വെണ്ടയ്ക്ക കൊണ്ട് രുചികരമായ മോര്  കറി തയാറാക്കി നോക്കൂ. വ്യത്യസ്തമായി എളുപ്പത്തിൽ തയാറാക്കാവുന്ന കറിയാണിത്.

ചേരുവകൾ  

1. വെണ്ടയ്ക്ക   – 5  എണ്ണം   ഒരിഞ്ചു നീളത്തിൽ അരിഞ്ഞത് 
2. വെളിച്ചെണ്ണ   – ഒരു  ടീസ്പൂൺ 
3. ഉപ്പ്‌               –    ആവശ്യത്തിന് 
4. തൈര്   2 കപ്പ്‌ (കട്ടയില്ലാതെ അടിച്ചെടുത്തത്)
5. തേങ്ങ ചിരകിയത് – 2 പിടി 
6. പച്ചമുളക്   – 2 എണ്ണം
7. മഞ്ഞൾപ്പൊടി  – അര ടീസ്പൂൺ 
8. ജീരകം  – ഒരു  ടീസ്പൂൺ 
9. വെള്ളം  –  ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ഒരു  പാനിൽ  വെളിച്ചെണ്ണ  ചൂടായി വരുമ്പോൾ വെണ്ടയ്ക്ക അതിലിട്ട് അൽപ്പം ഉപ്പ് കൂടി ചേർത്ത് വറുത്തെടുത്തു മാറ്റി വയ്ക്കുക. വെണ്ടയ്ക്കയുടെ വഴുവഴുപ്പ് മാറാനാണ് ഇങ്ങനെ ചെയ്യുന്നത്. മിക്സിയുടെ ജാറിൽ തേങ്ങ ചിരകിയതും പച്ചമുളക്, മഞ്ഞൾപൊടി, ജീരകം എന്നിവ ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ അരപ്പ് തൈരിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 

വറുത്തിടാൻ  ആവശ്യമുള്ള ചേരുവകൾ 

1.വെളിച്ചെണ്ണ  – ഒരു  ടേബിൾ സ്പൂൺ
2.കടുക് –  ഒരു  ടീസ്പൂൺ
3.വറ്റൽ മുളക് –  2 എണ്ണം
4. കറിവേപ്പില – 1 തണ്ട് 

വെളിച്ചെണ്ണയിൽ മുകളിൽ കൊടുത്തിരിക്കുന്ന സാധനങ്ങൾ താളിച്ചു അതിലേക്ക് വറുത്തെടുത്ത വെണ്ടക്കയും  അരപ്പും ഉപ്പും കൂടി ചേർത്ത് ചെറുതീയിലിട്ട് ഒരു മിനിറ്റ് തിളപ്പിക്കുക. വെണ്ടയ്ക്ക മോര് കറി തയാർ. 

English Summary: Vendakka Moru Curry, Okra Buttermilk Curry