വൈറ്റമിൻ സി യുടെ കലവറയായ നാരങ്ങ കൊണ്ട് രസം തയാറാക്കാം. രസം പൊടി ഉപയോഗിക്കാതെ കുറഞ്ഞ ചേരുവകൾ കൊണ്ട് നാരങ്ങാ രസം തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

▪️ നാരങ്ങാ നീര് - 2 നാരങ്ങയുടേത്
▪️ കുരുമുളക് - 1 ടീസ്പൂൺ
▪️ മല്ലി - 1½ ടീസ്പൂൺ
▪️ ജീരകം - ½ ടീസ്പൂൺ
▪️ ഇഞ്ചി – ഒരു ചെറിയ കഷണം
▪️ വെളുത്തുള്ളി - 4 അല്ലി
▪️ പച്ചമുളക് - 2 എണ്ണം
▪️ തക്കാളി - 1എണ്ണം
▪️ മല്ലിയില – ആവശ്യത്തിന്
▪️ മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
▪️ ഉപ്പ് – ആവശ്യത്തിന്
▪️ വെള്ളം - 3½ കപ്പ്

കടുക് വറുക്കാൻ
▪️ വെളിച്ചെണ്ണ - 1½ ടേബിൾസ്പൂൺ
▪️ കടുക് – ആവശ്യത്തിന്
▪️ ഉലുവ - 2 നുള്ള്
▪️ ചെറിയ ഉള്ളി - 3 എണ്ണം
▪️ വറ്റൽമുളക് - 1 എണ്ണം
▪️ കറിവേപ്പില – ആവശ്യത്തിന്
▪️കായം പൊടി - ¼ ടീസ്പുൺ

തയാറാക്കുന്ന വിധം

▪️ ഒരു മൺകലത്തിൽ കുരുമുളക്, ജീരകം, മല്ലി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചതും പച്ചമുളക്, തക്കാളി, മല്ലിയില എന്നിവ അരിഞ്ഞതും ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് വറ്റിക്കുക.

▪️ ചൂടായ വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് ഉലുവ, ഉള്ളി, വറ്റൽ മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് ശേഷം രസത്തിലേക്ക് താളിക്കുക 

▪️ കടുക് താളിച്ച ശേഷം തീ കുറച്ച് നാരങ്ങാനീര്  കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

ഞൊടിയിടയിൽ അസ്സൽ നാരങ്ങാ രസം തയ്യാർ (നാരങ്ങാനീര് ചേർത്ത ശേഷം രസം തിളപ്പിക്കരുത്)

English Summary: Immunity Booster Lemon Rasam