി ബാപ്പുവിന്റെ ബന്ധുവാണ് രാഘവന്റെ അച്ഛൻ മമ്പള്ളി ഗോപാലൻ. ബേക്കറി ബിസിനസിനായി കോട്ടയത്ത് എത്തിയ രാഘവൻ പിന്നീടു കോട്ടയംകാരനായി മാറി. 1944ൽ ബെസ്റ്റ് ബേക്കറി കോട്ടയത്ത് ആരംഭിച്ചു. 10 വർഷം കൂടി കഴിഞ്ഞാണ് ബെസ്റ്റോട്ടലിന്റെ പിറവി, 1954ൽ. 

പി.എം.രാഘവൻ

അന്നിവിടെ സെൻട്രൽ തിയറ്ററാണ്. തിയറ്റർ ഇരുന്ന സ്ഥലം സെൻട്രൽ ജംക്‌ഷൻ. ആ തിയറ്റർ വിൽക്കാൻ പോകുന്നെന്ന് അറിഞ്ഞ രാഘവൻ അതു വാങ്ങി. വി‍ൽക്കുന്നതിനൊപ്പം ഉടമകൾ ഒരാവശ്യം മുന്നോട്ടുവച്ചിരുന്നു– തിയറ്ററിന്റെ രൂപം മാറ്റരുത്. രാഘവൻ അതു സമ്മതിച്ചു. അവിടെ 22 മുറികൾ ഉള്ള ഒരു ഹോട്ടൽ നിർമിച്ചു. അങ്ങനെ കോട്ടയത്തെ ലക്ഷണമൊത്ത ആദ്യ ഹോട്ടൽ സെൻട്രൽ ജംക്‌ഷനിൽ പിറന്നു.  ഹോട്ടലിന് അദ്ദേഹം ഒരു സർപ്രൈസ് പേരും ഇട്ടു– ബെസ്റ്റോട്ടൽ ! 

ഇവിടെ ജനകോടികൾ... 

ADVERTISEMENT

64 വർഷം മുൻപ് ബെസ്റ്റോട്ടലിന്റെ ഏഴാം നമ്പർ മുറിയിൽ വയലാർ രാമവർമയെയും ദേവരാജനെയും ‘പൂട്ടിയിട്ടു.’ 3 ദിവസം കൊണ്ട് ഒരു പാട്ടു വേണം. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ 100–ാം വാർഷികാഘോഷത്തിനുള്ള അവതരണ ഗാനം. പൊൻകുന്നം വർക്കിയും സി.എസ്. ഗോപാലപിള്ളയും നേതൃത്വം നൽകുന്ന കേരള തിയറ്റേഴ്സിനായിരുന്നു ഗാനം ചിട്ടപ്പെടുത്താനുള്ള ചുമതല നൽകിയത്.

കൺവീനറായ ‘ക’ ബേബി വയലാറിനെയും ദേവരാജനെയും കോട്ടയത്തെത്തിച്ച് ഏതാണ്ട് തടവിൽ പാർപ്പിച്ച പോലെ പാട്ടൊരുക്കി. ഏഴാം നമ്പർ മുറിയിൽ പിറന്ന ആ ഗാനം പിന്നെ ജനകോടികൾ ഏറ്റു പാടി– ബലികുടീരങ്ങളേ......അന്നു മുറിവാടക നൽകാനില്ലാതെ വലഞ്ഞ സംഘാടകർ കോട്ടയത്തു നാടകം നടത്തിയാണു പിന്നീടു വാടക നൽകിയതെന്നു പഴമക്കാർ ഓർക്കുന്നു. ഹോട്ടലിൽ സ്ഥിരമായി എത്തുന്നവരുടെ തിളക്കം അവിടെത്തീരുന്നില്ല. ഒൻപതാം നമ്പർ മുറിയിൽ ‘രണ്ടിടങ്ങഴി’ പിറന്നു വീണു.

അതെ, തകഴി ശിവശങ്കരപ്പിള്ള തന്റെ നോവലായ രണ്ടിടങ്ങഴി എഴുതി പൂർത്തിയാക്കിയത് ഇവിടെവച്ചായിരുന്നു. വിശ്രുത എഴുത്തുകാരായ പൊൻകുന്നം വർക്കി, കാനം ഇ.ജെ. മുട്ടത്ത് വർക്കി എന്നിവരുടെ ‘കഥാപാത്രങ്ങൾ’ ആദ്യം കറങ്ങി നടന്നതും ഇവിടത്തെ മുറികളിലാണ്. ജോൺ ഏബ്രഹാം, പത്മരാജൻ, അരവിന്ദൻ...ചലച്ചിത്ര സംവിധായകർക്കും ഇഷ്ടയിടംതന്നെ. നസീറും ഷീലയും മധുവും എല്ലാം ബെസ്റ്റോട്ടലിന്റെ ബാൽക്കണിയിൽ രുചിയുടെ വസന്തോത്സവം അനുഭവിച്ചവർ.

ഗാനഗന്ധർവൻ യേശുദാസ് അന്നൊക്കെ കോട്ടയത്ത് എത്തിയാൽ ഇവിടെ മാത്രമാണു താമസിച്ചിരുന്നത്. ഒരു കോവിലിൽ നിന്നിറങ്ങുന്ന പുണ്യമുണ്ട് ഇവിടെ നിന്നിറങ്ങുമ്പോഴെന്നു യേശുദാസ് പറഞ്ഞത് പി.എം.രാഘവന്റെ മകനും ഇപ്പോഴത്തെ ഉടമയുമായ എ.പി.എം.ഗോപാലകൃഷ്ണനോടാണ്. ഈ കുടുംബവുമായും യേശുദാസിന് അടുത്ത ബന്ധമുണ്ട്. 

യേശുദാസും ഹോട്ടലിന്റെ സ്ഥാപകൻ പി.എം. രാഘവന്റെ സഹോദരൻ പി.എം. ലക്ഷ്മണനും കോട്ടയം ബെസ്റ്റോട്ടലിനു മുൻപിൽ (ഫയൽ ചിത്രം).
ADVERTISEMENT

എകെജി ഏത് മുറിയിലാ... ? 

കോട്ടയം വഴി പോകുമ്പോഴെല്ലാം സിപിഎം നേതാവ് എ.കെ. ഗോപാലന്റെ താമസ സ്ഥലവും ബെസ്റ്റോട്ടലായിരുന്നു.  ‘ഇടുക്കിയിലെ അമരാവതി സമരകാലത്ത് ആണെന്നാണ് ഓർമ. എകെജിയെ കാണാൻ ഇഎംഎസ് എത്തി. ഗോപാലൻ ഏതു മുറിയിലാ എന്ന് എന്നോടു ചോദിച്ചു’ – പഴയ കാലം ഓർക്കുകയാണ് ഹോട്ടലിൽ 47 വർഷം ജീവനക്കാരനായിരുന്ന പി.എം. വർഗീസ്. 16–ാം വയസ്സിൽ ഹോട്ടലിൽ എത്തിയ വർഗീസ് മാനേജരായാണു പിരിഞ്ഞത്.

പി.എം.രാഘവന്റെ സുഹൃത്തായിരുന്നു എകെജി. കോട്ടയം വഴി പോയാൽ ഇവിടെയെത്തും. എസ്.കെ. പൊറ്റെക്കാട്ടിനും ഈ ബന്ധമുണ്ട്. ഇവരോടൊന്നും മുറി വാടക വാങ്ങുന്ന പതിവുമില്ല. ബില്യഡ്സ്, ടേബിൾ ടെന്നിസ് എന്നിവ കളിക്കാനുള്ള സൗകര്യം അന്ന് ഹോട്ടലിൽ ഉണ്ടായിരുന്നു. ഹിന്ദി ചലച്ചിത്രതാരം ഷമ്മി കപൂർ ഇവിടെ ബില്യഡ്സ് കളിച്ചിട്ടുണ്ട്.

ചലച്ചിത്രതാരം ഷമ്മി കപൂർ കോട്ടയം ബെസ്റ്റോട്ടലിൽ. (ഫയൽ ചിത്രം).

ദിലീപ് കുമാർ, ബൽരാജ് സാഹ്നി, സൈറ ബാനു... മലയാളം കടന്നും ബെസ്റ്റോട്ടലിന്റെ സുഹൃദ്‌വലയം വളർന്നു. പണ്ടു കോട്ടയത്തെ പത്രപ്രവർത്തകരുടെ സങ്കേതവും മറ്റെവിടെയുമായിരുന്നില്ലെന്നു വർഗീസ് പറയുന്നു. കോട്ടയത്തു 2 പേർ കാണാൻ തീരുമാനിച്ചാൽ പറയുന്ന മീറ്റിങ് പോയിന്റും അന്നൊക്കെ ബെസ്റ്റോട്ടൽ തന്നെ. 

 

ജയവിജയന്മാരുടെ വിവാഹം

പ്രശസ്ത ഗായകരായ ജയവിജയന്മാരുടെ വിവാഹ സ്വീകരണം നടന്നതു ബെസ്റ്റോട്ടലിൽ വച്ചാണ്. ജയൻ സരോജിനിയെയും വിജയൻ രാജമ്മയെയും ജീവിത സഖികളാക്കിയത് ഒരേ ദിവസമായിരുന്നു. സംവിധായകൻ ജോൺ ഏബ്രഹാമിനെ പരിചയപ്പെട്ടപ്പോൾ ബെസ്റ്റോട്ടലിന്റെ പേരു പറഞ്ഞാണ് തന്നെ സ്വീകരിച്ചതെന്നു ജയന്റെ മകനും പ്രശസ്ത സിനിമാതാരവുമായ മനോജ് കെ. ജയൻ പറയുന്നു. ജയവിജയന്മാരുടെ പാട്ടിനൊപ്പം ഇവിടെ വച്ചു ഗിറ്റാർ വായിച്ച കാര്യം ജോൺ ഏബ്രഹാം പറഞ്ഞു. ഇവിടെ നിന്നു പ്ലേറ്റ് നിറഞ്ഞു ലഭിക്കുന്ന മട്ടൺ കറിയെക്കുറിച്ച് ഓർക്കുമ്പോൾ ഇന്നും വായിൽ കപ്പലോടുമെന്നും മനോജ് കെ. ജയൻ. 

അരുന്ധതിയുടെ കുടുംബ ഹോട്ടൽ 

വിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയുടെ ‘ദ് ഗോഡ് ഓഫ് സ്മോൾ തിങ്സ്’ എന്ന നോവലിൽ ബെസ്റ്റോട്ടൽ പല സ്ഥലങ്ങളിലും കടന്നു വരുന്നുണ്ട്. നോവലിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ബേബി കൊച്ചമ്മ ക്രീം ബൺ സ്ഥിരമായി വാങ്ങിയിരുന്നതു ബെസ്റ്റോട്ടലിൽ നിന്നാണ്. തന്റെ കുടുംബ ഹോട്ടൽ എന്നാണ് അരുന്ധതി നോവലിൽ വിശേഷിപ്പിക്കുന്നത്. 

പലരുടെയും വിലാസം 

കത്തിടപാടുകൾ മാത്രമുണ്ടായിരുന്ന കാലത്തു കോട്ടയത്തെ പ്രധാന വിലാസങ്ങളിൽ ഒന്നായിരുന്നു ബെസ്റ്റോട്ടൽ. പോസ്റ്റ് ബോക്സ് നമ്പർ 2, കോട്ടയം 1 എന്ന വിലാസത്തിലേക്കു പലർക്കുമുള്ള കത്തുകൾ എത്തിയിരുന്നു. സ്ഥിരമായി ബിസിനസ് ആവശ്യത്തിന് കോട്ടയത്ത് എത്തുന്നവർ അടക്കം കോട്ടയത്തെ വിലാസമായി നൽകിയിരുന്നതും ഇതുതന്നെ.

ചരിത്രത്തിന് ഷട്ടർ ഇടുമ്പോൾ

ബെസ്റ്റോട്ടൽ ഉടമ എ.പി.എം.ഗോപാലകൃഷ്ണൻ, ലോക്ഡൗണിനു മുൻപ് ബെസ്റ്റോട്ടലിൽ നിന്നുള്ള കാഴ്ച. (ഫയൽ ചിത്രം).

എ.പി.എം.ഗോപാലകൃഷ്ണൻ, ഭാര്യ ഷീല ഗോപാലകൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ ഹോട്ടൽ. കേരള മുൻ രഞ്ജി താരവും രഞ്ജി ട്രോഫി മുൻ സിലക്ടറുമാണ് എ.പി.എം.ഗോപാലകൃഷ്ണൻ. ക്രിക്കറ്റിൽ ഓൾറൗണ്ടറായ അദ്ദേഹം അച്ഛന്റെ ഹോട്ടൽ വ്യവസായം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോയി. 

ബെസ്റ്റോട്ടലിൽ എത്തുന്നവർക്ക് ഒത്തുതീർപ്പില്ലാത്ത രുചിവൈവിധ്യങ്ങൾ നൽകിയ അദ്ദേഹം ഒടുവിൽ ആ ചരിത്രത്തിനു ഫുൾസ്റ്റോപ്പിടുന്നു. ഹോട്ടലിരിക്കുന്ന സ്ഥലം ഒരു ജ്വല്ലറി ഗ്രൂപ്പിനു കൈമാറാനുള്ള നടപടികൾ ആരംഭിച്ചു. ഓഗസ്റ്റ് 31 മുതൽ ബെസ്റ്റോട്ടൽ എന്ന രുചിവിലാസം കോട്ടയത്തുണ്ടാകില്ല. 

കോവിഡും ലോക്ഡൗണും കൊണ്ടുള്ള പ്രതിസന്ധിക്കൊപ്പം ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ അടുത്ത തലമുറയിൽ നിന്നാരും കോട്ടയത്ത് ഇല്ലാത്തതും ഈ തീരുമാനത്തിനു പിന്നിലുണ്ടെന്നു ഗോപാലകൃഷ്ണൻ പറഞ്ഞു. മക്കളായ സന്ധ്യ യുഎസിലും സംഗീത കോഴിക്കോടുമാണ്. ബെസ്റ്റോട്ടലിന്റെ പേരു നിലനിർത്താൻ ബെസ്റ്റ് ബേക്കറി ഇതിനു സമീപത്തു തുടരും. ബന്ധു എം.കെ.രവീന്ദ്രനാകും ബേക്കറി നടത്തുന്നത്. 

ബെസ്റ്റോട്ടൽ....ഇഷ്ടം കൊണ്ടു ചോദിക്കുവാ.... കോട്ടയത്ത് നിൽക്കാൻ കഴിയില്ല അല്ലേ...

ബെസ്റ്റോട്ടൽ ഓർമകളിൽ കഥാകാരൻ സി.ആർ. ഓമനക്കുട്ടൻ 

കോട്ടയത്തു കടൽത്തീരമില്ല, വൈകിട്ടു പോയിരിക്കാൻ സ്ഥലമില്ല... എന്നൊക്കെ പറയുന്ന കൊച്ചിക്കാരോടും ആലപ്പുഴക്കാരോടും കോട്ടയംകാരുടെ മറുപടി ഇങ്ങനെയായിരുന്നു – ഇതൊക്കെ ആർക്കു വേണം ! ഞങ്ങൾക്ക് വൈകുന്നേരങ്ങളിൽ തിരുനക്കരയും ബെസ്റ്റോട്ടലും മതി ! ബെസ്റ്റോട്ടലിൽ ചെന്നിരുന്ന് ഒരു കേക്കിന്റെ സൗഹൃദം പങ്കുവയ്ക്കാം, കാപ്പി കുടിക്കാം. ഒത്താൽ സിനിമക്കാരെയും സാഹിത്യകാരന്മാരെയും കാണാം.

ബെസ്റ്റോട്ടൽ ഒരു കാലത്തു കോട്ടയത്തിന്റെ സാംസ്കാരിക കേന്ദ്രമായിരുന്നു. പ്രഫ. സി.ആർ. ഓമനക്കുട്ടന്റെ ഓർമകൾ ബെസ്റ്റോട്ടലിനും പിന്നിലേക്കു പോകുന്നു. അവിടെയുണ്ടായിരുന്ന സെൻട്രൽ തിയറ്ററിൽ ദിലീപ്കുമാർ നായകനായ ‘ആൻ’ (1952) എന്ന ഹിന്ദി ചിത്രം കണ്ടത് ഓമനക്കുട്ടന്റെ ഓർമയിലുണ്ട്. ശിവാജി ഗണേശന്റെ ‘പരാശക്തി’ എന്ന തമിഴ് ചിത്രം കണ്ടു കയ്യടിച്ചതും മറന്നിട്ടില്ല. സെൻട്രൽ തിയറ്ററിനു സമീപമായിരുന്നു സ്വരാജ് ബസ് സർവീസിന്റെ ഓഫിസ്.

ഓമനക്കുട്ടന്റെ അച്ഛന്റെ ചേട്ടൻ അവിടെ മാനേജരായിരുന്നു. അന്നു സെൻട്രൽ തിയറ്റർ പൂട്ടുന്നെന്നറിഞ്ഞപ്പോൾ ദുഃഖമായി. പിന്നെ അവിടെ ബെസ്റ്റോട്ടൽ വന്നതോടെ ആ സങ്കടം മാറി. അന്നൊക്കെ വല്ലപ്പോഴുമാണു വീട്ടുകാർ ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങിത്തരുന്നത്. ബെസ്റ്റോട്ടലിൽ പോകാൻ പറ്റിയാൽ സ്വർഗം കിട്ടിയ സന്തോഷമായിരുന്നു കുട്ടികൾക്ക്. കാലമെത്ര പോയിട്ടും ബെസ്റ്റോട്ടൽ തന്ന രുചി മായാതെ നിൽപുണ്ട് ഇന്നും ! 

English Summary : Kottayam's landmark eatery Bestotel says goodbye