ഒരു മുത്തശ്ശനും മുത്തശ്ശിയുമാണ് ഈ വിഡിയോയിലെ താരങ്ങൾ. ലോക്ഡൗണിൽ വീട്ടിൽ ഇരിക്കുമ്പോഴല്ലേ ഇങ്ങനത്തെ പാചകപരീക്ഷണങ്ങളൊക്കെ നടത്താൻ പറ്റുകയുള്ളു എന്ന് ചോദിച്ചാണ് മുത്തശ്ശി കൊണ്ടു വന്ന ചക്കക്കുരു ജ്യൂസിനെ മുത്തശ്ശൻ പരിചയപ്പെടുത്തുന്നത്. ജ്യൂസ് കുടിച്ച മുത്തശ്ശനു സംശയം ഇത് ബദാം പരിപ്പ് ഇട്ട ജ്യൂസ് അല്ലേ...? പാചക വിധിയും പരിചയപ്പെടുത്തുന്നുണ്ട്. കുരുതൊലി കളഞ്ഞ് ചുവന്ന തൊണ്ടൊടു കൂടി കഴുകി കുക്കറിൽ ഇട്ട് നന്നായി വേവിച്ച് മിക്സിയിൽ അടിച്ചെടുക്കുക. നന്നായി അരഞ്ഞ് കഴിയുമ്പോൾ ആവശ്യത്തിന് പാലും പഞ്ചസാരയും ചേർത്ത് ജ്യൂസാക്കാം. 

ലോക്ക്ഡൗൺ തീർന്ന് കൊറോണ പറപറക്കുമ്പോളേക്കും ചക്കക്കുരുകൊണ്ടൊരു ജ്യൂസ് ഉണ്ടാക്കി  നോക്കിയാലോ?

ചേരുവകൾ

  • ചക്കക്കുരു  – 15 എണ്ണം
  • പാൽ –  2 കപ്പ്
  • പഞ്ചസാര – ആവശ്യത്തിന്
  • ഏലയ്ക്ക  – ആവശ്യത്തിന്
  • ഐസ് ക്യൂബ്സ്  – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചക്കക്കുരു കുക്കറിൽ വേവിച്ചെടുക്കുക .ഒരു മിക്സിയുടെ ജാറിലേക്കു വേവിച്ച ചക്കക്കുരുവും കുറച്ചു പാലും പഞ്ചസാരയും ഏലയ്ക്കായും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇതിലേക്ക് ബാക്കി പാലും ഐസ് ക്യൂബ്‌സും ചേർത്ത് ഒന്നുകൂടി അടിക്കുക. ഹെൽത്തി ചക്കക്കുരു ജ്യൂസ് റെഡി.

English Summary: Jack Fruit Seed Juice