മത്തിയും ചേമ്പും ചേർത്ത് ഇങ്ങനെ ഒരു കൂട്ട് കറി ഉണ്ടാക്കിയിട്ടുണ്ടോ?  ഒരിക്കൽ ഈ കൂട്ട് കറിയുടെ ടേസ്റ്റ് അറിഞ്ഞവർ ഇത് വീണ്ടും വീണ്ടും  ഉണ്ടാക്കി കഴിക്കും. മത്തിയുടെ ഗുണങ്ങൾ എല്ലാവർക്കും അറിവുള്ളതാണല്ലോ? ധാരാളം പ്രൊട്ടീൻസും മിനറൽസും ഉള്ളതാണ് ഈ മീൻ. പിന്നെ  ചേമ്പ് ബ്ലഡ് ഷുഗർ നിയന്ത്രിക്കുകയും പ്രതിരോധശക്തി വർധിപ്പിക്കുകയും ചെയ്യുന്നു. ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ചേരുവകൾ    

  • മത്തി - നാല് എണ്ണം
  • മുളകുപൊടി - ഒരു ടീസ്പൂൺ 
  • ഉപ്പ് - ഒരു ടീസ്പൂൺ
  • ചേമ്പ് - അഞ്ചു എണ്ണം 
  • തേങ്ങാ ചിരവിയത് - ഒരു കപ്പ് 
  • പെരും ജീരകം  - ഒരു ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി  - ഒരു ടീസ്പൂൺ 
  • പച്ച മുളക് - മൂന്ന് എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം -  ആവശ്യത്തിന്
  • കറിവേപ്പില  -  ആവശ്യത്തിന്

തയാറാക്കുന്ന വിധം 

മത്തി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിച്ചെടുക്കുക. വേവിച്ച ശേഷം മുള്ള് മാറ്റുക. ചേമ്പ് തൊലികളഞ്ഞു വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക. മീൻ വേവിച്ച അതെ വെള്ളത്തിൽ തന്നെ ചേമ്പ് വേവിക്കുക. ചേമ്പ് നന്നായി തവി കൊണ്ട് ഉടച്ചു കൊടുക്കുക. ഇതിലേക്ക് വേവിച്ചു വെച്ച മീൻ ചേർത്ത് കൊടുക്കുക. മത്തി നന്നായി ഉടച്ചു കൊടുക്കുക. 

തേങ്ങാ, പെരും ജീരകം, മഞ്ഞൾപ്പൊടി, പച്ചമുളക് എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക.

മത്തിയും, ചേമ്പും ഉടച്ചതിലേക്കു അരപ്പ് ചേർത്ത് കൊടുക്കുക. അരപ്പിന്റെ പച്ചചുവ മാറുന്നതു വരെ ചെറു തീയിൽ വഴറ്റുക. ഈ സമയത്തു ഉപ്പ് പാകത്തിനുണ്ടോ എന്ന് നോക്കണം. കറിവേപ്പില ആവശ്യത്തിന് ചേർക്കുക. മൂടി വെച്ച് അഞ്ചു മിനിറ്റ് വേവിക്കുക. തീ ഓഫാക്കുക. അവസാനം കുറച്ചു കറി വേപ്പില ഇടുക. മത്തി -ചേമ്പ് കൂട്ട് കറി റെഡി.  ഇത് ചോറിനു പറ്റിയ കൂട്ട് കറിയാണ്.