മധുരം കിനിയുന്ന രുചികരമായ ഹൽവ. കാരറ്റ് ഹൽവ വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. രുചി കൃത്യമാകാൻ ഇതിൽ കോയ അഥവാ മാവ് (പാൽ കുറുക്കി എടുത്ത പദാർത്ഥം )കൂടി ചേർത്ത് കൊടുക്കണം. ഈ രീതിയിൽ ഹൽവ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

  • കാരറ്റ് - 2 കപ്പ്‌ 
  • പഞ്ചസാര - 10 സ്പൂൺ 
  • പാൽ - 1 കപ്പ്‌ 
  • റോസ് എസ്സൻസ് - 1/4 സ്പൂൺ 
  • കോയ/മാവ  - 3 സ്പൂൺ (രണ്ട് ടേബിൾ സ്പൂൺ നെയ്യിൽ അരകപ്പ് പാലും ഒരു കപ്പ് പാൽപ്പൊടിയും ചേർത്ത് കുറുക്കി പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവത്തിൽ തയാറാക്കാം)
  • നെയ്യ് - 6 സ്പൂൺ 
  • കശുവണ്ടി പരിപ്പ് - 5 എണ്ണം 

തയാറാക്കുന്ന  വിധം 

ഒരു ഫ്രൈ പാനിൽ  4 സ്പൂൺ നെയ്യ് ഒഴിച്ച്  ചൂടാക്കി, കാരറ്റ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. അടച്ചു വെച്ച് ചെറുതീയിൽ 3 മിനിറ്റ് നേരത്തേക്ക് വേവിക്കുക. തുടർന്ന് ഒരു കപ്പ്‌ പാലും റോസ് എസ്സൻസും പഞ്ചസാരയും ചേർത്ത്  5 മിനിറ്റ് നേരം വേവിക്കുക. വെള്ളം വറ്റി വരുമ്പോൾ 3 സ്പൂൺ കോയ അഥവാ മാവ് ചേർത്ത് 1 മിനിറ്റ് നേരത്തേക്ക്  ഇളക്കി യോജിപ്പിച്ചു വാങ്ങാം. നെയ്യിൽ വറുത്തെടുത്ത  കശുവണ്ടി പരിപ്പ് ചേർത്ത് അലങ്കരിക്കാം.

English Summary: Carrot Halwa Homemade Recipe