സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം നമ്മെ വീണ്ടും ഭക്ഷണ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആലോചനകളിലേക്കു കൊണ്ടുപോയിരിക്കുകയാണ്. ജീവന്റെ അടിസ്ഥാനമായ ഭക്ഷണവും വെള്ളവും ഏറ്റവും ശുചിത്വമേറിയതായിരിക്കണമെന്നു പറയാറുണ്ടെങ്കിലും ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ നമ്മുടെ നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്കു

സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം നമ്മെ വീണ്ടും ഭക്ഷണ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആലോചനകളിലേക്കു കൊണ്ടുപോയിരിക്കുകയാണ്. ജീവന്റെ അടിസ്ഥാനമായ ഭക്ഷണവും വെള്ളവും ഏറ്റവും ശുചിത്വമേറിയതായിരിക്കണമെന്നു പറയാറുണ്ടെങ്കിലും ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ നമ്മുടെ നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം നമ്മെ വീണ്ടും ഭക്ഷണ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആലോചനകളിലേക്കു കൊണ്ടുപോയിരിക്കുകയാണ്. ജീവന്റെ അടിസ്ഥാനമായ ഭക്ഷണവും വെള്ളവും ഏറ്റവും ശുചിത്വമേറിയതായിരിക്കണമെന്നു പറയാറുണ്ടെങ്കിലും ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ നമ്മുടെ നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം നമ്മെ വീണ്ടും ഭക്ഷണ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആലോചനകളിലേക്കു കൊണ്ടുപോയിരിക്കുകയാണ്. ജീവന്റെ അടിസ്ഥാനമായ ഭക്ഷണവും വെള്ളവും ഏറ്റവും ശുചിത്വമേറിയതായിരിക്കണമെന്നു പറയാറുണ്ടെങ്കിലും ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ നമ്മുടെ നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്കു മുൻപിലെ വലിയ ചോദ്യചിഹ്നമാകുന്നു. നമ്മുടെ ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തേണ്ട സമയമായോ? ഭക്ഷണത്തിലൂടെ വന്നുചേരാവുന്ന രോഗ സാധ്യതകളെക്കുറിച്ചും പൊതുജനവും അധികാരികളും അടിയന്തരമായി ഇടപെടേണ്ട വിഷയങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് തൃശൂർ ഗവ.മെഡിക്കൽ കോളജ് പീഡിയാട്രിക്സ് വിഭാഗം മുൻ പ്രഫസറും പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് പ്രഫസറുമായ ഡോ.കെ.കെ.പുരുഷോത്തമൻ. ഭക്ഷ്യവിഷബാധ വയറിനെ അല്ലെങ്കിൽ ദഹന വ്യവസ്ഥയെ മാത്രം ബാധിക്കുന്ന ഒന്നാണ് എന്ന തെറ്റിദ്ധാരണ ആദ്യം മാറണമെന്നു പറയുന്നു അദ്ദേഹം. വലിയ മറ്റു രോഗസാധ്യതകൾ കൂടി ഭക്ഷണത്തിലൂടെ നമ്മളിലേക്കു പ്രവേശിക്കുന്നുണ്ട്. ചില നിലക്കടലകൾ കുറച്ചുകാലം സൂക്ഷിച്ചുവച്ചാൽ അവയിൽ ചില പ്രത്യേക ഫംഗസുകൾ രൂപപ്പെടും. ഈ ഫംഗസുകൾ ഉൽപാദിപ്പിക്കുന്ന വിഷം കരളിലെ കാൻസറിനു കാരണമാകുന്നതാണ്. അതുപോലെ രാസമാലിന്യം നിറഞ്ഞ ജലത്തിൽ വളരുന്ന മീനുകളും അപകടകാരിയാണ്. അവയിൽ ഉയർന്ന അളവിൽ ലോഹധാതുക്കളുടെ സാന്നിധ്യമുണ്ടാകാം. നമ്മുടെ വയറ്റിലെത്തുന്നതിനു മുൻപേ, പാത്രത്തിലെ ഭക്ഷണത്തെ വിഷമാക്കി മാറ്റുന്ന ബാക്ടീരിയകളുണ്ടെന്നതും അറിഞ്ഞിരിക്കണം. ഞരമ്പുകളെ വരെ തളർത്തുന്ന ഭക്ഷ്യവിഷബാധയാണ് ഇതിലൂടെ സംഭവിക്കുക. കല്യാണ പാർട്ടികളിൽ വിളമ്പുന്ന വെൽക്കം ഡ്രിങ്ക് നമുക്ക് ആവശ്യമുണ്ടോയെന്നും ഡോ. പുരുഷോത്തമൻ ചോദിക്കുന്നു. നമ്മെ ആകർഷിക്കുന്നതാകും അവ. പക്ഷേ, തിളപ്പിച്ചാറ്റിയതല്ല, ചുറ്റും ഈച്ച പറക്കുന്നുണ്ടാകും. ഹോട്ടലിൽ ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും നല്ല കോംബിനേഷനാണ്. പക്ഷേ, ആ ചമ്മന്തി നമുക്കു വേണോയെന്നും ഡോക്ടർ ചോദിക്കുന്നു. എന്തുകൊണ്ടാണ് അങ്ങനെയൊരു ചോദ്യം? ഭക്ഷ്യസുരക്ഷാ വിഷയത്തിൽ മനോരമ ഓൺലൈനുമായി ദീർഘസംഭാഷണം നടത്തുകയാണ് ഡോ. കെ.കെ.പുരുഷോത്തമൻ..

ഡോ. കെ.കെ.പുരുഷോത്തമൻ

 

ADVERTISEMENT

നമ്മൾ വേഗം മറക്കുന്നു

 

പണ്ട് കോളറ എന്ന മഹാമാരി ലോകത്ത് ഒട്ടേറെ ജീവനുകൾ കവർന്നപ്പോൾ നമ്മൾ ആ രോഗത്തെക്കുറിച്ചു തീർത്തും അജ്ഞരായിരുന്നു. എന്താണ് രോഗം പരത്തുന്നതെന്നോ, എങ്ങനെയാണ് അതിനെ ചികിത്സിക്കുകയെന്നോ നമുക്കറിയുമായിരുന്നില്ല. എന്നാൽ ഇന്നങ്ങനെയല്ല. വൈദ്യശാസ്ത്രവും സാങ്കേതിക വിദ്യയും അത്രയേറെ പുരോഗമിച്ചിരിക്കുന്നു. ഏതുരോഗം വന്നാലും അതെന്തുകൊണ്ട് വരുന്നു എന്നും എങ്ങനെ തടയാമെന്നുമൊക്കെ എളുപ്പത്തിൽ നമുക്ക് മനസ്സിലാക്കാനാകുന്നുണ്ട്. പക്ഷേ, ഒരിക്കൽ മനസ്സിലാക്കിയാലും അവ വീണ്ടും ആവർത്തിക്കപ്പെടുന്നു എന്നതാണ് ഏറ്റവും സങ്കടകരം. പ്രത്യേകിച്ച് ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗങ്ങളുടെ കാര്യത്തിൽ ഈ മറവി കുറച്ചു കൂടുതലാണു താനും. 

 

ADVERTISEMENT

ഷിഗല്ല വന്നു. നമ്മൾ അതെക്കുറിച്ച് കുറേയേറെ സംസാരിച്ചു. പിന്നെ വിട്ടു. കുറച്ചുകാലത്തിനു ശേഷം ഇതേ രോഗം മറ്റൊരിടത്തു വരുന്നു. ഇപ്പോൾ നമ്മൾ നോറോ വൈറസിനെക്കുറിച്ചു സംസാരിക്കുന്നു. ഇനിയതും വിടും. മറ്റൊരിടത്ത് ഇതേ രോഗം ആവർത്തിക്കപ്പെടും. പഠിക്കുന്നതിനെക്കാളേറെ നമുക്കിഷ്ടം മറക്കാനാണ്. വന്ന രോഗങ്ങളെക്കാളേറെ ഭക്ഷണകാര്യത്തിലുള്ള സുരക്ഷിതത്വത്തെക്കുറിച്ചാണ് ചർച്ച വേണ്ടത്. താൽക്കാലിക നടപടികൾക്കു പകരം സ്ഥായിയായ മാറ്റങ്ങൾക്കാണു വാദിക്കേണ്ടത്. അതിനു ജനങ്ങളുടെ ഭാഗത്തുനിന്നും അധികൃതരുടെ ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടാകേണ്ടതുണ്ട്. 

 

ഭക്ഷ്യസുരക്ഷ എന്നാൽ വയർ നിറയ്ക്കൽ മാത്രമല്ല

 

ADVERTISEMENT

എല്ലാവർക്കും ആവശ്യത്തിനു പോഷകാഹാരം ലഭ്യമാക്കുന്നതിനു വേണ്ടിയാണ് എല്ലാ സർക്കാരുകളും പ്രവർത്തിക്കുന്നത്. എന്നാൽ ഭക്ഷണം കൊടുത്താൽ മാത്രം മതിയോ അത് സുരക്ഷിതമായിരിക്കുകയും കൂടി വേണ്ടേ. ഭക്ഷണത്തിൽ മായം കലർത്തുന്നതു മാത്രമാണു പ്രശ്നം എന്നാണു പൊതുവേയുള്ള ധാരണ. എന്നാൽ അങ്ങനെയല്ല. ഉൽപാദനഘട്ടം മുതൽ നമ്മൾ ആഹരിക്കുന്നതു വരെയുള്ള ഏതു ഘട്ടത്തിൽവച്ചും അതു രോഗകാരണമാകാം. അതു നമ്മൾ അറിഞ്ഞോ അറിയാതെയോ ആകാം. ഉൽപാദനം, അവയുടെ സ്റ്റോറിങ്, പാചകം ചെയ്യൽ, വിളമ്പൽ, കഴിക്കൽ ഇതിൽ ഏതു ഘട്ടത്തിലും രോഗാണു അകത്തു കയറാം, രാസപദാർഥം അകത്തു കയറാം. നാം രോഗബാധിതരാകാം.

 

‘വിള തന്നെ വില്ലനാകുമ്പോൾ’

 

കേസരി ദാൽ (Lathyrus sativus) ഉത്തരേന്ത്യയിലൊക്കെ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ധാന്യമാണ്. എന്നാൽ ഇത് വലിയ അളവിൽ തുടർച്ചയായി അകത്തെത്തെത്തിയാൽ അതു നാഡികളെ ബാധിക്കുകയും ചലനശേഷി തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യും. ന്യൂറോലതൈറിസം എന്നാണ് ഈ അവസ്ഥയ്ക്കു പറയുക. ഈ ധാന്യം കൂടുതലായി ഉപയോഗിക്കപ്പെടുന്ന മധ്യപ്രദേശ്, ബിഹാർ, ഒഡീഷ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെല്ലാം ഈ രോഗം ബാധിച്ചവർ ഒട്ടേറെയുണ്ട്. ഇവിടെ വിള തന്നെയാണ് പ്രശ്നം. നമ്മൾ പരമ്പരാഗതമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പല വിളകളും ചിലപ്പോൾ രോഗകാരണമായേക്കാം. പുതിയ പഠനങ്ങളും മറ്റും പുറത്തുവരുമ്പോഴാണ് ഇവയെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാകുന്നത്. അപ്പോഴേക്കും ഇതൊരു ശീലത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞിരിക്കാം. 

 

∙ ‘സൂക്ഷിച്ചാലും ദുഃഖിക്കണം’ 

 

ചില നിലക്കടലകൾ കുറച്ചുകാലം സൂക്ഷിച്ചുവച്ചാൽ അവയിൽ ചില ഫംഗസുകൾ രൂപപ്പെടും. ഈ ഫംഗസുകൾ ഉൽപാദിപ്പിക്കുന്ന അഫ്ലടോക്സിൻ (Aflatoxin) എന്ന വിഷം കരളിലെ കാൻസറിനു കാരണമാകുന്നതാണ്. ഇവിടെ ഇതു സ്റ്റോർ ചെയ്യുന്നിടത്താണ് പ്രശ്നം. ഇതൊന്നും നമ്മൾ അറിഞ്ഞുകൊണ്ടു ചെയ്യുന്നതല്ല. മായം ചേർക്കൽ മാത്രമല്ല. നമ്മൾ അറിയാതെ പോകുന്ന കാര്യങ്ങൾ കൂടി ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുന്നുണ്ടെന്നാണു പറഞ്ഞു വന്നത്. ഉൽപാദനം മുതൽ നമ്മൾ കഴിക്കുന്നതുവരെയുള്ള ഘട്ടങ്ങളിൽ കൃത്യമായ ചെക്പോയിന്റുകളുണ്ടാവുക എന്നതാണ് പ്രധാനമായും ഇനി വേണ്ട കാര്യം. പൂപ്പലുണ്ടോ, കേടുണ്ടോ, നിറം ചേർത്തിട്ടുണ്ടോ എന്നൊക്കെ മാത്രം നോക്കുന്ന നമ്മുടെ നിലവിലെ ഗുണനിലവാര പരിശോധനാ രീതി അടിമുടി മാറണം. ഗുണനിലവാര പരിശോധനയ്ക്കായി കുറച്ചു സ്കെയിലുകൾ കൂടി നാം അധികം സൃഷ്ടിക്കേണ്ടതുണ്ടെന്നു സാരം. 

 

∙ രാസപദാർഥം ഉള്ളിലെത്ത‌ിയാൽ

 

രാസപദാർഥങ്ങൾ മൂലം, ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗാണുക്കൾ മൂലമെല്ലാം ഉദരരോഗങ്ങളുണ്ടാകാം. അതിൽ രാസപദാർഥങ്ങൾ കാരണമുണ്ടാകുന്ന രോഗബാധ കൂടിക്കൊണ്ടിരിക്കുന്ന സമയം കൂടിയാണിത്. മീൻ കേടാകാതിരിക്കാൻ രാസവസ്തു ചേർക്കുന്നതാണ് പ്രധാനപ്രശ്നം എന്നാണു പൊതുവേ പറഞ്ഞു കേൾക്കാറുള്ളത്. എന്നാൽ അതുമാത്രമല്ല. രാസമാലിന്യം നിറഞ്ഞ ജലത്തിൽ വളരുന്ന മീനുകളിലും ഉയർന്ന അളവിൽ ലോഹധാതുക്കളുടെ സാന്നിധ്യമുണ്ടാകാം. ചാലിയാർ മലിനീകരിക്കപ്പെട്ട സമയം തന്നെ ഉദാഹരണം. തൊട്ടു മുൻപു പിടിച്ച മീൻ പോലും വിഷമാകുന്ന അവസ്ഥ. മെർക്കുറി പോലുള്ള ലോഹധാതുക്കളുടെ സാന്നിധ്യം കൂടുതലായായാൽ അതു വലിയ അപകടങ്ങൾക്കു കാരണമാകും. ഇതു കൂടാതെ രുചിയും നിറവും കൂട്ടാനുപയോഗിക്കുന്ന രാസവസ്തുക്കൾ, കേടുകൂടാതെയിരിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ എന്നിവയെല്ലാം ഭക്ഷണത്തെ വിഷമാക്കി മാറ്റുന്നവ തന്നെ. 

Typhoid Mary

 

അകത്തെത്തും മുൻപേ വിഷം 

 

ബാക്ടീരിയ, വൈറസ് തുടങ്ങിയ അണുക്കളുണ്ടാക്കുന്ന രോഗങ്ങൾ തന്നെ രണ്ടുതരത്തിലുണ്ട്. ഭക്ഷണപദാർഥത്തിൽ വളർന്ന് നമ്മൾ കഴിക്കും മുൻപേ തന്നെ ആ ഭക്ഷണത്തെ വിഷമാക്കി മാറ്റുന്ന ഒരു തരം രോഗാണുക്കൾ. ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലേക്കു പ്രവേശിച്ചശേഷം പെറ്റുപെരുകി ആരോഗ്യത്തെ അവതാളത്തിലാക്കുന്ന മറ്റൊരു കൂട്ടർ.  ആദ്യ വിഭാഗത്തിൽ പെടുന്നതാണ് ക്ലോസ്ട്രിഡിയം ബോട്ടുലിനം (Clostridium botulinum) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ബോട്ടുലിസം (Botulism) എന്ന ഭക്ഷ്യവിഷബാധ. വായു കടക്കാത്ത കാൻ ഫുഡുകളിലാണ് പ്രധാനമായും ഈ രോഗാണു കാണപ്പെടുന്നത്. ഈ ബാക്ടീരിയ ഉണ്ടാക്കുന്ന ടോക്സിൻ കലരുന്നതോടെ ഭക്ഷണം വിഷമായി മാറും. നമ്മുടെ വയറ്റിലെത്തിയല്ല, പാത്രത്തിലിരിക്കെത്തന്നെ ഭക്ഷണത്തെ വിഷമാക്കി മാറ്റിയാണ് ഈ ബാക്ടീരിയ അപകടകാരിയാവുന്നത്. മാരകമായ ഭക്ഷ്യവിഷബാധ കൂടിയാണിത്. ഞരമ്പുതളർന്നു പോകുകയാണ് ഈ രോഗബാധയുടെ ഫലം.

 

∙ ബാധിക്കുക വയറിനെ മാത്രമല്ല 

Photo : Joel Robine / AFP Photo

 

ഭക്ഷ്യവിഷബാധ എന്ന പേരു കേൾക്കുമ്പോൾത്തന്നെ വയറിളക്കം, ഛർദി എന്നീ കാര്യങ്ങളാണ് മനസ്സിലെത്തുക. എന്നാൽ അങ്ങനെയല്ല. ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് (എ,ഇ) എന്നിവയെല്ലാം ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് നമ്മുടെ ശരീരത്തിലേക്കു പ്രവേശിക്കുന്നത്. അവ വയറിളക്കമോ മറ്റ് ഉദര പ്രശ്നങ്ങളോ ഉണ്ടാക്കണമെന്നില്ല. മറ്റ് അവയവങ്ങളിലേക്കു കടന്നു കയറാനുള്ള ഒരു വഴി മാത്രമായാണ് ഇത്തരം രോഗാണുക്കൾ വയറിനെ കാണുന്നുന്നത്. ഭക്ഷ്യവിഷബാധ വയറിനെ അല്ലെങ്കിൽ ദഹന വ്യവസ്ഥയെ മാത്രമാണു ബാധിക്കുക എന്ന തെറ്റിദ്ധാരണ മാറണം. വലിയ മറ്റു രോഗസാധ്യതകൾ കൂടി ഭക്ഷണത്തിലൂടെ നമ്മളിലേക്കു പ്രവേശിക്കുന്നുണ്ട്. 

 

ബാക്ടീരിയയാണോ വൈറസ് ആണോ?

 

വയറിളക്കമോ അതിസാരമോ ഉണ്ടായാൽ അതു ബാക്ടീരിയ മൂലമാണോ വൈറസ് മൂലമാണോ എന്നു തിരിച്ചറിയുന്നത് അവയുടെ ലക്ഷണങ്ങൾ വച്ചാണ്. വയറിളകുമ്പോൾ രക്തവും കഫവും ഉണ്ടെങ്കിൽ അതു പൊതുവേ ബാക്ടീരിയൽ ഇൻഫെക്ഷനാകാം. അതേസമയം, ചോരയുമില്ല, കഫവുമില്ല, ധാരാളം വെള്ളവും ധാതുലവണങ്ങളും മാത്രം പോവുകയാണെങ്കിൽ അതു വൈറസ് കാരണമുള്ളതാകാം. ഉദാഹരണത്തിന് ഷിഗല്ല ബാക്ടീരിയ അകത്തു ചെന്നാൽ ചെറുകുടലിലെയും വൻകുടലിലെയും അകത്തെ പാളിയിൽ ക്ഷതമേൽപിക്കും. മുറിവുണ്ടാക്കുകയും ചെയ്യും. ഇതാണ് രക്തം വരാൻ കാരണം. ബാക്ടീരിയ മൂലമുള്ള ഉദരരോഗങ്ങളുള്ളവർക്ക് നല്ല പനിയുണ്ടാവും. അതേസമയം, വൈറസുകൾ ചെറുകടലിലും വൻകുടലിലും പറ്റിപ്പിടിച്ചിരുന്ന് ജലത്തിന്റെയും പോഷകമൂല്യത്തിന്റെയും ആഗിരണത്തെ തടയുകയാണു ചെയ്യുക. കൂടാതെ പുറത്തുനിന്ന് വെള്ളം  കുടലിനകത്തേക്ക് പമ്പ്  ചെയ്യുകയും ചെയ്യും. ഇതാണ് വയറിളക്കത്തിലൂടെ വലിയ അളവിൽ വെള്ളം പോകാൻ ഇടയാക്കുന്നത്. 

 

കോള വേണ്ട, ഒആർഎസ് ലായനിയാകാം

 

വയറിളക്ക രോഗങ്ങൾക്ക് ഏറ്റവും ഉത്തമം ഒആർഎസ് ലായനിയാണ്. അല്ലെങ്കിൽ ഉപ്പ്, കുറച്ചു പഞ്ചസാര, നാരങ്ങാനീര് എന്നിവ ചേർത്തു നൽകാം. ഉപ്പിട്ട കഞ്ഞിവെള്ളവും മികച്ചതാണ്. ഒരിക്കലും കോള പോലുള്ള ശീതളപാനീയങ്ങൾ നൽകരുത്. അധികം പഞ്ചസാര കലർന്ന ഒരു ലായനിയും നല്ലതല്ല. നിർജലീകരണം മൂലം ജലവും ധാതുലവണങ്ങളും കുറയുന്നതു തടയലാണ് ഇത്തരം ലായനികൾ കൊണ്ടുദ്ദേശിക്കുന്നത്. രോഗിക്ക് തളർച്ച വല്ലാതുണ്ടെങ്കിൽ ഉടനെ ആശുപത്രിയിലെത്തിക്കണം. നാളെ രാവിലെയാകട്ടെ എന്നു പറഞ്ഞിരിക്കരുത്. 

 

നോറൊ വൈറസും ഭക്ഷണ സുരക്ഷയും

 

ഭക്ഷണത്തിലൂടെ നോറോ വൈറസ് ബാധിച്ച സ്കൂൾ കുട്ടികളുടെ വാർത്തയാണ് നമ്മളെ ഭക്ഷ്യസുരക്ഷയുടെ കാര്യത്തെക്കുറിച്ച് വീണ്ടും ഓർമിപ്പിച്ചത്. അത്രയധികം അപകടകാരിയൊന്നുമല്ല ഈ നോറോ വൈറസ്. നമ്മുടെ ശ്രദ്ധയിലേക്ക് ഈ പേരു വരുന്നത് ഇതാദ്യമാണെന്നു മാത്രം. 1968ൽ അമേരിക്കയിലെ ഒഹായോയിലുള്ള നോർവാക് സിറ്റിയിലെ സ്കൂൾ കുട്ടികൾക്ക് പിടിപെട്ടതോടെയാണ് ഈ വൈറസിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ പുറത്തുവരുന്നത്. പൊതുവേ, രണ്ടുമൂന്നു ദിവസങ്ങൾ കൊണ്ട് ഭേദമാകുന്നതാണ്. കൂടുതൽ നിർജലീകരണം സംഭവിച്ചാൽ മരണത്തിനു വരെ കാരണമാകാം. കൃത്യസമയത്ത് ചികിത്സ തേടുകയെന്നതാണ് പ്രധാനം. 

 

അറിയാമോ ടൈഫോയിഡ് മേരിയെ ? 

 

രോഗവാഹകരായ പാചകക്കാരിൽ നിന്ന് ഭക്ഷണത്തിലൂടെ ഉപഭോക്താക്കൾക്കും രോഗം പകരാം എന്നതിന്റെ സങ്കടകരമായ ഉദാഹരണമാണ് മേരിയുടേത്. അമേരിക്കയിൽ പാചകജോലി ചെയ്തിരുന്ന ഇവരിലൂടെ 51 മുതൽ 122 പേർക്കുവരെ ടൈഫോയ്ഡ് രോഗം പകർന്നെന്നു കരുതപ്പെടുന്നു. ടൈഫോയ്ഡ് മേരി എന്ന വിളിപ്പേരും അങ്ങനെ കിട്ടിയതാണ്. പാചകം ചെയ്യാനുപയോഗിക്കുന്ന ഭക്ഷണ പദാർഥങ്ങൾ മാത്രമല്ല, പാചകം ചെയ്യുന്നവരുടെ രോഗസാധ്യതകളും പരിശോധിക്കണമെന്നർഥം. പകരുന്ന അസുഖമുള്ളവർ പാചകം ചെയ്യുന്ന ഭക്ഷണത്തിൽ നിന്നു രോഗം മറ്റുള്ളവരിലേക്കെത്താം. പാചകക്കാർക്ക് ഇതുമായി ബന്ധപ്പെട്ട ഹെൽത്ത് ചെക്കപ്പുകൾ കൃത്യമായ ഇടവേളകളിൽ നടത്തി അവർ രോഗവാഹകരല്ലെന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. 

 

രോഗവാഹകരാണെന്ന് അറിയാതെയായിരിക്കും അവർ ചിലപ്പോൾ ജോലി ചെയ്തിരിക്കുക. അതവരുടെ കുറ്റമല്ലല്ലോ. പക്ഷേ, കൃത്യമായ ഇടവേളകളിൽ ചെക്കപ്പുകൾ നിർബന്ധമാക്കിയാൽ അതവർ ചെയ്യുകയും രോഗം പടരാനുള്ള സാധ്യത കുറയുകയും ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമല്ല, ഹോട്ടലുകൾ, വഴിയോര കച്ചവടക്കാർ എന്നിങ്ങനെ പൊതുഇടങ്ങളിലെ പാചകക്കാർക്കെല്ലാം ഇത്തരം ഹെൽത്ത് ചെക്കപ്പുകൾ അനിവാര്യമാണ്. കൂടാതെ പാചകജോലി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ശുചിത്വ കാര്യങ്ങളെക്കുറിച്ച് തുടർച്ചയായ ബോധവൽക്കരണവും വേണം. ചെറിയ വിഡിയോകളായോ, പോസ്റ്റുകളായോ  ലഘുലേഖകളായോ ബോധവൽക്കരണ സന്ദേശം ബന്ധപ്പെട്ടവരിൽ അധികൃതർ എത്തിക്കണം. 

 

അധികൃതർ ചെയ്യേണ്ടത്

 

വീട്ടിലെ അടുക്കള, കിണർ എന്നിവയെല്ലാം ശുചിയായി സൂക്ഷിക്കേണ്ടത് വീട്ടുകാരുടെ ഉത്തരവാദിത്തമാണ്. എന്നാൽ പൊതു ഇടങ്ങളിലെയോ? സർക്കാരും ബന്ധപ്പെട്ട അധികൃതരുമല്ലേ അതിന്റെ ഉത്തരവാദിത്തമേറ്റെടുക്കേണ്ടത്. എന്തെങ്കിലും അപകടമുണ്ടാകുമ്പോൾ ഓടിച്ചെന്നു രണ്ടു പരിശോധന നടത്തിയിട്ടു കാര്യമില്ല. നിരന്തരമായ ബോധവൽക്കരണവും ശുചീകരണവും പരിശോധനകളും വേണം. ഒരിക്കൽ സംഭവിച്ച നഷ്ടം പിന്നീട് ആവർത്തിക്കരുത്. പക്ഷേ, അതുണ്ടാകുന്നില്ലെന്നതാണ് ഏറ്റവും സങ്കടകരം. കുറച്ചുകാലം കാലം മുൻപ് ഞാൻ തൃശൂർ മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്ന കാലത്ത്  തൃശൂരിലെ ഒരു പ്രശ്സതമായ കോളജിൽ ഭക്ഷ്യവിഷബാധയുണ്ടായി. ഒട്ടേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റൽ കന്റീനിലേക്കുള്ള വെള്ളം മലിനമാണെന്നതായിരുന്നു ഭക്ഷ്യവിഷബാധയുടെ കാരണമായി കണ്ടെത്തിയത്. അതു പരിഹരിക്കുകയും ചെയ്തു. എന്നാൽ രണ്ടു വർഷം കഴിയും മുൻപേ അതേ കോളജിൽ വീണ്ടും ഭക്ഷ്യവിഷ ബാധയുണ്ടായി. ആരെയാണു കുറ്റം പറയേണ്ടത്? 

 

നമ്മളും നെപ്പോളിയനും

 

ആഴ്സനിക് എന്ന വിഷവസ്തു ചെറിയ അളവിൽ തുടർച്ചയായി നൽകിയതാണ് നെപ്പോളിയൻ ബോണപ്പാർട്ടിന്റെ മരണകാരണമെന്നു പറയാറുണ്ടല്ലോ. അതു പോലെ ഭക്ഷണത്തിലൂടെ വളരെ ചെറിയ അളവിൽ പലതരം വിഷാംശങ്ങൾ പ്രതിദിനം നമ്മുടെ ശരീരത്തിലേക്കുമെത്തുന്നുണ്ട്. നമ്മൾ അറിയുന്നില്ലെന്നു മാത്രം. ശരീരത്തിനകത്ത് എത്തിയാലുടൻ അതു രോഗകാരണമാകണമെന്നില്ല. പക്ഷേ, തുടർച്ചയായി കുറേശ്ശെ അവ അകത്തെത്തുമ്പോൾ രോഗങ്ങൾ നമ്മെ പിടികൂടിത്തുടങ്ങും. വർഷങ്ങൾക്കുശേഷമായിരിക്കും രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. വളരെക്കാലമായതിനാൽ ഇതിന്റെ രോഗകാരണവും തിരിച്ചറിയപ്പെടാതെ പോകുന്നു. യഥാർഥ വില്ലൻ മറഞ്ഞിരിക്കുകയും നമ്മൾ വന്ന രോഗത്തിന് ചികിത്സയുമായി മുന്നോട്ടു പോകാൻ നിർബന്ധിതരാവുകയും ചെയ്യും. ഭക്ഷണത്തോടൊപ്പമെത്തുന്ന ഹാനികരമായ രാസ പദാർഥങ്ങൾ, ലോഹ അംശങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ ദീർഘകാലത്തിൽ അപകടകാരികളായി മാറുന്നവയാണ്. 

 

എന്റെ അനുഭവത്തിൽത്തന്നെ ഒരു സംഭവമുണ്ട്. ഒരു കുട്ടി ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥയിൽ മുന്നിലെത്തി. പരിശോധന നടത്തിയപ്പോൾ രോഗകാരണമായി ഒന്നും തന്നെ കണ്ടെത്താനായില്ല. പിന്നീട് കുടുംബത്തോട് കുറേനേരം സംസാരിച്ചപ്പോഴാണ് അറിയുന്നത് ആസ്മ മാറാനായി ദീർഘകാലം ആ കുട്ടി ഒരു ഭസ്മം കഴിച്ചിരുന്നു. ഈ ഭസ്മത്തിൽ  ലോഹസാന്നിധ്യമുണ്ടായിരുന്നു. ഇതിന്റെ ദീർഘകാല ഉപയോഗമാണ് കുട്ടിയെ രോഗിയാക്കി മാറ്റിയത്. ഭക്ഷണമായാലും മരുന്നായാലും സൂക്ഷിച്ചുപയോഗിക്കുക എന്നതുമാത്രമാണ് ഇക്കാലത്തെ ഏക പോംവഴി.

 

ഈ രീതികൾ തുടരണോ? 

 

∙ കല്യാണപാർട്ടികളിലെ വെൽക്കം ഡ്രിങ്ക്: പല കളറിലുണ്ടാകും നമ്മെ ആകർഷിക്കും. പക്ഷേ, തിളപ്പിച്ചാറ്റിയതല്ല, ചുറ്റും ഈച്ച പറക്കുന്നുണ്ടാകും.

∙ വെജിറ്റബിൾ, ഫ്രൂട്ട് സലാഡ്: മിക്കവാറും തുറന്നു വച്ചരിക്കുകയാവും. ഈച്ചയുമുണ്ടാകും ചുറ്റും. അടച്ചെങ്കിലും വച്ചാൽ അത്രയും ഉപകാരം. 

∙ ഹോട്ടൽ സപ്ലയറുടെ പാത്രം തുടയ്ക്കൽ:  ഭക്ഷണം വിളമ്പും മുൻപ് കഴുകിയ പ്ലേറ്റെടുത്ത് സപ്ലയറുടെ ഒരു തുടപ്പുണ്ട്. അതേ തുണി തന്നെയായിരിക്കും അതിനു മുൻപത്തെ 60 പ്ലേറ്റുകളും തുടയ്ക്കാനുപയോഗിച്ചത്. 

∙ ചമ്മന്തി: ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും നല്ല കോംബിനേഷനാണ്. പക്ഷേ, ചമ്മന്തി ചൂടാക്കാറില്ല, ഉപയോഗിക്കുന്ന വെള്ളവും തിളപ്പിക്കാറില്ല.

 

English Summary: What we Need to do in the time of Food Poisoning; Interview with Dr. KK Purushothaman.