വീട്ടിൽ തട്ടുകട സ്റ്റൈൽ പരിപ്പുവട എളുപ്പത്തിൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ആവശ്യമായ സാധനങ്ങൾ

  • കടലപ്പരിപ്പ് - ഒരു കപ്പ് 
  • ചെറിയഉള്ളി - അര കപ്പ് 
  • ഇഞ്ചി - മൂന്നുകഷണം 
  • കറിവേപ്പില - രണ്ട് തണ്ട് 
  • പച്ചമുളക് - മൂന്നെണ്ണം 
  • വെളുത്തുള്ളി - രണ്ട് അല്ലി
  • വറ്റൽ മുളക് - മൂന്നെണ്ണം 
  • ഉപ്പ് - ഒരു ടീസ്പൂൺ 
  • കായപ്പൊടി - അര ടീസ്പൂൺ.

തയാറാക്കുന്ന വിധം

  • കടലപ്പരിപ്പ് മൂന്ന് മുതൽ നാല് മണിക്കൂർ വരെ കുതിർക്കാൻ വയ്ക്കുക. ശേഷം ഒരു അരിപ്പയിലേക്ക് മാറ്റി വെള്ളം മുഴുവനും വാർന്നു പോകാൻ അനുവദിക്കുക. ഇതിൽ നിന്നും രണ്ട് ടേബിൾസ്പൂൺ പരിപ്പ് മാറ്റിവയ്ക്കുക. ശേഷം മിക്സിയിൽ ഇട്ട് ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് പകർത്തുക.മിക്സിയുടെ ചെറിയ ജാറിൽ ചെറിയ ഉള്ളി, ഇഞ്ചി, കറിവേപ്പില ,പച്ചമുളക്, വെളുത്തുള്ളി ,വറ്റൽ മുളക് എന്നിവ ചതച്ചെടുക്കുക.
  • അരച്ചുവെച്ചിരിക്കുന്ന പരിപ്പിലേക്ക് നേരത്തെ മാറ്റി വച്ചിരിക്കുന്ന രണ്ട് ടേബിൾസ്പൂൺ കടലപ്പരിപ്പ്, ഇപ്പോൾ അരച്ചെടുത്ത മിക്സ് ഉം കൂടെ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഉപ്പ്, കായപ്പൊടി എന്നിവ കൂടെ ചേർത്ത് കൈ വെച്ച് നന്നായി കുഴച്ചെടുക്കുക. ഇതിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കി കയ്യിൽ വച്ച് പരിപ്പുവടയുടെ കനത്തിൽ പരത്തിയെടുക്കുക.
  • ഇത് ചൂടായ എണ്ണയിൽ വറുത്തു നല്ല ബ്രൗൺ കളറാകുമ്പോൾ കോരിയെടുക്കുക.

English Summary : Parippuvada Recipe, Dal Vada , Channa dal Vada