ഗോതമ്പിന്റെ മൂന്ന് ഇരട്ടിയും അരിയുടെ നാല് ഇരട്ടിയും പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുവാണ് പയർ. ‘പാവപ്പെട്ടവന്റെ മാംസ്യം’ എന്നാണ് പയർ അറിയപ്പെടുന്നത്. മുളപ്പിച്ച പയർമണിയിൽ അന്നജം അഥവാ സ്റ്റാർച്ച്, മാൾട്ടോസ്, ഡെക്സ്ട്രിൻ എന്നീ പഞ്ചസാരകളായും മാംസ്യം പെപ്റ്റൈഡ്, പോളി പെപ്റ്റൈഡ്, അമിനോ ആസിഡുകൾ എന്നിവയായും രൂപാന്തരപ്പെടുന്നു. ബി വൈറ്റമിനുകൾ, വൈറ്റമിൻ സി, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ ശരീരത്തിന് ആഗിരണം ചെയ്യാൻ പാകത്തിൽ സജ്ജമാകുന്നു. ഇത്രയൊക്കെ പോഷകമൂല്യങ്ങൾ പയറിന് ഉള്ളതുകൊണ്ടാവാം അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രസാദമായി പയറുപൊടി നൽകുന്നത്. 

പണ്ട് ചായക്കടകളിൽ ശർക്കര കാപ്പിക്കൊപ്പം തിളങ്ങിയിരുന്ന പലഹാരമാണ് സുഖിയൻ. രുചികരമായ നാലുമണിപ്പലഹാരം എളുപ്പത്തിൽ വീട്ടിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ചെറുപയർ വേവിച്ചത് – 1 കപ്പ്
  • ശർക്കര ഉരുക്കിയത് – 1/2 കപ്പ്
  • നെയ്യ് – 2 ടേബിൾസ്പൂൺ
  • ഏലയ്ക്കാപ്പൊടി – 2 ടീസ്പൂൺ
  • തേങ്ങ ചിരകിയത് – 1/2 കപ്പ്
  • അരിപ്പൊടി – 1/4 കപ്പ്
  • മൈദ – 1/4 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ ശർക്കരപ്പാനിയും തേങ്ങാ ചിരകിയതും ചെറിയ തീയിൽ നന്നായി യോജിപ്പിച്ചെടുക്കുക.

വേവിച്ചു വച്ചിരിക്കുന്ന ചെറുപയറും നെയ്യും ഏലയ്ക്കാപ്പൊടിയും ഇതിലേക്ക് ചേർക്കാം. നന്നായി യോജിപ്പിച്ച് കുഴഞ്ഞ പരുവത്തിൽ  മാറ്റിവയ്ക്കാം.  

പാനി മുറുകും മുമ്പ് വാങ്ങി ഇളം ചൂടാടുമ്പോൾ ഉരുട്ടിയെടുക്കുക.

മൈദ, അരിപ്പൊടി, ഉപ്പ് എന്നിവ വെള്ളമൊഴിച്ച് നന്നായി യോജിപ്പിച്ച് കുറുകെ കലക്കണം.

ഒാരോ പയറുരുളകളും ഇൗ കൂട്ടിൽ മുക്കി തിളച്ച എണ്ണയിൽ വറുത്തു കോരണം.