പ്രമേഹരോഗികൾക്ക് പാഷൻ ഫ്രൂട്ട് വളരെ നല്ലതാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു. ബീറ്റാകരോട്ടിൻ വൈറ്റമിൻ സി വൈറ്റമിൻ B2 കോപ്പർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് പാഷൻ ഫ്രൂട്ടിൽ. ഒരു വെറൈറ്റി പാഷൻ ഫ്രൂട്ട്  കറിയുടെ രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

  • പാഷൻ ഫ്രൂട്ട് –  240 ഗ്രാം (വലുതാണെങ്കിൽ 2)
  • അരിപ്പൊടി – 2 ടേബിൾ സ്പൂൺ
  • തേങ്ങാ – 3 ടേബിൾ സ്പൂൺ
  • കാന്താരി (അല്ലെങ്കിൽ പച്ചമുളക് ) – 4
  • ചെറിയഉള്ളി – 8
  • ജീരകം – 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ –1 ടേബിൾ സ്പൂൺ
  • ഉലുവ – 1/4 ടീസ്പൂൺ
  • കടുക് – 1/4 ടീസ്പൂൺ
  • വറ്റൽ മുളക് – 3 എണ്ണം
  • കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാഷൻ ഫ്രൂട്ട് അരികളഞ്ഞ് പൾപ്പ് എടുക്കുക. ചട്ടി അടുപ്പിൽ വെച്ച് പാഷൻ ഫ്രൂട്ട്പൾപ്പ് ഒഴിച്ച് ഉപ്പും മഞ്ഞൾപ്പൊടിയും കറിവേപ്പിലയും ചേർത്ത് യോജിപ്പിച്ച് അടച്ചു വയ്ക്കുക. തിളക്കുമ്പോൾ അരിപ്പൊടി വെള്ളത്തിൽ കലക്കി ചേർക്കുക( കറിക്ക് കൊഴുപ്പ് കിട്ടാൻ). തേങ്ങാ, ജീരകം, 6 ഉളളി, പച്ചമുളക് ഇവ അരച്ചത് ചേർത്ത് 2 കപ്പ് വെളളവും ചേർത്ത് തിളപ്പിച്ച് മാറ്റി വയ്ക്കുക. എണ്ണ ചൂടാക്കി ഉലുവായും കടുകും ചേർത്ത് പെട്ടി വരുമ്പോൾ 2  ഉള്ളി അരിഞ്ഞതും വറ്റൽ മുളകും കറിവേപ്പിലയും മുളക് പൊടിയും മൂപ്പിച്ച് കറിയിൽ ചേർക്കുക. രുചികരമായ പാഷൻ ഫ്രൂട്ട് കറി റെഡി.

English Summary: Passion Fruit Curry