വ്യത്യസ്ത രുചിയിൽ ഒരു ചെറുപയർ ബിരിയാണി തയാറാക്കിയാലോ? ചെറുപയറിന്റെ പോഷക ഗുണങ്ങൾ ഏവർക്കും അറിയാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രുചിയാണിത്.

ചേരുവകൾ

  • ചെറുപയർ – 1 കപ്പ്
  • ബസ്മതി അരി – 2 കപ്പ്
  • അണ്ടിപരിപ്പും ഉണക്കമുന്തിരിയും – ആവശ്യത്തിന്
  • ഏലയ്ക്ക – 4 എണ്ണം
  • ഗ്രാമ്പു – 5 എണ്ണം
  • കറുവാപട്ട – 1 കഷണം
  • വഴനയില – 2 എണ്ണം
  • ജീരകം – 1/2 സ്പൂൺ
  • സവാള – 2 എണ്ണം
  • തക്കാളി – 1
  • പച്ചമുളക് – 3 എണ്ണം
  • ഇഞ്ചി – 1 കഷ്ണം
  • വെളുത്തുള്ളി – 10 എണ്ണം
  • മല്ലിയില – 1 കപ്പ്
  • നാരങ്ങാനീര് – 1 സ്പൂൺ
  • തൈര് – 3 സ്പൂൺ
  • നെയ്യ് – ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി – 1/4 സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പ്രഷർ കുക്കർ ചൂടാക്കി അതിൽ രണ്ടു സ്പൂൺ നെയ്യ് ഒഴിക്കുക. ഇതിലേക്ക് മൂന്ന് സ്പൂൺ സവാള അരിഞ്ഞതും കശുവണ്ടിപരിപ്പും ചേർത്ത് നന്നായി വറത്തു കോരുക. ഈ നെയ്യിലേക്ക് ഏലയ്ക്ക, കറുവാപ്പട്ട, ഗ്രാമ്പു, ജീരകം സവാള, പച്ചമുളക് എന്നിവ ആവശ്യത്തിന് ഉപ്പ്  ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം.

അധികം പുളിയില്ലാത്ത തൈരും നീളത്തിൽ അരിഞ്ഞ തക്കാളിയും മല്ലിയിലയും ചേർത്ത് വഴറ്റുക. ആവശ്യമെങ്കിൽ നെയ്യ് ചേർക്കാം. ഇതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന അരിയും ചെറുപയറും ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഉപ്പും നാരങ്ങാനീരും മഞ്ഞൾപ്പൊടിയും ചേർക്കാം. ഇതിലേക്ക് 5 കപ്പ് ചൂട് വെള്ളവും ചേർത്ത് വേവിച്ച് എടുക്കാം. വെള്ളം നന്നായി വറ്റിയ ശേഷം വാങ്ങാം. 

വറത്തു വച്ചിരിക്കുന്ന സവാള, കശുവണ്ടിപ്പരിപ്പ് എന്നിവ കൊണ്ട് അലങ്കരിച്ച് വിളമ്പാം.

English Summary: Green gram Biriyani