പൊറോട്ട അടിക്കുക എന്നത് ഒരു കഴിവാണ്. അറിയാവുന്നവർക്കു മാത്രം ചെയ്യാൻ പറ്റുന്ന പണി. ഇടിച്ചു പരത്തി വീശിയടിക്കുന്നതിലാണ് അതിന്റെ രുചി രഹസ്യം, വീശിയടിക്കാതെ അതേ രുചിയിൽ പൊറോട്ട തയാറാക്കാനും ഒരു മാർഗമുണ്ട്...പൊറോട്ട വീശിയടിക്കാതെ എന്നാൽ വീശിയടിച്ച രുചിയിൽ തയാറാക്കുന്ന ടെക്ക്നിക്ക് പരിചയപ്പെടാം. സേവാനാഴി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ അടുക്കുകളുള്ള പൊറോട്ട തയാറാക്കാം. യൂട്യൂബ് വ്ളോഗർ മിയയാണ് ഈ റെസിപ്പി തയാറാക്കിയിരിക്കുന്നത്. 

ചേരുവകൾ 

  • മൈദ – 4 കപ്പ്
  • മുട്ട – 2
  • ഉപ്പ് – ആവശ്യത്തിന്
  • പഞ്ചസാര – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ചേരുവകളെല്ലാം ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവിനേക്കാൾ അയവിൽ കുഴച്ച് എടുക്കുക. അരമണിക്കൂർ ഈ മാവ് മൂടിവയ്ക്കുക. (ഒരു മണിക്കൂർ വരെ വയ്ക്കാം)

ഇത് പൊറോട്ടയാക്കാൻ സേവാനാഴിയിൽ പക്കാവട തയാറാക്കാൻ ഉപയോഗിക്കുന്ന അച്ച് ഇട്ട് ഇതിൽ മാവ് നിറച്ച്, വൃത്തിയാക്കിയ പ്രതലത്തിലേക്ക് നീളത്തിൽ ഇടുക. ആവശ്യത്തിന് എണ്ണ തൂവി കൊടുക്കണം. എന്നാൽ മാത്രമേ ലെയർ നിലനിൽക്കുകയുള്ളു.

ഇത് കൈ വിരലിൽ ചുറ്റിച്ച് എടുത്ത് വീണ്ടും അര മണിക്കൂർ വയ്ക്കുക. അരമണിക്കൂറിനു ശേഷം കൈകൊണ്ട് പരത്തി ചുട്ടെടുക്കാം. ആവശ്യത്തിന് ഓയിൽ ഒഴിച്ച് വേവിച്ചെടുക്കണം. തയാറാക്കിയ അഞ്ച് പൊറോട്ടകൾ ഒരു മിച്ച് നാലു വശത്തു നിന്നും കൈ കൊണ്ട് നന്നായി തട്ടിയെടുത്താൽ ലെയറുകളായി കിട്ടും.

English Summary: Layered Soft Parotta